Tuesday, April 26, 2011

ഫോട്ടോഗ്രാഫി മത്സരം-2 (പൂവ് / പൂക്കൾ): Result

കൂട്ടുകാരേ,

മത്സരത്തിന് പൂവ് / പൂക്കള്‍‌ എന്ന വിഷയം തിരഞ്ഞെടുത്തത് കൂടുതല്‍‌ പേര് ഈ മത്സരത്തില്‍‌ പങ്കെടുക്കണം എന്ന ഉദ്ദേശത്തിലായിരുന്നു, അത് സഫലമായി, 46 എന്‍‌ട്രികള്‍‌! വളരെ എളുപ്പത്തില്‍‌ കിട്ടുന്ന വിഷയമായതുകൊണ്ട് വളരെയധികം എന്ട്രികള്‍‌ - അതു കൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ടുകളും, എങ്കിലും അത് സന്തോഷദായകമാണ് - കുറേയധികം ഇ-മെയിലുകളില്‍‌ നിന്ന് 46 ഫോട്ടോകളെ നമ്പര്‍‌ കൊടുത്ത് അടുക്കി പെറുക്കി പോസ്റ്റാക്കുക ,ഇത്രയധികം ഫോട്ടോകളെ താരതമ്യം ചെയ്ത് മാര്‍‌ക്കിടുക, ഓരോ ഫോട്ടോയ്ക്കും കമന്റെഴുതുക , പിന്നെ ഇതെല്ലാം ചേര്‍‌ത്ത് ഫലപ്രഖ്യാപനം നടത്തുക - ഇതെല്ലാം ഭംഗിയാക്കിയ നവീന്‍ മാത്യൂ (സപ്തവര്‍‌ണ്ണങ്ങള്‍‌ )വിനും ബിന്ദു.കെ.പിയ്ക്കും ഫോട്ടോ ക്ലബ് ടീമിന്റെ അനുമോദനങ്ങള്‍‌!!

മത്സരം പ്രഖ്യാപിച്ചപ്പോള്‍‌ ‘പൂവ് / പൂക്കള്‍‌’ എന്ന വിഷയം വളരെ ലളിതമായി എന്ന് ചില അഭിപ്രായങ്ങളുണ്ടായല്ലോ :) ഫോട്ടോ എടുത്തു തുടങ്ങിയപ്പോള്‍‌ മനസ്സിലായികാണും നിസ്സാരം എന്ന് വിചാരിച്ചിരുന്ന ഒരു വിഷയം പോലും എത്ര വിഷമകരമാണ് എന്ന്! വളരെയധികം ചിത്രങ്ങള്‍‌ വരാന്‍‌ സാധ്യതയുള്ളതു കൊണ്ട് തന്നെ വേറിട്ടു നില്‍‌ക്കുന്ന ഒരു നല്ല ചിത്രം വേണം, ഒരു സ്നാപ് ഷോട്ടായി ഒതുങ്ങാതെ കഥയുള്ള ഒരു ഷോട്ട്, അത് നന്നായി ഫ്രെയിം ചെയ്ത് ഷൂട്ട് ചെയ്യണം, അത്യാവശ്യം കറക്ഷന്‍‌ നടത്തണം. ഇങ്ങനെ തന്നെ കുറച്ചധികം ഷൂട്ട് ചെയ്തിട്ടുള്ളവര്‍‌ അതില്‍‌ നിന്ന് നല്ല ഒരെണ്ണം തിരഞ്ഞെടുത്ത് മത്സരത്തിന് അയിക്കണം - കുറച്ച് ബുദ്ധിമുട്ട് തന്നെ !!

