Thursday, December 16, 2010

കഥപറയുന്ന ചിത്രങ്ങൾ - behind the frames (1)

ഫോട്ടോക്ലബ്ബ് തുടങ്ങിയിട്ട് മൂന്നുനാലു മാസങ്ങളായി, അംഗങ്ങൾ മുന്നൂറു കടന്നു എന്നിട്ടും ഞങ്ങൾ പ്രതീക്ഷിച്ചരീതിയിലുള്ള ഒരു ഇന്ററാക്ഷൻ അംഗങ്ങൾ തമ്മിൽ ഉണ്ടാവുന്നില്ല എന്ന് ഞാനും പ്രശാന്തും കുറേനാളുകളായി പരിഭവം പറയുന്നു! ഇതിന്റെ പ്രധാനകാ‍രണം ഫോട്ടോക്ലബ്ബിലെ അംഗങ്ങൾക്ക് എല്ലാവർക്കും പങ്കെടുക്കാനും ചർച്ച ചെയ്യാനും കഴിയുന്ന പംക്തികൾ ഇല്ലാത്തതിനാലാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട് ഫോട്ടോക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന ഒരു പുതിയ പംക്തികൂടി ആരംഭിക്കുകയാണ്.


Behind the frames - അതായത് “കഥപറയുന്ന ചിത്രങ്ങൾ” 

സംഗതി സിമ്പിളാണ്.  നല്ല ഫോട്ടോഗ്രാഫുകൾ ഉണ്ടാവുന്നത് തീർത്തും യാദൃശ്ചികമായല്ല.  അതിന്റെ പിന്നിൽ ആ ഫോട്ടോഗ്രാഫർക്ക് പറയാനുള്ള ഒരു കഥ തീർച്ചയായും ഉണ്ടാവും. അതു കിട്ടുവാനായി അവർ എടുത്ത പ്രയത്നം, തയ്യാറെടുപ്പ് തുടങ്ങിയവ. അതുപോലെ നിങ്ങളുടെ ഓരോരുത്തരുടേയും കൈയ്യിലുള്ള ചിത്രങ്ങളിൽ ചിലതിന്റെയെങ്കിലും പിന്നിൽ ഒരു പിന്നാമ്പുറകഥ ഉണ്ടാവുമല്ലോ. എങ്ങനെയാണ് ആ ചിത്രം കിട്ടിയത്, എവിടെവച്ചാണത് എടുത്തത്, എന്തൊക്കെ സാഹസങ്ങൾ, തയ്യാറെടുപ്പുകൾ തുടങ്ങിയവ നിങ്ങൾ ആ ചിത്രം എടുക്കുവാനായി ചെയ്തു, എന്തൊക്കെ ക്യാമറ സെറ്റിംഗുകൾ അതിനു വേണ്ടിവന്നു, എന്തൊക്കെ പോസ്റ്റ് പ്രോസസിംഗ് അതിൽ ചെയ്തു എന്നിങ്ങനെ പലകൂട്ടം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനാവുന്ന ചിത്രങ്ങൾ. അതുപോലെയുള്ള ചിത്രങ്ങൾ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ ആ കഥ ഫോട്ടോക്ലബ്ബിൽ പങ്കുവയ്കൂ. ഒന്നു രണ്ടു നിബന്ധനകൾ ഉണ്ട്. ചിത്രം നിങ്ങളുടെ സ്വന്തം ആവണം (നീങ്ങൾ തന്നെ എടുത്തത്). ചിത്രത്തിന്റെ പിന്നിലെ കഥ നിങ്ങൾ തന്നെ എഴുതണം. (ആവശ്യമെങ്കിൽ മാത്രം ചില്ലറ എഡിറ്റിംഗുകൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഞങ്ങൾ വരുത്തുന്നതാണ്). ചിത്രവും വിവരണവും ഒരു മെയിലിൽ ഞങ്ങൾക്ക് അയച്ചു തരിക. അയയ്ക്കേണ്ട വിലാസം mlphotoentries@gmail.com. സബ്‌ജെക്റ്റ് ഫീൽഡിൽ “കഥപറയുന്ന ചിത്രങ്ങൾ” എന്ന് എഴുതാൻ മറക്കരുത്. ഈ പംക്തി മുടങ്ങിപ്പോകും എന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, കാരണം ഇതു മുമ്പോട്ട് കൊണ്ടുപോകേണ്ടത് നിങ്ങൾ ഒരോരുത്തരുമാണ് :-)

