Showing posts with label Composition Techniques. Show all posts
Showing posts with label Composition Techniques. Show all posts

Sunday, May 1, 2011

Shadow Photography ( നിഴലുകളുടെ ചിത്രങ്ങള്‍‌ )

നിഴലുകളുടെ ചിത്രങ്ങള്‍‌ എന്നു മാത്രമെഴുതാതെ Shadow Photography എന്നുകൂടി എഴുതിയത് പ്രതിഫലനം (Reflection) അല്ലെങ്കില്‍ നിഴല്‍‌ ചിത്രങ്ങള്‍‌ എന്ന് മലയാളത്തില്‍‌ ആലങ്കാരികമായി പറയപ്പെടുന്ന Silhouette Images എന്നിവയുമായി തെറ്റിധരിക്കപ്പെടാന്‍ ഇടയുള്ളതു കൊണ്ടാണ്‌.

സുതാര്യമല്ലാത്ത ഒരു വസ്തുവില്‍‌ പ്രകാശം പതിയ്ക്കുമ്പോളാണ്‌ നിഴല്‍‌ രൂപപ്പെടുന്നത് എന്നറിയാമല്ലോ, ഈ നിഴലുകളെ എങ്ങിനെയൊക്കെ ചിത്രങ്ങളില്‍‌ ഉപയോഗിക്കാമെന്നു നോക്കാം.

ശക്തമായ കമ്പോസിഷനുകളെ ചിത്രത്തില്‍‌ ഉള്‍പ്പെടുത്താനുള്ള എളുപ്പവഴിയാണ്‌ നിഴലുകളേക്കൂടി ചിത്രത്തില്‍‌ ഉള്‍പ്പെടുത്തുക എന്നത്.

ഫോട്ടോഗ്രാഫര്‍‌ : Luke

മുകളില്‍‌ കൊടുത്തിരിക്കുന്ന ചിത്രത്തില്‍‌ ഫോട്ടോഗ്രാഫര്‍‌ എത്ര മനോഹരമായാണ്‌ മറ്റൊരു വസ്തുവിന്റെ നിഴല്‍‌ ഉപയോഗിച്ച് ബാലന്‍‌സ് കൊണ്ടുവന്നിരിക്കുന്നതെന്ന്‌ നോക്കൂ.ഇതില്‍‌ മറ്റൊരു വസ്തുവിന്റെ നിഴലാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍‌ പ്രധാന സബ്ജക്റ്റിന്റെ നിഴല്‍‌ തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫര്‍‌ : Stephanie Flores

പ്രകാശസ്രോതസ്സും നിഴലും തമ്മിലുള്ള ബന്ധം കൂടി ഫോട്ടോഗ്രാഫര്‍‌ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്‌. പ്രകാശ സ്രോതസ്സ് ഉയര്‍‌ന്ന കോണിലാണെങ്കില്‍ നിഴലിന്റെ നീളം കുറയും, താഴ്ന്ന കോണിലാണെങ്കില്‍ നിഴലിന്റെ നീളം കൂടും എന്ന കാര്യവും ഓര്‍ക്കുക.ഉച്ചസമയത്ത് നമ്മളുടെ നിഴലിന്റെ നീളം കുറവായിരിക്കും എന്നതും രാവിലേയോ വൈകീട്ടോ ഉള്ള സൂര്യപ്രകാശത്തില്‍‌ നിഴലിന്റെ നീളം കൂടുതലായിരിക്കും എന്നതും എല്ലാവര്‍‌ക്കും അറിവുള്ള കാര്യമാണല്ലോ. ഈ അടിസ്ഥാന തത്വം പുറമേയുള്ള ചിത്രങ്ങളെടുക്കാന്‍ സമയം തിരഞ്ഞെടുക്കുന്നതില്‍‌ പ്രയോജനപ്പെടുത്തുക. താഴെയുള്ള രണ്ട് ചിത്രങ്ങളും നോക്കൂ....

ഫോട്ടോഗ്രാഫര്‍‌ :The Real Estreya
രാവിലെയോ വൈകീട്ടോ ഉള്ള വെളിച്ചത്തെ വേണ്ടവിധത്തില്‍‌ ഉപയോഗിക്കുകയാണെങ്കില്‍‌ നിഴലുകളെ ലീഡ് ലൈനുകളായി ചിത്രത്തില്‍‌ ഉപയോഗിക്കാന്‍‌ സാധിക്കും.

ഫോട്ടോഗ്രാഫര്‍‌ : Majed
ചിത്രങ്ങളെടുക്കുവാന്‍ സാധാരണ ഒഴിവാക്കാന്‍‌ ശ്രമിക്കുന്ന ഉച്ചസമയം നിഴലുകളുടെ ചിത്രങ്ങളെടുക്കുവാന്‍‌ നല്ലതാണെന്ന കാര്യം മറക്കാതിരിക്കുക. ഉച്ച സമയത്ത് വളരെ ഹാര്‍‌ഷ് ആയ പ്രകാശം ആയിരിക്കുമെന്നതിനാല്‍‌ എക്സ്പോഷര്‍‌ ക്രമീകരിക്കുന്നതില്‍‌ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്‌.

പലപ്പോഴും നിഴലുകള്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രങ്ങളില്‍‌ ഭൂരിഭാഗത്തിലും ഒരു black and white ചിത്രം ഒളിഞ്ഞിരിപ്പുണ്ടാകും.

ഫോട്ടോഗ്രാഫര്‍‌ : Rene1956

ലഭ്യമായിട്ടുള്ള ലൈനുകളും, ഫ്രെയിമും, ടെക്സ്ചറുകളുമെല്ലാം ഭംഗിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നത് നോക്കൂ,

ഫോട്ടോഗ്രാഫര്‍‌ : FotoBob#

നിഴലുകളുപയോഗിച്ച് ക്രിയേറ്റീവ് ആയി എങ്ങനെ ചിത്രങ്ങളെടുക്കാം എന്നതിന്റെ സാധ്യതകളെക്കുറിച്ചും ചിന്തിക്കുക.

ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം

ഒരു സബ്ജക്റ്റും അതിന്റെ നിഴലും കൂടിയുള്ള ചിത്രം പകര്‍ത്തുമ്പോള്‍‌ നിഴല്‍ പൂര്‍‌ണ്ണമായും ഫ്രെയിമിനുള്ളില്‍‌ തന്നെയായിരിക്കാന്‍‌ ശ്രദ്ധിക്കുക.

ഫോട്ടോഗ്രാഫര്‍‌ : Arturp

നമ്മുടെ ചുറ്റുപാടും നിത്യജീവിതത്തില്‍‌ ശ്രദ്ധിക്കാതെ പോകുന്ന അനവധി നിഴലുകള്‍‌....ഒരല്‍‌പ്പം ശ്രദ്ധിച്ചു ചുറ്റും നോക്കിയാല്‍ തന്നെ മനോഹരമായ അനവധി നിഴലുകള്‍‌ കാണാന്‍‌ കഴിയും.


കൃത്യമായ ടൈമിങ്ങിലൂടെ ചിത്രീകരിച്ച മനോഹരമായ ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍‌ ആരാണെന്ന് വ്യക്തമല്ല, ഏതാണ്ട് 71ല്‍ അധികം സൈറ്റുകളില്‍‌ ഈ ചിത്രം കാണുന്നുണ്ട്. ഫോട്ടോഷോപ്പ് വര്‍ക്കാണോ എന്നു വരെ തോന്നിപ്പിക്കുന്ന ചിത്രം, എങ്കിലും ഇത് കൃത്യമായ ടൈമിങ്ങിലുള്ള ക്ലിക്ക് ആയാണ്‌ എനിക്ക് തോന്നിയത്, ഫോട്ടോഷോപ്പാണെങ്കില്‍‌ ഇത് സൃഷ്ടിച്ചവന്റെ ക്രിയേറ്റിവിറ്റി അപാരം!!