മത്സരം പ്രഖ്യാപിച്ച ശേഷം പൂവ് / പൂക്കള്‍‌ - ഫോട്ടോയെടുക്കുമ്പോള്‍‌ ശ്രദ്ധിക്കേണ്ട ചില ടിപ്പുകള്‍‌ പ്രസിദ്ധീകരിച്ചിരുന്നു. അവയൊക്കെ വന്നതിനുശേഷവും മിക്ക ചിത്രങ്ങളും ഒരു സ്നാപ്ഷോട്ടായി മാത്രമായിപ്പോയി എന്നത് ഒരു സങ്കടകരമായ കാര്യമാണ്. വളരെ ലളിതമായ ഈ വിഷയത്തിലും 10 നല്ല ചിത്രങ്ങളില്‍‌ കൂടുതല്‍‌ വന്നില്ല എന്നത് നിരാശാജനകമായി തോന്നുന്നു.

അതിലേറെ ഞങ്ങളെ നിരാശപ്പെടുത്തിയത് കാണികളുടെ കമന്റുകളായിരുന്നു. വെറും 21 കമന്റുകള്‍‌ മാത്രമാണ്‌ ഞങ്ങള്‍ക്ക് ലഭിച്ചത്, അതായത് മൊത്തം മെമ്പേര്‍സില്‍‌ 95% പേരും ഒരു കമന്റ് പോലും ഇട്ടില്ല എന്നത് ഇതിനു പിന്നില്‍ പ്രവൃത്തിച്ചവരേയും ഈ മല്‍സരത്തില്‍‌ പങ്കെടുത്തവരേയും ഒരേപോലെ നിരുല്‍സാഹപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു. തീര്‍‌ച്ചയായും ഇതിലെങ്കിലും മെമ്പേര്‍സിന്റെ സഹകരണം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

നവീന്‍ മാത്യൂവിന്റെ കമന്റുകളോടൊപ്പം അദ്ദേഹം ഓരോ ഫോട്ടോയ്ക്കും നല്‍കിയിരിക്കുന്ന ഗ്രേഡും താഴെ കാണാം.

Entry No: 1


Grade : B
Photographer: Ambily vinod 
വെള്ള പെറ്റൂണ്യ പൂക്കളുടെ ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ ‘ഹാര്‍‌ഷാ’യിട്ടുള്ള പ്രകാശമാണ്. ആവശ്യത്തിന് വെളിച്ചമുള്ളയിടങ്ങളില്‍‌ വളരുന്ന ഈ ചെടിയിലെ പൂക്കളുടെ പടമെടുക്കാന്‍‌ സമയം അഡ്ജ്സ്റ്റ് ചെയ്ത് പോയിരുന്നെങ്കില്‍‌ ഫ്ലാഷ് വെളിച്ചം ഒഴിവാക്കാമായിരുന്നു.

Entry No: 2


Grade : B+
Photographer:  sajith K A

നന്നായിട്ട് കമ്പോസ്സ് ചെയ്യാന്‍‌ ശ്രമിച്ചിട്ടുണ്ട്, അതില്‍‌  ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. പ്രകാശം കുറച്ചു കൂടി നിയന്ത്രിക്കുവാന്‍‌ സാധിച്ചിരുന്നെങ്കില്‍‌ ആ പൂവിതളിന് ഒരു സോഫ്റ്റ്നെസ്സ് കിട്ടുന്ന രീതിയില്‍‌ ചിത്രമെടുക്കാമായിരുന്നു. പ്രധാന പൂവിനെ കുറച്ചുകൂടി ഓഫ്  സെന്ററായി വെച്ചുകൊണ്ട് ഒരു ഷോട്ട് ശ്രമിക്കാമായിരുന്നു. നല്ല ഉച്ച വെളിച്ചത്തില്‍‌ തന്നെയാണ് ഈ ഷോട്ട് എടുത്തതെന്ന് തോന്നുന്നു- അതു കൊണ്ടാകണം ആ ബാക്ക്ഗ്രൗണ്ടില്‍‌ വരുന്ന ഇലകളുടെ ഭാഗം ഇരുണ്ട് പോയത്.