സ്നേഹപൂർവ്വം - അപ്പു 

ഈ പംക്തിയിലെ ആദ്യ പോസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കുന്നു. എഴുതുന്നത് ബൂലോകത്തെ  പ്രശസ്തനായ ഫോട്ടോഗ്രാഫർ പുണ്യാളൻ





ഈ കഴിഞ്ഞ വേനൽക്കാലഅവധിക്കു നാട്ടിൽ പോകുമ്പോൾ തന്നെ, മൂന്നു ദിവസം മുന്നാർ ഫോട്ടോഗ്രാഫി എന്ന് മനസ്സില്‍ ഉറപ്പിച്ചാണ് പോയത്.  ടാറ്റാ ടീ എസ്റ്റേറ്റ്‌ മാനേജരും, പഴയ ബാച്ച് മേറ്റുമായ ഹാരിസിനെ വിളിച്ചു ഓസിനു താമസിക്കാൻ വല്ല വകുപ്പും ഉണ്ടോന്നു അന്വേഷിച്ചിരുന്നു. അവൻ തരപ്പെടുത്തിയ ടാറ്റാ ടി ഗസ്റ്റ് ഹൌസിൽ വിലസാം എന്നും മനസ്സില്‍ ഉറപ്പിച്ചു. ഫോട്ടോ എടുക്കാന്‍ പോകുമ്പോൾ ഈ പരിപാടിയിൽ താല്പര്യം ഇല്ലാത്ത ആരെങ്കിലും കൂടെ വന്നാൽ കൊലപാതകം ഉറപ്പാ! എന്റെ കൈയ്യിൽ ക്യാമറ കൈയിൽ ഉണ്ടെങ്കിൽ എന്‍റെ ഭാര്യ പോലും വരില്ല കൂടെ ! പിന്നെയാണു മറ്റുള്ളവർ!

ഇതേ രോഗമുള്ള കുറെപ്പേരെ വിളിച്ചു നോക്കി.. രക്ഷയില്ല .. അങ്ങനെ തപ്പി തപ്പി അവധിക്ക് നാട്ടിലുള്ള അപ്പുമാഷും ,  എന്‍റെ സുഹൃത്ത്‌ രേഷ്മ, എന്‍റെ കസിൻ എന്നിവരും എന്റെ കൂടെ പോരാം എന്നു സമ്മതം മൂളി. സമയമായപ്പോൾ അപ്പു മാഷ് മുങ്ങി, രേഷ്മ മുങ്ങി , കസിനും മുങ്ങി .. കൊച്ചിയിൽ നിന്നും ആത്മരോഷത്തോടെ കാറിൽ യാത്രതിരിക്കുമ്പോള്‍ കയ്യില്‍ രണ്ടു കുപ്പി Bacardi  രണ്ടു ക്യാമറ.. ഒറ്റക്കക്ക് വിലസാൻ ഒരു മൂഡുമില്ല . ങാ....  എന്നാലും ചലോ മുന്നാർ എന്ന ഉറച്ച മുദ്രാവാക്യവും വിളിച്ചു യാത്ര തുടങ്ങി !

മുന്നാറിൽ എത്തിയപ്പോൾ തന്നെ  അർദ്ധരാത്രി. റമ്മിന്റെ നാലിലൊന്ന്  കഴിഞ്ഞു. നല്ല മഴ .. പിന്നെ മഞ്ഞും തണുപ്പും. വളരെ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം .. മഴയത്ത് കുടയില്ലാതെ വെറുതേ നടക്കുക .. ഉള്ളിലെ പാനീയം നല്ല ധൈര്യം തന്നു. രാത്രി ഒരു മണിക്ക് കൊടും മഴയത്തും മഞ്ഞത്തും ഒറ്റയ്ക്ക് നടക്കുന്ന വട്ടനെ കണ്ട ബീറ്റ് പോലീസ് ശകാരിച്ചതിന്റെ പേരിൽ പോയി കിടന്നു ഉറങ്ങാൻ തീരുമാനിച്ചു.