നിഴലുകളുടെ ചിത്രങ്ങളെടുക്കാന്‍ തിരെഞ്ഞെടുക്കുന്ന ആംഗിളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌, നമ്മള്‍‌ ഉദ്ദേശിക്കുന്ന പാറ്റേണ്‍‌ ഫോട്ടോയില്‍ ലഭിക്കാനാവശ്യമായ ആംഗിള്‍‌ തന്നെ തിരെഞ്ഞെടുക്കുക.


നാഷണല്‍‌ ജിയോഗ്രാഫിക്കില്‍‌ പ്രസീദ്ധീകരിച്ച പ്രശസ്തമായ ഈ ചിത്രം നോക്കൂ, ഫോട്ടോഗ്രാഫര്‍‌ സ്വീകരിച്ച ഉയര്‍‌ന്ന ആംഗിള്‍‌ ഈ ചിത്രത്തെ എത്രത്തോളം മനോഹരമാക്കി എന്ന് പറയേണ്ടതില്ലല്ലോ, എന്നു കരുതി ഇങ്ങനെയുള്ള ഫോട്ടോ എടുക്കാന്‍ വിമാനത്തില്‍‌ കയറി പോകണമെന്നല്ല..ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ മറ്റ് ഉയര്‍‌ന്ന സ്ഥലങ്ങളില്‍ നിന്നോ ഈ ആംഗിള്‍‌ സാധ്യമാണ്‌.

ഫോട്ടോഗ്രാഫര്‍‌ : HogsvilleBrit

ഇങ്ങനെ നിഴല്‍‌ ചിത്രങ്ങള്‍‌ പകര്‍‌ത്തുമ്പോള്‍‌ ഓര്‍‌ത്തിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് നമ്മുടെ നിഴല്‍ ആ ഫോട്ടോയില്‍ ആവശ്യമാണോ അല്ലയോ എന്നത്...അതു കൊണ്ട് ശ്രദ്ധാപൂര്‍‌വ്വം ഒരു പൊസിഷന്‍‌ തിരഞ്ഞെടുക്കുക..

ഫോട്ടോഗ്രാഫര്‍‌ : Steven wolf
ഇതു വരെ അത്രയൊന്നും ശ്രദ്ധിക്കാത്ത നിഴലുകളെ ഒന്നു സൂക്ഷിച്ചു നോക്കൂ ഒരു പാട് ചിത്രങ്ങള്‍ അതിലെല്ലാം ഒളിച്ചിരിക്കുന്നത് കാണാം...

Happy Shooting !!

സ്നേഹപൂര്‍‌വ്വം ,



കുറിപ്പ് : ഈ മാസത്തെ മല്‍സര വിഷയമായ " നിഴല്‍‌ - Shadow " എന്ന വിഷയത്തില്‍‌ മുകളില്‍‌ പറഞ്ഞതു പോലെ നിഴലുകള്‍‌ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്, അല്ലാതെ പ്രതിബിമ്പം(Reflection), silhoutte എന്നിവയല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Wednesday, March 30, 2011

പൂക്കളുടെ ചിത്രങ്ങൾ - ചില ടിപ്പുകൾ Composition Techniques

ഏപ്രിൽ മാസത്തെ ഫോട്ടോ മത്സരത്തിന്റെ വിഷയമായി നൽകിയിരിക്കുന്നത് "പൂക്കൾ" എന്ന സബ്ജക്റ്റാണല്ലോ. ക്യാമറ കൈയ്യിൽകിട്ടിയതിനുശേഷം ഒരു പൂവിന്റെയെങ്കിലും ഫോട്ടോ എടുത്തുനോക്കാത്തവരായി ഇതുവായിക്കുന്നവരിൽ ആരും ഉണ്ടാവുമെന്നുതോന്നുന്നില്ല. പൂക്കളുടെ ഭംഗിയും വൈവിധ്യവും മാത്രമല്ല ഇതിനു കാരണം. പ്രകൃതി അവയ്ക്കു നൽകിയിരിക്കുന്ന ദൃശ്യഭംഗി അപാരമാണെന്നതും, മനുഷ്യരുൾപ്പടെ ജീവജാലങ്ങളെ ആകർഷിക്കുവാൻ പോന്ന ഒരു പോസിറ്റീവ് എനർജി അവയിലുണ്ട് എന്നതും, ഒരു ഫോട്ടോഗ്രാഫടെ സംബന്ധിച്ചിടത്തോളം എവിടെയും കണ്ടെത്താവുന്ന ഒരു സബ്ജക്റ്റാണു പൂക്കൾ എന്നതും പൂക്കളെ സബ്ജക്റ്റ് ആക്കുവാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൂക്കളുടെ നല്ല ചിത്രങ്ങൾ എടുക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്നത്ര എളുപ്പമല്ല. പൂക്കളുടെ നല്ല ചിത്രങ്ങൾ എടുക്കുവാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില നുറുങ്ങുകൾ പങ്കുവയ്ക്കുകയാണ് ഈ പോസ്റ്റിൽ. മത്സരത്തിനുള്ള നിബന്ധനകളോ നിർദ്ദേശങ്ങളോ അല്ല ഈ പോസ്റ്റിൽ പറയുന്നതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ.

1. ഇളംവെയിൽ ഉപയോഗപ്പെടുത്തുക:

പൂകളുടെ നല്ല ചിത്രങ്ങൾ എടുക്കാനാഗ്രഹിക്കുന്നവർ നന്നേ പുലർച്ചയ്ക്കു തന്നെ എഴുനേൽക്കുക. ഇളംവെയിലുള്ളപ്പോൾ തന്നെ പൂക്കളുടെ ഫോട്ടോയെടൂക്കാൻ തുടങ്ങുക. ഈ പറഞ്ഞ ടിപ്പിനു പിന്നിൽ പലകാരണങ്ങളുണ്ട്. പുലർച്ചയ്ക്കു പൂക്കൾ വളരെ ഫ്രഷ് ആയിരിക്കും. ഈ സമയത്ത് തുഷാരത്തുള്ളികളും പൂക്കളിലുണ്ടാവാനുള്ള സാധ്യത വളരെയധികമാണ്. അത് ചിത്രത്തിന്റെ ഭംഗികൂട്ടും എന്നത് നിസ്തർക്കമായ കാര്യമാണല്ലോ! പുലർകാലത്തെ ചെരിഞ്ഞ വെയിൽ ചിത്രങ്ങൾക്ക് നല്ല ലൈറ്റിംഗ് സപ്പോർട്ട് തരാൻ പാകത്തിലുള്ളതാണ്. ചില സന്ദർഭങ്ങളിൽ ബാക്ക്‌ലിറ്റ് ആയ പൂക്കളോ ഇലകളോ ഫ്രെയിമിൽ ഉൾപ്പെടുത്തുകയുമാവാം. അവസാനമായി, ഈ സമയത്ത് കാറ്റ് അധികമുണ്ടാവാനിടയില്ല എന്നത് ഒരു വലിയ അഡ്വാന്റേജ് ആണ്. ഇളംകാറ്റിൽ നൃത്തംവയ്ക്കുന്ന കുഞ്ഞുപൂക്കൾ കണ്ണിനുനല്ലൊരു വിരുന്നാണെങ്കിലും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിടത്തോളം ഒരു വലിയ ശല്യമാണ്. മനോഹരമായ പല പൂക്കളുടെ ചിത്രങ്ങളും 'ബ്ലർ' ആയിപ്പോകുവാനുള്ള ഒരു കാരണം
ഇതാണ്.