Entry No: 3


Grade : B
Photographer:  Renjith Kumar

സ്നാപ്പ്ഷോട്ട് എന്ന നിലയിലേക്ക്  ഒതുങ്ങി പോയ നല്ല ഒരു ചിത്രം. മഞ്ഞ പൂവിന് പച്ച ബാക്ക്ഗ്രൗണ്ട് നന്നായി യോജിച്ചു പോകുന്നുണ്ട്, ഫ്രെയിമിന്റ്റെ മധ്യത്തില്‍‌ തന്നെ മൊത്തം പൂവിനെ വെച്ചൂകൊണ്ട് മുകളില്‍‌ നിന്ന് ഒരു ഷോട്ട്.  ഈ പൂവ് എല്ലാവരും എടുത്ത് എടുത്ത് കണ്ട് മടത്ത ഒരു പൂവാണ്. (ഇതേ പ്രശ്നം തന്നെയാണ് റോസാപൂവിട്ട ചിലര്‍‌ക്കും പറ്റിയിരിക്കുന്നത്).  അപ്പോള്‍‌ ഇതില്‍‌ എന്തെങ്കിലും വ്യത്യസ്തത വരുത്തിയില്ലെങ്കില്‍‌ , ചിത്രത്തിന് ആകര്‍‌ഷണീയത് കുറഞ്ഞിരിക്കും. ആ വ്യത്യസ്തത വരുത്തുവാന്‍‌ - ഇവ നല്ല നീണ്ട തണ്ടുകളിലാണ് വളരുന്നത്... അപ്പോള്‍ താഴെ നിന്ന്, വശങ്ങളില്‍‌ നിന്ന് ഒക്കെ ഷോട്ടുകള്‍‌ പരീക്ഷിക്കാവുന്നതായിരുന്നു.

Entry No: 4


Grade : B
Photographer:  Jasy Kasim
ചിത്രം 3ല്‍‌ ഒരു പൂവാണെങ്കില്‍‌ ഇതില്‍‌ ഒരു പൂക്കളുടെ കൂട്ടമാണ്. മുകളില്‍‌ നിന്ന് ഒരു ഷോട്ട് എന്നല്ലാതെ പല അവസ്ഥകളിലെ പൂക്കളെ ഒരു പ്രാധാന്യത്തോടെ കാണിക്കുന്നതില്‍‌ ചിത്രം വിജയിച്ചിട്ടില്ല.

Entry No: 5


Grade : A
Photographer: Rintu 

നന്നായി ശ്രദ്ധിച്ച്  നിര്‍‌മ്മിച്ച ഒരു ഫ്രെയിം.  അസ്തമയ സൂര്യന്‍‌ - ലോട്ടസ് അമ്പലം പശ്ചാത്തലമാക്കി കുറച്ച് വെള്ള / നീല കലര്‍‌ന്ന വെള്ള ജമന്തി(?) പൂക്കളുടെ ചിത്രം.  സ്ഥല സാഹചര്യങ്ങള്‍‌ ഉള്‍‌പെടുത്തുന്നതു വഴി വെറുതെ പൂക്കള്‍‌ എന്ന വിഷയത്തിലേക്ക് കുറച്ച് കൂടി ചേര്‍‌ക്കലുകള്‍‌ നടത്തിയിരിക്കുന്നു. നന്നായിരിക്കുന്നു!!. ഒരു ചിത്രം സ്നാപ്പ്ഷോട്ടില്‍‌ നിന്ന് എന്തെങ്കിലുമൊക്കെ പറയുന്ന ചിത്രമായി മാറുന്നത് ഇങ്ങനെയുള്ള ഷോട്ടുകളിലൂടെയാണ്. കുറച്ചുകൂടി കാത്തിരുന്ന് ആകാശത്തിന് ചുവപ്പ് കൂടിയിരുന്നെങ്കില്‍‌, ആ വെള്ള പൂക്കള്‍‌ക്ക് പകരം വെള്ള അമ്പലത്തിന്റെ പശ്ചാത്തലത്തിന് കുറച്ചുകൂടി കോണ്ട്രാസ്റ്റ് ചെയ്യുന്ന നിറങ്ങളുള്ള പൂക്കളാണെങ്കിലോ...?