മൂന്ന് മുറികളിൽ കിടന്നു ഉറങ്ങണം .. വരാമെന്ന് പറഞ്ഞ എല്ലാരേയും നാമജപത്തിനു പകരം ശപിച്ചുകൊണ്ട് കിടന്നുറങ്ങി.  സമയം കടന്നുപോയതും നേരം വെളുത്തതുമൊന്നും അറിഞ്ഞില്ല.

വാതിൽ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ടു മടിച്ചു ചെന്ന് കതകു തുറന്നു. മുങ്ങിയ രണ്ടു പേര്‍ മുന്നിൽ!. ഫോട്ടോ എടുക്കാനുള്ള എന്റെ വട്ട് ഒരു ഡിഗ്രി ആണെങ്കിൽ, അതിൽ മൂന്നു ഡിഗ്രി ഉള്ള എന്റെ കസിൻ ആസിഫും, അതിലും കൂടി അഞ്ചു ഡിഗ്രി ഉള്ള രേഷ്മയും അതാ മുന്നിൽ നിൽക്കുന്നു!  ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒന്നിച്ചു കഴിച്ച്, ക്യാമറയും ഉപസാമഗ്രികളും പായ്ക്ക് ചെയ്തിറങ്ങുമ്പോള്‍ സമയം ഉച്ചക്ക് ഒരു മണി. നല്ല മഴ , നല്ല തണുപ്പ് . ആസിഫ് വണ്ടി വിട്ടു, ഞാൻ ശീതള പാനീയം കുറച്ചകത്താക്കി എല്ലാ ക്യാമറ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആയുധം കൈയിലെടുത്തു..  വണ്ടി ടോപ്‌ സ്റ്റേഷനിലേക്ക് !!

ലൈറ്റ് തീരെ കുറവാണ് ! ക്യാമറയുടെ ISO സെറ്റിംഗ് ഒക്കെ ഇനി കൂട്ടണമല്ലോ ദൈവമേ !ഒരു വളവു കഴിഞു ... ദാ ഒരു ഒറ്റ മരം .. മഴ.. മഞ്ഞ് .. എവിടെയോ സ്വപനം കണ്ട ഫ്രെയിം ..  നിർത്തു വണ്ടി.... ഞാൻ പറയാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ ആസിഫ് വണ്ടി നിർത്തിക്കഴിഞ്ഞു. 

ഞാൻ ട്രൈപ്പോഡ് ഫിറ്റ്‌ ചെയ്യുന്നതു കണ്ടു അവർ കൂടെ ഇറങ്ങി ! ഓരോ ക്ലിക്ക് ചെയ്തു കാറില്‍ കേറി ഇരിപ്പായി. ഫ്രെയിമിൽ ഒരു റിയൽ ലൈഫ് സിറ്റുവേഷൻ ഇല്ല, മരം മാത്രം. ഞാൻ കുറേക്കൂടി കാത്തിരിക്കാൻ തീരുമാനിച്ചു.  എന്റെ സ്വഭാവം അറിയാവുന്ന അവർ രണ്ടു പേരും ഒരു കുടയും ബാലൻസ് കുപ്പിയും എന്റെ  ലോപ്രോ ക്യാമറ ബാഗും എടുത്തു തന്നിട്ട് പറഞ്ഞു .. " see you after one hour'   വണ്ടി മുകളിലത്തെ  വളവു തിരിഞ്ഞു പോയതും നോക്കി ഞാൻ നിന്നു.  ക്യാമറ ട്രൈപ്പോഡിൽ ഉറപ്പിച്ചു  ഇഷ്ടമുള്ള ഫ്രെയിം  അഡ്ജസ്റ്റ് ചെയ്തു ഒരു സബ്ജെക്റ്റ് വരാനായുള്ള എന്റെ കാത്തിരുപ്പ് തുടങ്ങി.  മഴ അതിന്റെ എല്ലാ ദേഷ്യവും തീർത്തു പെയ്യുന്നു..  ജീൻസ് മുക്കാലും നനഞു കുതിർന്നു. ബാക്കിയുള്ള പാനീയം തീരുന്ന മട്ടാണ്.  തണുപ്പിനെ വെല്ലാൻ എന്‍റെ പാനീയത്തിനും കഴിയുന്നില്ല. തണുത്തുവിറച്ച് പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. 