2. വെള്ളത്തുള്ളികളും തുഷാരവും:

പൂക്കളുമായി വളരെ ഇണങ്ങുന്ന ഒന്നാണ് അവയിൽ പറ്റിപ്പിടിച്ചീരിക്കുന്ന ജലകണങ്ങൾ. ഈ വെള്ളത്തുള്ളികളെ ഷാർപ്പായി ഫോക്കസിൽ ആക്കുന്നത് പൂ ചിത്രങ്ങളുടെ ഭംഗി വർദ്ധിപ്പിക്കും. മുകളിൽ പറഞ്ഞ അതിരാവിലെയുള്ള ഫോട്ടോഗ്രാഫി ഇതിന്റെ ഒരു അവശ്യഘടകമാണ് എന്നറിയാമല്ലോ. മഴയ്ക്കു ശേഷമുള്ള ചിത്രങ്ങളിലും ഇതുബാധകം

Appu


Dethan Punalur

3.  സൂര്യപ്രകാശം ഫലപ്രദമായി ഉപയോഗിക്കാം:

നേരെ പൂക്കളിലേക്ക് സൂര്യപ്രകാശം വീഴുമ്പോഴും, ഉച്ചസമയത്തും മറ്റും പൂക്കളുടെ ചിത്രം എടുക്കാൻ ശ്രമിക്കരുത്. ഇത്തരം ലൈറ്റിംഗിൽ നമ്മുടെ കണ്ണുകൾ പൂക്കളെ വളരെ മനോഹരമായാണു കാണുന്നതെങ്കിലും പൊതുവേനോക്കിയാൽ ഡിജിറ്റൽ ക്യാമറകൾ ഈ ലൈറ്റിംഗിൽ പൂക്കളെ അത്ര നന്നായി പകർത്തുകയില്ല എന്നുകാണാം. മാത്രവുമല്ല മിക്കവാറും അവസരങ്ങളിൽ ഓവർ എക്സ്പോസ്ഡ് ആയിട്ടാവും ഇത്തരം ലൈറ്റിംഗിൽ പൂവുകളുടെ ചിത്രങ്ങൾ ലഭിക്കുക. അല്ലെങ്കിൽ പൂവിന്റെ ചിലഭാഗങ്ങൾ വളരെ ഇരുണ്ടനിഴലുകളായും സൂര്യപ്രകാശം വീഴുന്ന ഭാഗങ്ങൾ ഓവർ എക്സ്പോസ് ആയും കാണപ്പെട്ടേക്കാം. നേരെമറിച്ച്, ആകാശം മേഘാവൃതമായിരിക്കുമ്പോഴും, പൂക്കൾ തണലിൽ നിൽക്കുമ്പോഴുമൊക്കെ നല്ല രസകരമായ ചിത്രങ്ങളും, ബ്രൈറ്റായ നിറങ്ങളും ഡിജിറ്റൽ ചിത്രങ്ങളിൽ ലഭിക്കും. ലൈറ്റിംഗും അത്തരം അവസരങ്ങളിൽ വളരെ നന്നായിരിക്കും. പൂവിലേക്ക് നേരിട്ട് വെയിൽ പതിക്കുന്നുണ്ടെങ്കിൽ ഒരു വെള്ളപ്പേപ്പറോ സുത്യാര്യമല്ലാത്ത ഒരു പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിച്ച് ഡിഫ്യൂസ് ലൈറ്റ് ഉണ്ടാക്കിയെടുക്കാം. നിഴലിൽ നിൽക്കുന്ന പൂക്കളിലേക്ക് ൽ മറ്റൊരു റിഫ്ലക്റ്ററോ, വെള്ളപ്പേപ്പറോ ഉപയോഗിച്ച് ഡിഫ്യൂസ് ആയ സൂര്യപ്രകാശം പ്രതിഫലിപ്പിച്ചു നോക്കൂ. 

നേരിട്ട് സൂര്യപ്രകാശം ലഭിക്കുമ്പോൾ പൂക്കളുടെ ചിത്രം എടുക്കണമെങ്കിൽ ഒരു പോളറൈസിംഗ് ഫിൽറ്റർ ഉപയോഗിക്കാം. പൂവ് നല്ല വെയിലിലും, ബാക്ക്‌ ഗ്രണ്ട് അത്രത്തോളം വെയിലിലും അല്ല എന്നിരിക്കട്ടെ. പൂവിനെ സ്പോട്ട് മീറ്ററിംഗ് ചെയ്തനോക്കൂ. ബാക്ക്ഗ്രൗണ്ട് അപ്പാടെ ഇരുണ്ട് പോവുന്നതായി കാണാം.


Dethan Punalur

Vinayan - smrithijalakam 

ഫോട്ടോഷോപ്പ് ഉപയോഗിക്കാതെതന്നെ ഇരുണ്ട പശ്ചാത്തലം വരുത്തുവാനുള്ള ഒരു വിദ്യയാണിത്. ഇതേ വിദ്യ തിരിച്ചും പ്രയോഗിക്കാം. പൂവിനെ നല്ല തെളിച്ചമുള്ള ഒരു ബാക്ക്ഗ്രണ്ടിലേക്ക് പിടിക്കൂ (ഉദാഹരണം ബ്രൈറ്റായ ആകാശം ഉച്ചസമയം) ഇപ്പോൾ പൂവിനെ സ്പോട്ട് മീറ്ററിംഗ് ചെയ്തുനോക്കൂ. വളരെ നാച്ചുറലായി ബാക്ക്ഗ്രൗണ്ട് ഓവർ എക്സ്പോസ് ആയി വെളുത്തുപോകും.

Sreelal


പൂക്കളെ പിന്നിൽ നിന്ന് പ്രകാശിപ്പിക്കുവാൻ ഉപയോഗിക്കാം (back-lit) സൂര്യപ്രകാശത്തെ വളരെ ഫലപ്രദമായി

Appu

4. ട്രൈപ്പോഡ് ഉപയോഗിക്കുക:

പൂക്കളുടെ ചിത്രങ്ങളിൽ ഫോട്ടോഗ്രാഫർ സബ്ജക്റ്റുമായി വളരെ അടുത്തായതിനാൽ "Camera shake" വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും വെളിച്ചക്കുറവുള്ള അവസരമാണെങ്കിൽ കുറഞ്ഞ ഷട്ടർസ്പീഡും ഉപയോഗിക്കേണ്ടിവന്നേക്കാം. പൂവിന്റെ ചിത്രമെടുക്കാൻ ഒരുങ്ങുന്നവർ ഒരു ട്രൈപ്പോഡ് ഉപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. മാത്രവുമല്ല ശ്രദ്ധയോടെ ഫ്രെയിം കമ്പോസ് ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും.