Entry No: 6

Grade : A
Judge's Choice : രണ്ടാം സ്ഥാനം
Viewer's Choice : രണ്ടാം സ്ഥാനം

Photographer: Aneez Kodiyathur

റ്റൂലിപ്പ് പൂവിന്റെ ശ്രദ്ധിച്ചെടുത്ത നല്ല ഒരു ചിത്രം. പശ്ചാത്തലത്തിലെ നിറവും പൂവിന്റെ നിറവും ഏകദേശം  ഒരേപോലെയാണെങ്കിലും നല്ലതുപോലെ ഒരുമിച്ച് പോകുന്നുണ്ട്.  തണ്ടിന്റെ പച്ചപ്പും എടുത്ത് കാണിക്കുന്നുണ്ട്. വെര്‍ട്ടിക്കല്‍‌ ഫ്രെയിമും അതില്‍‌ ആ പൂവിനെ പൊസിഷന്‍‌ ചെയ്തിരിക്കുന്നതും നന്നായിട്ടുണ്ട്.

Entry No: 7


Grade : B+
Photographer: Habeeb

വ്യത്യസ്തതയാര്‍‌ന്ന പൂക്കള്‍‌ , ഒരു മരത്തില്‍‌ വളരുന്ന പൂക്കളാണെന്ന ഫീല്‍‌ തരുവാന്‍‌  ഈ ഫ്രെയ്മിന് സാധിച്ചിട്ടുണ്ട്. ബാക്ക് ലൈറ്റിങ്ങ് നന്നായിട്ടുണ്ട്, കുറച്ചു കൂടി നന്നായി ഉപയോഗിക്കാന്‍‌ ശ്രമിച്ചിരുന്നെങ്കില്‍‌ ഇലകളുടെ  രൂപത്തെക്കുറിച്ചും ഒരു  ഐഡിയ കിട്ടിയേനേ. ശക്തമായ ബാക്ക് ലൈറ്റിങ്ങിലും പൂക്കളില്‍‌ ആവശ്യത്തിന് പ്രകാശമുണ്ട്.

Entry No: 8

Grade : B+
 Photographer: Anil Kumar

വ്യത്യസ്തമായ വീക്ഷണകോണില്‍‌ നിന്നുള്ള ഈ ഷോട്ട് വേറിട്ടു നില്‍‌ക്കുന്നു. പക്ഷേ ചിത്രത്തിലെ എല്ലാ ഘടകങ്ങളേയും കൂട്ടിയിണക്കി ഒരു നല്ല ചിത്രമായി മാറ്റാന്‍‌ സാധിച്ചിട്ടില്ല. താമര വെള്ളത്തിലാണോ അതോ നിലത്താണോ വളരുന്നത് എന്ന് ഒരു സംശയം. :-)

Entry No: 9


Grade : A
Photographer: Arun Mathew

നല്ല ചിത്രം. ലൈലാക്ക് നിറത്തിലുള്ള പൂക്കളും ഇരുണ്ട പശ്ചാത്തലവും  പ്രകാശത്തിന്റെ  നേരിയ വ്യത്യാനവും എല്ലാം യോജിച്ച് പോകുന്നു. പ്രധാനപൂവിന്റെ മുകള്‍‌ ഭാഗത്തെ ദളം  മുറിഞ്ഞ് പോകാതെ ഫ്രെയ്മില്‍‌ ഉള്‍‌പ്പെടുത്തുവാന്‍‌ ശ്രദ്ധിക്കാമായിരുന്നു. അതുപോലെ തന്നെ ഇടതുവശത്തെ പൂവിന്റ് ഇതള്‍‌ കുറച്ചുകൂടി ഉള്‍‌പ്പെടുത്താമായിരുന്നു.

Entry No: 10


Grade : B+
Photographer: Anshad Abdulla

എക്സ്പോഷര്‍‌ കുറച്ച് കുറച്ചിരുന്നെങ്കില്‍‌ ആ പൂക്കളിലെ ലൈലാക്ക്/ നീല കുറച്ചുകൂടി തെളിഞ്ഞ് വരുമായിരുന്നു, അതുപോലെ പശ്ചാത്തലത്തിലെ പച്ചപ്പും. പൂവിന്റെ ഘടന കാണിച്ചു തരുന്നതില്‍‌ വിജയിച്ചിട്ടുണ്ട് ഈ ഫ്രെയിം.