ഒന്നും കാണാന്‍ പറ്റുന്നില്ല visiblity  വെരി ലെസ്സ്.  ഫോട്ടോ എടുക്കാന്‍ പ്രയാസമുള്ള അവസ്ഥ. അഥവാ എടുത്താലും കുളമാകും എന്ന് തോന്നി. ഈ കാത്തിരുപ്പ് വെറുതെ ആകുമോ ആവോ?  പോയവര്‍ മടങ്ങി വന്നിരുന്നെകില്‍ .. ഇനിയും നാല്പതു മിനിറ്റ് വെയിറ്റ് ചെയ്യണം .  മൊബൈൽ തപ്പി എടുത്തു വിളിച്ചു .. രേഷ്മയെ കിട്ടി " ഇപ്പോൾ തിരിച്ചാലും കുറച്ചു  സമയം എടുക്കും" മദാം രേഷ്മ ജി മൊഴിഞ്ഞു.

ഇത്രയും പറഞ്ഞ് ഫോൺ ഓഫ്‌ ചെയ്തില്ല അതാ മഞ്ഞിലുടെ കുടയും പിടച്ചു ഒരാൾ നടന്നുവരുന്നു ! ദൈവമേ ഞാന്‍ സബ്‌ജെക്റ്റിനെ place ചെയ്യാന്‍ ഉദേശിച്ച സ്ഥലം കഴിഞ്ഞെല്ലോ ! ചാടി വീണു ക്ലിക്ക് ചെയ്യാൻ തുടങ്ങി ! ആളു നീങ്ങുന്നതനുസരിച്ചു കുറെ ക്ലിക്കുകള്‍. അതിനിടെ കുട പറന്നു പോയത് ശ്രദ്ധിച്ചില്ല!  നോക്കി നിൽക്കെ  കുട  സൈഡിലുള്ള കൊക്കയിലേക്ക് പറന്നുപോയി!   ബാഗും ക്യാമറയും നനഞ്ഞു കുതിര്‍ന്നു. ഇട്ട വസ്ത്രം ഊരി ക്യാമറയെ രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി.

വണ്ടിയില്‍ കേറുമ്പോള്‍ മറ്റു രണ്ടു പേരുടെയും മുഖത്ത് ഒരു ആക്കിയ ചിരി . “ചിരിയെടാ ചിരിയെടീ !  എനിക്ക് കിട്ടിയ പോട്ടം കണ്ടാല്‍ നീ ഒക്കെ ഞെട്ടും .. ചിരിച്ചോ” ഞാൻ മനസ്സിൽ ചിരിച്ചു.

മുറിയിൽ ചെന്ന് ചിത്രം ഡൌൺലോഡ് ചെയ്യാൻ നോക്കുമ്പോള്‍ മെമ്മറി കാർഡിൽ ഒന്നുമില്ല :-(  പടച്ചോനേ ഏതൊക്കെ ഇവിടെ പോയി ! ക്യാമറയും പണി മുടക്കി.  ഇടി വെട്ടിയവനെ തലയില്‍ പമ്പ് കടിച്ചു എന്നു പറഞ്ഞതുപോലെയായോ .

കൊച്ചിയിൽ ചെന്ന് ഫോട്ടോസ് recover ചെയ്യാന്‍ ആയിരം രൂപ കൊടുത്തിട്ടും എടുത്ത നൂറ്റി അമ്പത് ഫോട്ടോകളും പോയി. അതിൽ ഈ ഫോട്ടോയും. തിരിച്ചെത്തിയ ഞാൻ പല കമ്പ്യൂട്ടർ വിദ്വാന്മാരെയും സമീപിച്ചു ഈ മെമ്മറി കാർഡിലെ ഫോട്ടോകൾ റിക്കവർ ചെയ്യാൻ. പല recovery സോഫ്റ്റ്‌വെയറുകളും പരീക്ഷിച്ചു.  അവസാനം  കിട്ടിയ ഒന്ന് അതാണ് ഈ ചിത്രം. അത് ഞാൻ നമ്മുടെ സുനിൽ വാര്യർക്ക്   അയച്ചുകൊടുത്തു PP ചെയ്തു! പോസ്റ്റി.!

ഇതാണ്  ഈ ഫോട്ടോയുടെ പിന്നിലെ കഥ. ഇത്രയും നേരം എന്റെ വധം കേട്ടിരുന്ന എല്ലാവർക്കും നന്ദി, നമസ്കാരം...