5. കുറഞ്ഞ ISO സെറ്റിംഗ്:

പുക്കളുടെ ചിത്രം എടുക്കുമ്പോൾ ഉയർന്ന ISO സെറ്റിംഗുകൾ ഉപയോഗിക്കാതിരിക്കൂ. വളരെയധികം നോയിസ് ഇത്തരം ചിത്രങ്ങളിൽ ഉണ്ടാവുന്നത് ഒട്ടും നന്നല്ല എന്നറിയാമല്ലോ. നോയിസ് വളരെപ്പെട്ടന്ന് കാണികളുടെ ശ്രദ്ധയിൽ പെടുകയും ചെയ്യും.

6. മാക്രോ ചിത്രങ്ങൾ:

പൂക്കളുടെ മാക്രോ ചിത്രങ്ങൾ എടുത്തുനോക്കൂ. സാധാരണനോട്ടത്തിൽ നമ്മുടെ കണ്ണിൽ പതിയാത്ത ഒട്ടനവധി പ്രത്യേകതകളും നിറങ്ങളും പൂക്കളുടെ മാക്രോഫോട്ടോകൾ വെളിച്ചത്തുകൊണ്ടുവരും.



നമ്മുടെ കണ്ണുകളിൽ പെടാൻ തക്ക വലിപ്പമില്ലാത്ത കുഞ്ഞുപൂക്കളുടെ ഒരു വലിയലോകം തന്നെ നമുക്ക് ചുറ്റും പ്രകൃതിഒരുക്കിയിട്ടുണ്ട്. ഒരു മാക്രോലെൻസ് ഉപയോഗിച്ച് ഈ കുഞ്ഞിപ്പൂക്കളുടെ ചിത്രങ്ങൾ എടുത്തുനോക്കൂ - നിങ്ങൾ തന്നെ അതിശയിച്ചുപോകും! അത്രയ്കുണ്ട് അവയുടെ വൈവിധ്യം.



Dethan Punalur

ഹൈറെസലൂഷൻ ക്യാമറകൾ ഉള്ളവർക്ക് കുഞ്ഞുപൂക്കളുടെ ചിത്രങ്ങൾ ക്രോപ്പിംഗ് വഴിയും എടുക്കാം - പക്ഷേ മാക്രോലെൻസ് നൽകുന്ന ചിത്രങ്ങളുടെ ഡീറ്റയിൽസ് പ്രതീക്ഷിക്കേണ്ട. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉള്ളവർക്കും കൊച്ചൂപൂക്കളുടെ നല്ല ക്ലോസ് അപ് ചിത്രങ്ങൾ എടുക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. ടൈപ്പോഡ് ഉപയോഗിക്കണം എന്നുമാതം.

മാക്രോലെൻസുകളും SLR ക്യാമറകളും ഉള്ളവർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു വിദ്യയാണ് ഒരു വെള്ളത്തുള്ളിയുടെ ഉള്ളിൽകൂടി കാണപ്പെടുന്ന ബാക്ക്‌ഗ്രൗണ്ടിലുള്ള പൂവിന്റെ ചിത്രം. വെള്ളത്തുള്ളികളെ കൃത്രിമമായി ഒരു പ്രതലത്തിൽ ഉണ്ടാക്കിയും ഇത്തരം ചിത്രങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇവിടെയും ട്രൈപ്പോഡ് ഉപയോഗിക്കണം എന്നു വീണ്ടും വീണ്ടും പറയട്ടെ.

7. Depth of field:

ഡെപ്ത് ഓഫ് ഫീൽഡ് നന്നേകുറച്ച് എടുക്കുന്നത് ബാക്‌ഗ്രൗണ്ടിലുള്ള ഡിസ്ട്രാക്ഷനുകളെ ഒഴിവാക്കാനുള്ള നല്ല ഒരു മാർഗ്ഗമാണ്. പൂക്കളുടെ ചിത്രങ്ങളിൽ പ്രത്യേകിച്ചു ഈ വിദ്യ നന്നായി ഇണങ്ങും. 

Dipin Soman

SLR ക്യാമറ ഉപയോഗിക്കുന്നവർ കുറഞ്ഞ അപ്പർച്ചർ നമ്പറുകൾ ഉപയോഗിക്കുക, ഒപ്പം ലെൻസ് അനുവദിക്കുന്ന പരമാവധി സൂമും ഉപയോഗിക്കാം. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിക്കുന്നവർ, ക്യാമറയിലെ ക്ലോസ് അപ് മോഡ് ഉപയോഗിക്കുക. അല്ലെങ്കിൽ മാക്സിമം ഓപ്റ്റിക്കൽ സും ഉപയോഗിച്ച് പൂവിന്റെ ഒരു ക്ലോസ് അപ് ഫ്രെയിം കമ്പോസ് ചെയ്യുക. ബാക്‌ഗ്രണ്ട് ബ്ലർ ആയിക്കിട്ടും. ബാക്ക്‌ഗ്രൗണ്ട് ബ്ലർ ചെയ്യുമ്പോൾ പൂവിന്റെ നിറം എടുത്തുകാണിക്കുന്ന പശ്ചാത്തല നിറങ്ങൾകൂടീ കിട്ടുവാൻ ശ്രദ്ധിച്ചാൽ നന്ന്. മറിച്ച് ഒരു കൂട്ടം പൂക്കളുടെ ചിത്രമാണ് എടുക്കുന്നതെങ്കിൽ കുറേക്കൂടി വൈഡ് ആയ ഡെപ്ത് ഓഫ് ഫീൽഡ് ആവും ഇണങ്ങുക

8. Abstract photos:

പൂവിന്റെ എല്ലാഭാഗങ്ങളും ക്രിസ്റ്റൽക്ലിയർ ഫോക്കസിൽ ആവണം എന്ന നിർബന്ധമൊന്നും വേണ്ട. ചില ചിത്രങ്ങളിൽ പൂവിന്റെ ഒരു ഭാഗം മാത്രം ഫോക്കസിലായാൽ പോലും അതൊരു നല്ല ചിത്രമായിരിക്കും. സന്ദർഭങ്ങൾക്കനുസരിച്ച് ചിന്തിക്കുക. ചില ചിത്രങ്ങളിൽ പൂവിന്റെ ഒരു ഭാഗം മാത്രം മതിയാവും നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം പറയുവാൻ. താഴെക്കാണുന്ന ആബ്‌സ്ട്രാക്റ്റ് ചിത്രം നോക്കൂ. 


Pullippuli - Sameer 

9. വൈറ്റ് ബാലൻസ്:

പൂക്കളുടെ ക്ലോസ് അപ് ചിത്രങ്ങളിൽ ഡിജിറ്റൽ ക്യാമറയെ ഓട്ടോവൈറ്റ് ബാലൻസ് സെറ്റിംഗ് ചിലപ്പോൾ കൺഫ്യൂഷനിൽ ആക്കിയേക്കാം. ഇതൊഴിവാക്കാനായി നിങ്ങൾ ഫോട്ടോയെടുക്കുന്ന രംഗത്തെ ലൈറ്റിംഗ് അനുസരിച്ച് അനുയോജ്യമായ വൈറ്റ് ബാലൻസ് ക്യാമറയിൽ സെറ്റ് ചെയ്യൂ. വെയിലുള്ളപ്പോഴും, അല്പം നിഴലിൽ ആണെങ്കിലും സൺലൈറ്റ് വൈറ്റ്ബാലൻസ് ഉപയോഗിക്കാം. ഇൻഡൊർ ഫോട്ടോയാണെങ്കിൽ ഉപയോഗിക്കുന്ന ലൈറ്റിനനുസരിച്ച് ടംഗ്‌സ്റ്റൺ, ഫ്ലൂറസെന്റ് എന്നീ സെറ്റിംഗുകൾ ഉപയോഗിക്കാം. SLR ക്യാമറ ഉപയോഗിക്കുന്നവർക്ക് മാനുവൽ വൈറ്റ് ബാലൻസും പരീക്ഷിക്കാം. വൈറ്റ് ബാലൻസ് തെറ്റായി സെറ്റ് ചെയ്ത് ചിത്രം എടുത്തുനോക്കൂ! വളരെ ഡ്രമാറ്റിക് ആയ നിറങ്ങൾ പൂക്കളുടെ ചിത്രങ്ങളിൽ കൊണ്ടുവരാനായേക്കും. (ഇത് ഈ മത്സരത്തിൽ അനുവദനീയമല്ല കേട്ടോ).