Entry No: 11


Grade : B
Photographer: Rajesh Nair

പൂമൊട്ടുകള്‍‌ - ഫ്രെയ്മിലെ മധ്യത്തിലാക്കാതെ ഏതെങ്കിലും വശത്തേക്ക്  ഇടത്ത് താഴേ മൂലയിലേക്ക് വരുന്ന രീതിയില്‍‌ ഫ്രെയിം ചെയ്താല്‍‌  നന്നായേനേ. ഫ്രെയിം മൊത്തം നോക്കുമ്പോള്‍‌ പൂ മൊട്ടുകള്‍‌ തീരെ ചെറുതായതു കൊണ്ട് ഫ്രെയ്മില്‍‌ ഒരു emptyness അനുഭവപ്പെടുന്നു.

Entry No: 12


Grade : B+
 Photographer: Roopith K R

റോസ്സാപൂമൊട്ട് - സ്നാപ്പ് ഷോട്ടില്‍‌ ഒതുങ്ങി പോയ മറ്റൊരു നല്ല ചിത്രം. വെള്ളത്തുള്ളികളൊക്കെയുണ്ടെങ്കിലും ഒരു ഫുള്‍‌ ജീവന്‍‌ തോന്നുന്നില്ല,   മണ്ണിന്റെ / നിലത്തിന്റ് ബാക്ക്ഗ്രൗണ്ട് കൂടിപോയതു കൊണ്ടും പൂവ് ഒരു വശത്ത് ഒതുക്കപ്പെട്ടതായി കാണുന്നതു കൊണ്ടുമാവും.


Entry No: 13


Grade : B+
Viewer's Choice : മൂന്നാം സ്ഥാനം
Photographer: Maneesh Narayanan

ചിത്രം 5 പോലെ  സ്ഥല സാഹചര്യങ്ങള്‍‌ ഉള്‍‌പെടുത്തുന്നതു വഴി വെറുതെ പൂക്കള്‍‌ എന്ന വിഷയത്തിലേക്ക് കുറച്ച് കൂടി ചേര്‍ക്കലുകള്‍‌ നടത്തിയിരിക്കുന്നു.  പൂക്കളും ആ വലിയ മലനിരകളും തമ്മില്‍‌ ഒരു scaling, താരതമ്യം സാധ്യമാകുന്നുണ്ട്.  പോപ്പി പൂക്കള്‍ തന്നെയുള്ള ഫ്രെയിം തന്നെ നല്ല ഒരു  സാധ്യതയുള്ള കേസാണ്.  മല നിരകളെ കുറച്ച് ബ്ലര്‍‌ ചെയ്ത് പൂക്കള്‍‌ക്ക് കുറച്ചു കൂടി പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍‌ കുറച്ചു കൂടി നന്നാകുമായിരുന്നു.


Entry No: 14


Grade : A 
Judge's Choice :രണ്ടാം സ്ഥാനം
 Photographer: Jijo Kurian Moolayil

സ്റ്റേജ് ചെയ്ത ഒരു റ്റേബിള്‍ ടോപ്പ് ചിത്രം. സെറ്റപ്പും, എക്സ്പോഷറും നന്നായിട്ടുണ്ട്. വെറുതെ ഒരു പൂവ് / പൂക്കള്‍‌ എന്നതിനേക്കാളുപരി ഒരു പൂവിന്റെ അവസ്ഥ എന്ന നിലയിലാണ് ഈ ചിത്രം.


Entry No: 15


Grade : A
Photographer: Biju M

14 ലെ പൂവ് തന്നെയാണെല്ലോ 15 ലും. ഇതും നന്നായിട്ടുണ്ട്. തേനീച്ചയെ ഉള്‍‌പെടുത്തുന്നതു വഴി പൂക്കളും അതിനോട് ചുറ്റിപറ്റിയുള്ള ജീവിതങ്ങളും എന്ന നിലയിലേക്കുയര്‍ന്നിരിക്കുന്നു ഈ ചിത്രം. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍‌ ആ തേനിച്ചയെ തന്നെ ഫോക്കസ്സിലാക്കാമായിരുന്നു.