- Punyalan

ഇതേപോലെ ഒരു ചിത്രകഥ നിങ്ങൾക്കും പങ്കുവയ്ക്കാനുണ്ടോ? എഴുതി അയച്ചുതരൂ..  :-)

25 comments:

NPT said...

പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു........പുണ്യാളന്‍ മാഷെ അദ്യത്തെ പോസ്റ്റ് തന്നെ കലക്കി കെട്ടൊ...

ബിന്ദു കെ പി said...

ഭഗവാനേ!! ഇത്രയൊക്കെ സംഭവങ്ങൾ ഈ ഫോട്ടോയ്ക്ക് പിന്നിലുണ്ടായിരുന്നോ!!

mini//മിനി said...

ഉഗ്രൻ സംഭവം തന്നെ,

Unknown said...

ഇപ്പൊ മനസിലായി നല്ല ചിത്രങ്ങള്‍ എങ്ങിനെയാണ് ഉണ്ടാകുന്നത്‌ എന്ന്.

പകല്‍കിനാവന്‍ | daYdreaMer said...

അവസാനം റിക്കവര്‍ ചെയ്തു തന്ന എന്നേം ഷിബുവിനെയും മറന്നു അല്ലേ . ശരി ആക്കി തരാം . :) ഇങ്ങനെ കഥ പറയാന്‍ തുടങ്ങിയാല്‍ പുണ്യാളന്‍നു പതിനായിരം എപ്പിസോഡ് ഈസി ആയി തികക്കാം അത്രയ്ക്കുണ്ട് കഥകള്‍ അല്ലേ :)

Renjith Kumar CR said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ പകല്‍കിനാവന്‍ മുന്‍പ് ഒരു കമന്റില്‍ പറഞ്ഞത് ആണ് ഓര്‍മ്മ വരുന്നത് "ഞാന്‍ ഇനി കളിക്കുന്നില്ല ,സുല്ല് "

Ashly said...

"റമ്മിന്റെ നാലിലൊന്ന് കഴിഞ്ഞു" അപ്പൊ രണ്ടു കുപ്പിഉണ്ടായിരുന്നതില്‍, ഒരു കുപ്പിയുടെ പകുതി കഴിഞ്ഞു എന്നോ ? അതോ, ഒരു കുപ്പിയുടെ നാലിലൊന്ന് കഴിഞ്ഞു എന്നാണോ ഉദേശിച്ചത് എന്ന് വെയ്ക്തമാക്കണം !!! ഫോട്ടോ അവിടെ നിക്കട്ടെ, ഇത് പറ ! ;) ;)

Ashly said...

ഇനി ബാകി ചോദ്യംങ്ങള്‍ :
1) മഴയത് ക്യാമറ നനയാതെ എങ്ങനെ മാനേജ് ചെയ്തു ? അതോ ക്യാമറ വാട്ടര്‍ പ്രൂഫ്‌ ആണോ ?

2) ആ ഫോടോനോക്കുമ്പോ, ട്രപോഡ്, റോഡില്‍ ഒരു കാല്‍ഭാഗം കേറിയാണ് നില്ല്കുന്നത്. ട്രപോഡ് അവിടെ തന്നെ ആയിര്ന്നോ ആദിം മുതല്‍ ?

3) വെള്ളം തട്ടിയത് കൊണ്ടായിര്ന്നോ മെമറി കാര്‍ഡ്‌ റീഡ്‌ ആവാതെ പോയത് ?

4) ആ കാര്‍ഡ് ഫോര്‍മാറ്റ്‌ ചെയ്തു കഴിഞ്ഞു വര്‍ക്ക് ചെയുന്നുണ്ടോ ?

Unknown said...

പുണ്യാളാ സംഭവം കലക്കൻ. പുണ്യാളനേ ഞാൻ പണ്ടേ സമ്മയിച്ചതാ ഇനി സമ്മയിക്കാൻ സൌകര്യമില്ല ;)

കണ്ണനുണ്ണി said...

ഇത്രേ ഒക്കെ ക്ഷമയോ..ദൈവമേ..

എന്തായാലും അതിനുള്ള പ്രതിഫലം ഫോട്ടോയില്‍ കിട്ടിയിട്ടുണ്ട്.

ശ്രീലാല്‍ said...