10. പൂക്കളോടൊപ്പം ജീവികളും:

നല്ല ഒരു പൂവ് കണ്ടാൽ അതിന്റെ ഒരു ചിത്രം മാത്രം എടുത്തിട്ട് പോകാൻ വരട്ടെ. പല കമ്പോസിഷനുകൾ പരീക്ഷിക്കൂ. പല ആംഗിളുകൾ, ബാക്ക്ഗ്രണ്ടിലെ മാറ്റങ്ങൾ, മുകളിൽ നിന്നും താഴെനിന്നും വശങ്ങളിൽ നിന്നുമൊക്കെയുള്ള പെർസ്പെക്റ്റീവുകൾ ഇതൊക്കെ പരീക്ഷിക്കാം. ഒരു വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന പൂക്കളാണെങ്കിൽ ആവശത്തേക്ക് കൂടുതൽ സ്ഥലം നൽകി കമ്പോസ് ചെയ്യൂ. ഒപ്പം ഉള്ള ഇലകളേയോ, മൊട്ടുകളേയോ ഒക്കെ ഫ്രെയിമിൽ ഉൾപ്പെടൂത്താം. കുറച്ചുകൂടി ക്ഷമയോടെ വെയിറ്റ് ചെയ്താൽ ഒരു പക്ഷേ ആ പൂവിലേക്ക് വരുന്ന ഒരു തേനീച്ചയേയോ ശലഭത്തേയോ ഒക്കെ ഫ്രെയിമിൽ ഉൾപ്പെടുത്താം. അത് ചിത്രത്തിന്റെ ഭംഗി കൂട്ടുകയേ ഉള്ളൂ. 

Appu

ആ പൂവിൽ നിങ്ങളുടെ കണ്ണുകളെ ആകർഷിച്ച വസ്തുത എന്ത് എന്ന് നിരീക്ഷിക്കൂ. അതിന്റെ ഡീറ്റെയിൽസ് മാത്രം ക്ലോസ് അപ് ആയി പകർത്തി നോക്കൂ. ഒരു കാര്യം പറയട്ടെ, ഒരു ചിത്രം എടുത്തിട്ട് ക്രോപ്പ് ചെയ്ത് ഇപ്പറഞ്ഞകാര്യങ്ങളൊക്കെ ചെയ്യാം എന്നു വിചാരിക്കുന്നത് വെറുതെയാണ്. അവസരം നഷ്ടമായാൽ പിന്നെ വീണ്ടും ആ ചിത്രം എടുക്കുവാൻ കഴിഞ്ഞെന്നു വരില്ല.

11. ഡിസ്ട്രാക്ഷനുകൾ:

ഒരു പൂവിന്റെ ചിത്രത്തെ മോശമാക്കാൻ പോന്ന കാര്യങ്ങൾ ഫ്രെയിമിൽ കണ്ടേക്കാം. ഉണങ്ങീയ ഇലകൾ, സമീപത്തുള്ള ചെടികളുടെ ഭാഗങ്ങൾ. ഇതൊക്കെ കണ്ടാൽ ചിത്രമെടുക്കുന്നതിനു മുമ്പ് അതൊക്കെ ക്ലിയർ ചെയ്തിട്ട് എടുത്താൽ മതിയാവും.

12 കാട്ടുപൂക്കളും ഒറ്റപ്പെട്ടപൂക്കളും:

 ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുനിൽക്കുന്ന ചെടികളും അവയുടെ ഇടയിൽ നിന്നുവരുന്ന പൂക്കളും നല്ല ചിത്രങ്ങൾക്ക് വിഷയമാവാം. നാട്ടിൻപുറത്ത് ജീവിക്കുന്നവർക്കറിയാം പഴയ ഓടിന്റെയും ഇഷ്ടികയുടെയും ഒക്കെ ഇടയിൽ നിന്ന് തലപൊക്കുന്ന ചെടികളൂം അവയുടെ ഒറ്റപ്പൂക്കളും. അത്തരം കാഴ്ചകളെ നല്ല ഫ്രെയിമുകളാക്കി മാറ്റാം എന്തിനേറെ ഉങ്ങങ്ങിയപൂക്കളോ, പൊഴിഞ്ഞുവീണ പൂക്കൾ പോലുമോ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് നല്ല ചിത്രങ്ങളാക്കിമാറ്റാം.

Dipin Soman

13. വ്യത്യസ്ത ആംഗിളുകൾ:

പൂക്കളുടെ ചിത്രങ്ങൾ എപോഴും നാം കാണുന്ന രീതിയിൽ മുകളിൽ നിന്നു തന്നെയാവണം എന്നില്ല. താഴെ ഇരുന്നുകൊണ്ട് വളരെ ലോ ആയ ഒരു ആംഗിൾ പരീക്ഷിച്ചുനോക്കൂ. ആകാശത്തെ ബാക്ക്‌ഗ്രൗണ്ട് ആക്കി പൂക്കൾ മുകളിലും ക്യാമറ താഴെയും എന്ന രീതിയിലുള്ള ആംഗിൾ പരീക്ഷിക്കാം.

14. ഇന്റോർ ചിത്രങ്ങൾ:

അല്പം ശ്രദ്ധിച്ചാൽ ഇൻഡോർ പൂക്കളുടെ ചിത്രങ്ങളും വളരെ നന്നായി എടുക്കുവാൻ സാധിക്കും. ബൗൺസ് ചെയ്ത ഫ്ലാഷ് ഉപയോഗിചോ ഒരു ഡിഫ്യൂസർ ബോക്സ് ഉപയോഗിച്ചോ ആകർഷകമായ  നല്ല ചിത്രങ്ങൾ എടുക്കാം.


Pullippuli - Sameer
15. ബ്ലാക്ക് ആന്റ് വൈറ്റ്:

പൂക്കളുടെ ചിത്രങ്ങൾ എപ്പോഴും കളറിൽ തന്നെ വേണം എന്നുണ്ടോ? ഇല്ലേയില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പൂവിന്റെയുള്ളിലെ ആകൃതികളും സിമ്മെട്രിയുമൊക്കെ വെളീവാക്കാൻ നന്നായി സഹായിക്കും. വലിയ പൂവിതളുകളുടെ ക്ലോസ് അപ്പുകൾ ഉപയോഗിച്ച് ആബ്‌സ്ട്രാക്റ്റ് ആയ ഷെയ്പൂകളും ബ്ലാക്ക് ആന്റ് വൈറ്റിൽ പരീക്ഷിക്കാം.