Entry No: 16


Grade : A
Photographer: Noushad P T

ചിത്രം 3പോലെ സ്നാപ്പ്ഷോട്ട് എന്ന നിലയിലേക്ക് ഒതുങ്ങി പോയ നല്ല ഒരു ചിത്രം. മഞ്ഞ പൂവിന് പച്ച ബാക്ക്ഗ്രൗണ്ട് നന്നായി യോജിച്ചു പോകുന്നുണ്ട്. ഓഫ് സെന്റ്രിക്കായിട്ടുള്ള കോമ്പോസിഷന്‍‌ ആയതു കൊണ്ടും  പൂവിന്റെ ഇതളുകള്‍‌ സാധാരണ പോലത്തെയല്ലാത്തതും കൊണ്ടും 3 നേക്കാള്‍‌ മെച്ചപ്പെട്ടു നില്‍‌ക്കുന്നു.


Entry No: 17


Grade : B
Photographer: Abdulla Jasim

പാലപൂവ് (?) ഷോട്ട് ഫോക്കസ്സിലുമല്ല, ഫ്ലാഷ്  കൂടുതല്‍‌ വെളിച്ചം കൊടുത്തതു കൊണ്ട് എക്സ്പോഷര്‍‌ ഇത്തിരി കൂടുകയും ചെയ്തു. വെളിച്ചമുള്ള സമയത്ത് എടുക്കാന്‍‌ ശ്രമിച്ചാല്‍‌ ഫോക്ക്സ്സ് ചെയ്യാന്‍‌ അധികം ബുദ്ധിമുട്ടുണ്ടാകില്ല, ഫ്ലാഷിന്റ ആവശ്യവുമില്ല.


Entry No: 18


Grade : B
Photographer: Kumar S

 അധികം  ഒന്നും ചിന്തിക്കാതെ മുകളില്‍‌ നിന്നെടുത്ത ഒരു സാധാരണ ചിത്രം. പൂവിന്റെ ഒരു വശത്തു നിന്നെടുക്കുവാനും മറ്റു പല ആംഗിളുകള്‍‌ പരീക്ഷിച്ചു നോക്കുവാനും സാധ്യതയുണ്ടല്ലോ.


Entry No: 19


Grade : B
Photographer: Soni
17ല്‍‌ പറഞ്ഞതു പോലെ വെളിച്ചമുള്ള സമയത്ത് ഫോട്ടോ എടുക്കുവാന്‍‌ ശ്രമിച്ചാല്‍‌ ഫ്ലാഷ് ഉപയോഗം കുറക്കാമെല്ലോ. ഫ്ലാഷ് ഉപയോഗിക്കുന്നത് മോശമാണെന്ന അര്‍‌ത്ഥത്തിലല്ല, ഫ്ലാഷ് നിയന്ത്രിച്ച് ഉപയോഗിച്ചില്ലെങ്കില്‍‌ പൂക്കളില്‍‌ കൂടുതല്‍‌ വെളിച്ചം പതിക്കും, അപ്പോള്‍‌ ആ ഇതളുകളുടെ  tenderness ചിത്രത്തില്‍‌ ലഭിക്കില്ല.


Entry No: 20


Grade : B
Photographer: Amal

ഇത് നല്ല ചിത്രമാണ് - ക്രോപ്പ്  /  ഫ്രെയിം  ചെയ്തപ്പോള്‍‌ ഇതളുകള്‍‌ വശങ്ങളോട് ഒട്ടി നില്‍‌ക്കാതെ / മുറിഞ്ഞു പോകാതെ ശ്രദ്ധിക്കാമായിരുന്നു. വശങ്ങളില്‍‌ കുറച്ചുകൂടി സ്ഥലം കൊടുത്തിരുന്നെങ്കില്‍‌  ഫ്രെയ്മില്‍‌ ഇങ്ങനെ ഞരുക്കി ഒതുക്കിയ ഫീല്‍‌ വരാതിരുന്നേനെ. സ്നാപ്ഷോട്ടായി ഒതുങ്ങി പോയി, പൂവിനെ ചുറ്റിപറ്റിയെ എന്തെങ്കിലും കൂടിയുള്‍‌പ്പെടുത്താമായിരുന്നു.