ഇതുപോലുള്ള ചിത്രങ്ങള്‍ കണ്ടാല്‍ പലപ്പൊഴും തോന്നുന്നത്, ഹാ, ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍ .. കറക്റ്റ് സമയത്ത് അവിടെയുണ്ടായല്ലോ എന്ന്.
പക്ഷേ, സത്യം പലപ്പൊഴും ഫോട്ടോഗ്രാഫര്‍ക്കേ അറിയൂ. ഫോട്ടോയ്ക്ക് പിന്നിലെ കഥ പലപ്പൊഴും മറ്റുള്ളവര്‍ക്കും പ്രചോദനം കൂടിയാണ്. ഇത്തരം ഒരു പംക്തികൂടി ഫോട്ടോ ക്ലബ്ബ് തുടങ്ങിയതിന് അണിയറക്കാര്‍ക്ക് വിനീതമായ കൂപ്പുകൈ.. ഇനിയും നല്ല കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു.

ഇനി പുണ്യാളനോട് :

ആദ്യം ക്യാപ്റ്റന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം താ.

ഒപ്പം ഈ ഫോട്ടോയുടെ എക്സിഫ് അറിയാനും ആഗ്രഹം ഉണ്ട്.

അലി said...

പുണ്യാളന്‍റെ ചിത്രങ്ങള്‍ കണ്ട് കൊള്ളാം, മനോഹരം, സൂപ്പര്‍ എന്നൊക്കെ കമന്‍റെഴുതി പിന്‍‍വാങ്ങുമ്പോള്‍ ആ ചിത്രങ്ങള്‍ക്കു പിന്നില്‍ എത്ര കഷ്ടപ്പാടുകളുണ്ടെന്ന് മനസ്സിലാക്കുന്നു

ഫോട്ടോക്ലബ്ബിന്റെ ഈ പുതിയ സം‍രഭത്തിന് എല്ലാവിധ ആശംസകളും.

siya said...

ഈശ്വരാ ..ഒരു ഫോട്ടോ എടുത്തു അതിന്‌ പുറകില്‍ ഒരു കഥ എഴുതുന്നത്‌ എങ്ങനെ എന്ന് ഓര്‍ത്തു ഇത് വായിച്ച് ഒരു നിമിഷം മിണ്ടാട്ടം മുട്ടി പോയി .. നല്ല ചിത്രവും ,നല്ല ചിത്ര കഥയും !!!

Yousef Shali said...

ഇനിയുമെത്രയെത്ര കഥകള്‍ കിടക്കുന്നൂ അല്ലേ പുണ്യാളാ !!
ആശംസകള്‍ പുണ്യാളനും ഫോട്ടോക്ലബ് അണിയറ പ്രവര്‍ത്തകര്‍ക്കും !!

കാവലാന്‍ said...

"ഇതുപോലുള്ള ചിത്രങ്ങള്‍ കണ്ടാല്‍ പലപ്പൊഴും തോന്നുന്നത്, ഹാ, ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍ .. കറക്റ്റ് സമയത്ത് അവിടെയുണ്ടായല്ലോ എന്ന്"

ഇതൊക്കെയാണു ഞാനും ധരിച്ചുവച്ചിരുന്നത്!

Unknown said...

എല്ലാ സുഹൃത്തുകള്‍ക്കും നന്ദി !

ക്യാപ്റ്റന്‍ മാഷെ ! ഒരു കുപ്പിയുടെ കാല്‍ ഭാഗം മാത്രം അടിച്ചു മഴയത് രാത്രി ഇറങ്ങി നടക്കാന്‍ പറ്റിയ മൂടുണ്ടാക്കുന്ന വല്ല ബ്രാണ്ടും അറിയാമോ? ഉള്ള സ്റൊക്കിന്റെ നാലിലൊന്ന് ( ഒരു pint ).