16. സിമ്മെട്രി:

വെള്ളത്തിൽ വളരുന്ന ആമ്പൽ താമര തുടങ്ങിയ പൂക്കളും അവയുടെ വെള്ളത്തിലെ പ്രതിഫലനവും ഉൾപ്പെടുത്തി ശ്രദ്ധിച്ചു കമ്പോസ് ചെയ്താൽ നല്ല സിമ്മെട്രിക്കൽ ഫ്രെയിമുകൾ ഉണ്ടാക്കാം. .
Pullippuli

അതുപോലെ പൂക്കളുടെ ഉള്ളിൽ തന്നെയുള്ള റേഡിയൽ സിമ്മെട്രി ക്ലോസ് അപ് ചിത്രങ്ങളുടെ വിഷയമാക്കാം.

Dethan Punalur

17. ഒരു കോമ്പ്ലിമെന്റായി:

ആളുകളുടെ പോർട്രെയിറ്റ് ചിത്രങ്ങളിൽ പൂക്കൾ ഉപയോഗിക്കാം. ഈ ഒരു സെൻസ് നാച്ചുറലായി നമ്മുടെ ഉള്ളിൽ തന്നെയുള്ളതിനാലാണല്ലോ ഔട്ട് ഡോർ ചിത്രങ്ങളിൽ ഒരു പൂച്ചെടികണ്ടാൽ അതിനടുത്തുനിന്ന് ഒരു ചിത്രം എടുക്കാൻ പലരും ശ്രമിക്കുന്നത്!

18. ആകൃതികൾ:

പൂവുകളിൽ ഒളിഞ്ഞിരിക്കുന്ന ആകൃതികൾ ഒന്നു നിരിക്ഷണവിഷയമാക്കിനോക്കൂ! എന്തെല്ലാം അതിശയകരമായ ആകൃതികൾ നിങ്ങൾക്ക് കണ്ടെത്താം.ശ്രീ ദത്തൻ പുനലൂരിന്റെ ബ്ലോഗിലെ ഈ ചിത്രങ്ങൾ കാണൂ.





ഇങ്ങനെ പൂക്കളുപയോഗിച്ച് എടുക്കാവുന്ന വൈവിധ്യമേറിയ ചിത്രങ്ങൾ ഒട്ടനവധിയുണ്ട്. ഇനിയും കൂടൂതൽ ഐഡിയകളുള്ളവരും ഇവിടെ പറഞ്ഞ കാര്യങ്ങളുടെ നല്ല ഉദാഹരണങ്ങൾ കൈയ്യിലുള്ളവരും (സ്വന്തം ചിത്രങ്ങൾ) കമന്റായി ഷെയർ ചെയ്യൂ.

- അപ്പു 

സരിൻ സോമൻ അയച്ചു തന്ന ചില ചിത്രങ്ങൾ നോക്കൂ.






Thursday, November 25, 2010

Composition Techniques 7 : Positioning Horizon

ഫോട്ടോ കമ്പോസിഷൻ ടെക്നിക്കുകളുടെ കൂട്ടത്തിൽ ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്‌, ലാന്റ്‌സ്കേപ്പ്‌ ഫോട്ടോകളിൽ ചക്രവാളം (Horizon) ഫ്രെയിമിന്റെ ഏതു ഭാഗത്ത്‌ പോസിഷൻ ചെയ്യണം എന്നതാണ്‌. ചക്രവാളം തിരശ്ചീനമായ ഒരു രേഖപോലെ കിട്ടുന്ന ചിത്രങ്ങൾ മിക്കവാറും കടൽ തീരത്തുവച്ച്‌ എടുക്കുന്നവ  ആയിരിക്കും. അതുപോലെ ഉയർന്ന ഒരു തലത്തിൽ നിന്ന് വളരെ അകലേക്ക്‌ നോക്കുന്ന രീതിയിലുള്ള ചിത്രങ്ങളിലും ചക്രവാളം ഒരു രേഖയായി കിട്ടും. ഇതുകൂടാതെ വളരെ വൈഡ്‌ ആംഗിളിൽ ഉള്ള ലാന്റ്‌സ്കേപ്പ്‌ ചിത്രങ്ങളിലും ഫ്രെയിമിന്റെ പിന്നറ്റത്തായി മലനിരകളോ മറ്റോ ചക്രവാളത്തിന്റെ അരികുകളായി പ്രത്യക്ഷപ്പെട്ടേക്കാം. ഇതിൽ ഏതു സാഹചര്യമായാലും ചക്രവാളത്തെ ഫ്രെയിമിന്റെ ഒത്തനടുക്ക്‌ പ്രതിഷ്ഠിക്കുന്നത്‌ ഫോട്ടോയുടെ ഭംഗിയെ ബാധിക്കും.


ഫോട്ടോഗ്രാഫർ :ലിനു

ഇങ്ങനെ ചെയ്താൽ, ചക്രവാളം ഫ്രെയിമിനെ രണ്ടു പകുതികളായി തിരിക്കുകയും ഇതിൽ ഏതു പകുതിക്കാണ്‌ കൂടുതൽ പ്രാധാന്യം എന്ന ഒരു കൺഫ്യൂഷൻ  കാഴ്ചക്കാരനിൽ ഉണ്ടാക്കുകയും ചെയ്യും എന്നതിനാലാണിത്‌ സംഭവിക്കുന്നത്‌. ഇത്‌ ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ ഇനി പറയുന്നു.

ഇപ്രകാരം ഒരു സാഹചര്യത്തിൽ ചിത്രങ്ങൾ എടുക്കേണ്ടിവരുമ്പോൾ, ആ രംഗത്തിന്റെ ഏതു ഭാഗമാണ്‌ നിങ്ങളെ അപ്പോൾ ആകർഷിച്ചത്‌ എന്ന് ചിത്രമെടുക്കുന്നതിനുമുമ്പ്‌ ആലോചിക്കുക. ഉദാഹരണത്തിനു അസ്തമയ സയത്ത്‌ കടൽതീരത്താണ്‌ നിങ്ങൾ ഉള്ളതെന്ന് സങ്കൽപ്പിക്കുക. വെള്ളത്തിലേക്ക്‌ പ്രതിഫലിക്കുന്ന സൂര്യകിരണങ്ങളും, വെള്ളത്തിന്റെ നിറവുമാണോ നിങ്ങളെ ആകർഷിച്ചത്‌? എങ്കിൽ ഫ്രെയിമിന്റെ മൂന്നിൽ രണ്ടു ഭാഗമെങ്കിലും കടലിനെ ഫ്രെയിം ചെയ്യാൻ ഉപയ‍ാഗിക്കാം. ഈ സാഹചര്യത്തിൽ ചക്രവാളം ഫ്രെയിമിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗത്ത്‌ മുകളിലായി വരുന്നു (റൂൾ ഓഫ്‌ തേഡിന്റെ തിരശ്ചീനമായ ഒരു രേഖ പോലെയും ഇതിനെ സങ്കൽപ്പിക്കാം).

മറിച്ച് ഇതേ സാഹചര്യത്തിൽ, മനോഹരമായ ആകാശവും, അതിലെ മേഘങ്ങളുടെ വർണ്ണവൈവിധ്യവും ലൈറ്റിംഗും ആണു നിങ്ങളെ ആകർഷിചതെങ്കിൽ ചക്രവാളത്തെ ഫ്രെയിമിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം താഴെ വരത്തക്കവിധം പ്രതിഷ്ഠിക്കാം. ഇപ്പോൾ ഫ്രെയിമിന്റെ മൂന്നിൽ രണ്ടു ഭാഗങ്ങളും ആകാശത്തെയാണു പ്രതിധീകരിക്കുന്നത്‌ എന്നതു ശ്രദ്ധിക്കുക.