ഇനി ബാകി answers :
1) മഴയത് ക്യാമറ നനയാതെ എങ്ങനെ മാനേജ് ചെയ്തു ? അതോ ക്യാമറ വാട്ടര്‍ പ്രൂഫ്‌ ആണോ ?
വാട്ടര്‍ പ്രൂഫ്‌ ക്യാമറ അല്ല. അത് കുറെ നനഞ്ഞു. പണി നിര്‍ത്തി. പിന്നെ ശരിയാക്കി എടുത്തു
2) ആ ഫോടോനോക്കുമ്പോ, ട്രപോഡ്, റോഡില്‍ ഒരു കാല്‍ഭാഗം കേറിയാണ് നില്ല്കുന്നത്. ട്രപോഡ് അവിടെ തന്നെ ആയിര്ന്നോ ആദിം മുതല്‍ ?
അതെ
3) വെള്ളം തട്ടിയത് കൊണ്ടായിര്ന്നോ മെമറി കാര്‍ഡ്‌ റീഡ്‌ ആവാതെ പോയത് ?
അങ്ങനെ ആയിരിക്കണം.
4) ആ കാര്‍ഡ് ഫോര്‍മാറ്റ്‌ ചെയ്തു കഴിഞ്ഞു വര്‍ക്ക് ചെയുന്നുണ്ടോ
ഇല്ല. അത് കളഞ്ഞു.

@ ശ്രീ ലാല്‍

iso 800 , aperture fixed 9 , ഷട്ടര്‍ സ്പീഡ് 1 /125 , 40 mm ,നികോണ്‍ D300 s

Unknown said...

ഒരു കാര്യം മനസ്സിലായി. പുണ്യാളന്‍ ഒരു നല്ല അടിക്കാരന്‍ അല്ല , ആദ്യ ദിവസം അര്‍ദ്ധ രാത്രി വരെ ഒരു ഹാഫ് മാത്രേ തീര്നുള്ളൂ.
ഓണ്‍: ഇത്രേം കഷ്ടപ്പെട്ട് പിടിക്കുന്ന ഓരോ ചിത്രത്തിനും വെച്ച് ഒരു സലാം.

ആശംസകള്‍

Unknown said...

ഓട്ടോ: ആ പെണ്പിള്ളേരുടെ പടങ്ങളുടെ കഥ കൂടെ പറയണേ പുണ്യാളാ :))

Naushu said...

ഈ പുതിയ സം‍രഭത്തിന് എല്ലാവിധ ആശംസകളും.

Appu Adyakshari said...

ഇവിടെ ആശംസകൾ പറഞ്ഞിട്ടുപോകുന്ന ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക്. ആശംസകൾ സ്വീകരിക്കുന്നതല്ല, പകരം ഇതുപോലെയുള്ള ഫോട്ടോകഥകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നറിയിച്ചുകൊള്ളുന്നു :-)

ശ്രദ്ധേയന്‍ | shradheyan said...

നഷ്ടപ്പെട്ട നൂറ്റി നാല്പത്തി ഒമ്പതിന്റെ മൂല്യവും ഒത്തുചേര്‍ന്ന ഈയൊരു ഫോട്ടോ കിട്ടിയല്ലോ...! ഈ സമര്‍പ്പണ മനോഭാവത്തിനു അഭിവാദ്യങ്ങള്‍.

അപ്പു മാഷേ, സോറി :)

പാഞ്ചാലി said...

ലോപ്രോ ബാഗിന്റെ അടിയിൽ, അറ്റാച്ഡ് ആയി, ഒരു വാട്ടർ പ്രൂഫ് കവർ ഉള്ള കാര്യം പുണ്യാളൻ പൂസിന്റെ പുറത്ത് മറന്നതാണോ? ആ കവർ പുൾ ഔട്ട് ചെയ്താൽ ബാഗ് മൊത്തം മൂടാമല്ലോ! (ഇനിയും പൂസും മഴയും വരും, അപ്പോൾ ആ കവർ വലിച്ചെടുത്ത് ബാഗ് പ്രൊട്ടെക്റ്റ് ചെയ്യുക.) :))

Saji Antony said...

Excellent step... and an excellent start... I always wanted to know the behind story of certain shots... Now it will be a challenge for most of them to match your story.... Great ... I will start digging my pics for some...

Rakesh R (വേദവ്യാസൻ) said...

ആശംസകള്‍ :) അനുഭവക്കുറിപ്പ് കലക്കി :)

ആഷ | Asha said...

എന്റെ കൈയ്യിൽ ക്യാമറ കൈയിൽ ഉണ്ടെങ്കിൽ എന്‍റെ ഭാര്യ പോലും വരില്ല കൂടെ ! പിന്നെയാണു മറ്റുള്ളവർ!

ഇതു വായിച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം. പുണ്യാളന്റെ അവസ്ഥയും ഇതൊക്കെ തന്നെ :))