ഫോട്ടോഗ്രാഫർ :ലിനു

അതായത്‌ ഫ്രെയിമിന്റെ ഫോർഗ്രൗണ്ടിനാണു കൂടുതൽ പ്രാധാന്യമെങ്കിൽ ഫ്രെയിമിന്റെ ചക്രവാളത്തിനു താഴേക്ക്‌ കൂടുതൽ സ്ഥലം അവിടെ നൽകുക. അതല്ല ചക്രവാളത്തിനും മുകളിലുള്ള ആകാശമാണ്‌ കൂടുതൽ ആകർഷകമെങ്കിൽ ചക്ക്രവാളത്ത്നു മുകളിലേക്ക്‌ കൂടുതൽ സ്ഥലം അവിടെ നൽകുക.   മറ്റു ചില ഉദാഹരണങ്ങള്‍  കൂടി നോക്കൂ.



ഫോട്ടോഗ്രാഫർ :ലിനു


ഫോട്ടോഗ്രാഫർ :ലിനു

ഫോട്ടോഗ്രാഫർ : യൂസുഫ്‌ ഷാലി

അവസാനമായി ഒരു കാര്യം കൂടി. വളരെ ശ്രദ്ധേയമായ സബ്ജക്റ്റുകൾ ഫ്രെയിമിന്റെ നടുക്ക്‌ ഉണ്ടെങ്കിൽ തീർച്ചായായും ചക്രവാളത്തെ ഫ്രെയിമിന്റെ നടുക്കുതന്നെ പ്രതിഷ്ഠിക്കാവുന്നതാണ്‌. ഇതാ അത്തരത്തിലുള്ള ഒരു ഉദാഹരണം.   

ഫോട്ടോഗ്രാഫർ :പകൽകിനാവൻ

ഈ ടെക്നിക്ക്‌ ഉപയോഗിച്ചിരിക്കുന്ന / ഉപയോഗിക്കാത്ത കൂടുതൽ ചിത്രങ്ങൾ നിങ്ങൾ തന്നെ കണ്ടെത്തൂ.

Thursday, July 22, 2010

Composition techniques 6 : Managing space

Composition techniques എന്ന വിഭാഗത്തില്‍ അടുത്തതായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു ഫ്രെയിമില്‍ പ്രധാന സബ്ജെക്ടിനു ചുറ്റും എത്രത്തോളം സ്ഥലം നല്‍കാം, അല്ലെങ്കില്‍ നല്‍കാതിരിക്കാം എന്നതാണ്.  Filling the frame, Giving space in the frame എന്നിങ്ങനെ പ്രധാനമായും രണ്ടു വിധത്തില്‍ ഈ കാര്യം മനസ്സിലാക്കാം; ഒന്നുകില്‍ ഫ്രെയിം നിറയെ സബ്ജെക്ടിനെ ഫില്‍ ചെയ്യുക, അല്ലെങ്കില്‍ സബ്ജെക്ടിനു ചുറ്റും നല്ലവണ്ണം സ്ഥലം ഇടുക. ഈ രണ്ടു കാര്യങ്ങളും ഫോട്ടോയുടെ വിഷയം, സന്ദര്‍ഭം, ഫോട്ടോഗ്രാഫര്‍ എന്ത് പറയാന്‍ ശ്രമിക്കുന്നു ഇത്രയും കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.   ഇതില്‍ നിന്നും, ഒരു ഫ്രെയിമില്‍ എത്രത്തോളം സ്ഥലം വെറുതെയിടാം, അല്ലെങ്കില്‍ എത്രത്തോളം ഫ്രെയിം നിറയ്ക്കാം എന്നത് ഫോട്ടോഗ്രാഫറുടെ  ഭാവനയെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാണല്ലോ? ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ഈ ടെക്നിക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്നതിനു ഉപകാരപ്പെട്ടേക്കാവുന്ന ചില സൂചനകള്‍ മാത്രം ഇവിടെ പറയട്ടെ.

Filling the frame:

ഫ്രെയിം നിറയ്ക്കുക എന്ന ടെക്നിക്‌ ഫലപ്രദമാകുന്ന സന്ദര്‍ഭങ്ങള്‍ :

  • Tiny, little objects : ചെറിയ അനേകം ഒബ്ജെക്ടുകള്‍ ഉള്‍പ്പെടുന്ന ഫ്രെയിമുകള്‍. ഈ ഒബ്‌ജെക്ടുകള്‍ ഒരേ ആകൃതിയിലോ, പല ആകൃതിയിലോ ഉള്ളതാവാം. എങ്കിലും അവയുടെ വലിപ്പം ഏകദേശം ഒരുപോലെ ആയിരുന്നാല്‍ കൂടുതല്‍ നന്നായിരിക്കും. 
Photographer : Prasanth Iranikulam

  • To avoid distractions: പ്രധാന സബ്ജെക്ടിനു ചുറ്റും distracting ആയ മറ്റു പല സാധനങ്ങളും ഉള്ളപ്പോള്‍ 
Photographer : അപ്പു

  • To show abundance - എണ്ണക്കൂടുതല്‍ കാണിക്കുവാന്‍. ഉദാഹരണം: കുഞ്ഞുപൂക്കളുടെ ഒരു വലിയ ശേഖരം. 
  • Exposing part of a large object:  വളരെ വലിയ ഒരു ഓബ്ജെക്ടിന്റെ ചെറിയ ഒരു ഭാഗം മാത്രം കാണിച്ചുകൊണ്ട് ആകെ വലിപ്പത്തിന്റെ പ്രതീതി ഉണ്ടാക്കുവാന്‍ (മലയാളം ബ്ലോഗുകളില്‍‌ നിന്ന് ഈ ഉദാഹരണത്തിനു യോജിച്ച ചിത്രങ്ങള്‍‌ ഒറ്റ നോട്ടത്തില്‍‌ കിട്ടിയില്ല, ഇത്തരത്തിലുള്ള ഏതെങ്കിലും ചിത്രങ്ങള്‍‌ നിങ്ങള്‍ക്കറിയാമെങ്കില്‍ ലിങ്ക് അഡ്രസ്സ് ദയവായി അയച്ചു തരിക.)

Image Credit : http://www.trekearth.com

  • To show extreme details in a macro : ഒരു മാക്രോ ഫോട്ടോയില്‍ വളരെ ചെറിയ വസ്തുക്കളുടെ എല്ലാ വിശദാംശങ്ങളും കാണിക്കുവാന്‍ 
  • In child photography: കുഞ്ഞുങ്ങളുടെ ചിത്രങ്ങളില്‍ അവരുടെ സൂക്ഷ്മ ഭാവങ്ങള്‍ പകര്‍ത്തുവാന്‍
Photographer : Prasanth Iranikulam
  • To capture human moods in general: മനുഷ്യരുടെ വൈകാരിക ഭാവങ്ങള്‍ പ്രതിബിംബിക്കുന്നത് മുഖത്ത് ആണല്ലോ. അതിനെ വ്യക്തമായും കാണികളില്‍ എത്തിക്കുവാന്‍ മുഖം ഫ്രെയിമില്‍ നിറയ്ക്കുക വഴി സാധിക്കുന്നു. ടി.വി. സീരിയലുകള്‍, സിനിമാ രംഗങ്ങള്‍ എന്നിവ ശ്രദ്ധിച്ചാല്‍ ഈ ടെക്നിക്‌ ഉപയോഗിച്ചിരിക്കുന്നത് കാണാനാവും. പ്രത്യേകിച്ചും ടി.വി സീരിയലുകളെ സിനിമറ്റൊഗ്രഫിയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഇതാണ്. ടി.വി. യുടെ സ്ക്രീന്‍ ചെറുതായതിനാല്‍ മുഖഭാവങ്ങള്‍ പകര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യം ക്ലോസ് അപ്പ്‌ ഷോട്സ് ആണ്. 

    Giving space:

    അടുത്തതായി, ഫ്രെയിമില്‍ സബ്ജെക്ടിനു ചുറ്റും ആവശ്യത്തിന്  space നല്‍കേണ്ട സന്ദര്‍ഭങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. വിശാലത, ഏകാന്തത, ശൂന്യത തുടങ്ങിയ കാര്യങ്ങള്‍ ഫോട്ടോഗ്രാഫിലേക്ക് പകര്‍ത്തേണ്ടിവരുമ്പോഴാണ് ഈ ടെക്നിക്‌ ഉപകാരപ്പെടുന്നത്. ഇപ്രകാരമുള്ള ചില സന്ദര്‍ഭങ്ങള്‍ പറയാം.


    • Emptiness / vastness: വിശാലമായ ഒരു മരുഭൂമി, അല്ലെങ്കില്‍ വിശാലമായ ഒരു സമതലം, തടാകം തുടങ്ങിയവയുടെ വിസ്തൃതി കാണിക്കുവാന്‍ ഫ്രെയിമില്‍ ഒരു പ്രധാന ഒബ്ജെക്ടും അതിനു ചുറ്റും ആവശ്യത്തിനു space ഉം നല്‍കിയാല്‍ മതിയാവും.
    • Loneliness: മേല്‍പ്പറഞ്ഞ അതേ സാഹചര്യത്തില്‍ പ്രധാന സബ്ജെക്ടായി  ഒരു മനുഷ്യനാണ് ഉള്ളതെങ്കില്‍ ആ ചിത്രം ഏകാന്തതയെ ദ്യോതിപ്പിക്കും.
    • Tracks and Trails: വളരെ വിശാലമായ ഒരു ഏരിയയിലുള്ള റോഡുകള്‍, പാതകള്‍ തുടങ്ങിയവ. കാലടിപ്പാടുകള്‍, വാഹനങ്ങള്‍ കടന്നു പോയ പാതകള്‍ തുടങ്ങിയവ അവയുടെ അതത് സാഹചര്യങ്ങളില്‍ കാണിക്കുവാന്‍.
    Photographer : Prasanth Iranikulam
    • Showing relaxed moods: സബ്ജെക്ടിനു ചുറ്റും സ്ഥലം നല്‍കുക വഴി relaxed mood ഉണ്ടാക്കുവാന്‍ സാധിക്കുന്നു.
    • Showing relaxed moods: സബ്ജെക്ടിനു ചുറ്റും സ്ഥലം നല്‍കുക വഴി relaxed mood ഉണ്ടാക്കുവാന്‍ സാധിക്കുന്നു.( ഇതേ സംഗതി തിരിച്ചു ഉപയോഗിച്ചു കൊണ്ട് പ്രക്ഷുബ്ധമായ മാനസികാവസ്ഥ കാണിക്കാം.താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. )

    • In normal situations: ഇതുവരെ പറഞ്ഞതെല്ലാം ക്രിയേറ്റിവ് ഫോട്ടോഗ്രാഫിയില്‍ ഈ ടെക്നിക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്നു. ഇനി പറയുന്നത് നമ്മളില്‍ പലരും പോയിന്റ് ആന്റ് ഷൂട്ട്‌ രീതിയില്‍ ആളുകളുടെ (കൂട്ടുകാര്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍, outdoor, indoor photos) ഫോട്ടോ എടുക്കുമ്പോള്‍ വരുത്തി വയ്ക്കാറുള്ള ഒരു തെറ്റിനെ പറ്റിയാണ്. മിക്കവാറും ആളുകള്‍  ചെയ്യാറുള്ള രീതി മുമ്പില്‍ നില്‍ക്കുന്ന ആളുകളുടെ മുഖം ഫ്രെയിമിന്റെ / ചിത്രത്തിന്റെ നടുവില്‍ വരത്തക്കവിധം കമ്പോസ്‌ ചെയ്യുക എന്നതാണ്. ഫലമോ? ചിത്രത്തില്‍ ആളുകളുടെ തലയ്ക്കു മുകളിലും വശങ്ങളുമായി ആവശ്യമില്ലാത്ത അത്ര empty space !  പണ്ട് ക്യാമറകളുടെ ഫോക്കസ്‌ ഇന്‍ഡിക്കേറ്റര്‍ view finder ന്റെ മധ്യത്തില്‍ ആയിരുന്നതിനാലായിരിക്കണം ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകാന്‍ ഇടയായത്. ഇപ്പോള്‍ ഡിജിറ്റല്‍ ക്യാമറകളില്‍ face detection ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ തെറ്റ് വരുത്തുന്നത് കുറവുണ്ട് എന്ന് തോന്നുന്നു. ഇനി അഥവാ ഫോക്കസ്‌ അങ്ങനെ ചെയ്താലും, ഷട്ടര്‍ റിലീസ് ബട്ടന്‍ പകുതി അമര്‍ത്തിക്കൊണ്ട് ചിത്രം recompose ചെയ്തു തലയ്ക്കു മുകളിലുള്ള അനാവശ്യ സ്പേസ് ഒഴിവാക്കുക. അതുപോലെ background ല്‍ ഉള്ള ഒരു സീനറി / മറ്റെന്തെങ്കിലും ഒബ്ജെക്ടുകള്‍ എന്നിവ ആളുകളുടെ ഫോട്ടോയോടൊപ്പം ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ ഫ്രെയിമിന്റെ ഒരു വശത്തേക്ക് ആളുകളെ പോസിഷന്‍ ചെയ്യാം. ഈ രീതിയിലുള്ള കംപോസിങ്ങിനെ പറ്റി കുറേകൂടി വിശദമായി നമുക്ക് വരുന്ന പോസ്റ്റുകളില്‍ ചര്‍ച്ചചെയ്യാം.
      ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

      വിശാലമായ വൈഡ്‌ ആംഗിള്‍ രംഗങ്ങള്‍ പകര്‍ത്തുമ്പോള്‍ അവയില്‍ ഒന്നില്‍ കൂടുതല്‍ പ്രധാന സബ്ജെക്ടുകള്‍ ഉണ്ടെങ്കില്‍ അവ ഒരേ തലത്തില്‍ വരാതെ ശ്രദ്ധിക്കുക. അങ്ങനെ വന്നാല്‍ കാഴ്ച്ചകാരന്റെ കണ്ണുകളെ അവ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കൊണ്ട് പോകും. എന്നാല്‍ വെവ്വേറെ തലങ്ങളില്‍ പല perspective ലാണ് ഈ ഒബ്ജെക്ടുകള്‍ ഉള്ളതെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുകയില്ല.

      ഈ രീതിയില്‍ ഫ്രെയിമുകള്‍ കമ്പോസ്‌ ചെയ്യുമ്പോള്‍ ഇതിനു മുമ്പ് ചര്‍ച്ച ചെയ്ത rule of thirds, leading lines തുടങ്ങിയ കാര്യങ്ങള്‍ അനുയോജ്യമായ വിധത്തില്‍ ഫ്രെയിമില്‍ ഉള്‍പ്പെടുത്തുക.






      ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌:‌‌-



      Filling the frame
      Photographer : A.Faisal