Entry No: 21


Grade : B
Photographer: Siya Shamin

റോസാപൂവ് നല്ല രീതിയില്‍‌ എക്സ്പോസ്സ് ചെയ്തിട്ടുണ്ട്, ഇതില്‍‌ ആ ഇതളുകളുടെ tenderness  മനസ്സിലാകുന്നുണ്ട്.  എങ്കിലും സ്നാപ്ഷോട്ട് എന്ന നിലയില്‍‌ നിന്ന് ചിത്രം ഉയര്‍‌ന്നിട്ടില്ല.  മുകളില്‍‌ നിന്ന് ഷൂട്ട്  ചെയ്യാതിരുന്നെങ്കില്‍‌ ആ തറ പശ്ചാത്തലമായി വരുന്നത് ഒഴിവാക്കാമായിരുന്നു. 


Entry No: 22


Grade : B
Photographer: Micky Mathew

21 പോലെ തന്നെ 22-ഉം. ഇത് വശത്തു നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത്, പുറകില്‍‌ ആ ഭിത്തിയൊക്കെ കാണാം. റോസാ ചെടി കുത്തി നിര്‍ത്തിയിരിക്കുന്ന ഇരുമ്പ് കമ്പിയും കാണാമെല്ലോ :-)


Entry No: 23


Grade : A
Photographer: Vinod Manicketh

വ്യത്യസ്തമായ പൂക്കള്‍‌, എക്സ്പോഷറും നന്നായിട്ടുണ്ട്.  ഇലകള്‍‌ കൂടി ചേര്‍‌ത്തിട്ടുണ്ട് ഫ്രെയ്മില്‍‌. നീണ്ട് ഉയര്‍‌ന്നു പോകുന്ന ഇലകളും പൂക്കളുമായതു കൊണ്ട് ആ ഉയര്‍‌ച്ചയെ നന്നായി ചിത്രീകരിക്കുവാന്‍‌ ഒരു വെര്‍‌ട്ടിക്കല്‍‌ ഫ്രെയ്മിന് സാധിക്കും.  കുറേ ക്ലോസപ്പ് - മാക്രോയിലേക്ക് പോയാല്‍‌  നല്ല അബ്സ്റ്റ്രാറ്റ് ചിത്രങ്ങള്‍‌ക്കും വകുപ്പുണ്


Entry No: 24


Grade : A
Judge's Choice : മൂന്നാം സ്ഥാനം
 Photographer: Sunil Warrier

ഈ മത്സരത്തിലെ ഒരേ ഒരു abstract ചിത്രം. നല്ല ചിന്ത, നല്ല ഫ്രെയ്മിങ്ങ്. എന്തു കൊണ്ട് വെള്ള പൂവ്?  ലൈറ്റിങ്ങ് കുറച്ച് ഫ്ലാറ്റായി തോന്നുന്നു,  അത്  വെള്ള പൂവായതു കൊണ്ടാണെന്ന് തോന്നുന്നു. ലൈലാക്ക്, ഇളം മഞ്ഞ - ഈ നിറങ്ങളായിരുന്നെങ്കില്‍‌ ഈ ഫ്ലാറ്റ് ലൈറ്റ് ഫീലിങ്ങ് ഉണ്ടാകുമായിരുന്നോ എന്ന് സംശയം.


Entry No: 25


Grade : A
Photographer: Krishna Kumar K.P   

നല്ല ഒരു പെയിന്റിങ്ങ് പോലെ.. ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നു. പൂക്കളുടെ അകലം, കുറഞ്ഞ ഡെപ്ത്, ഇതു വഴി ഈ എഫക്റ്റ്  കിട്ടും. പ്രധാന പൂവ് മൊത്തതില്‍‌ ഫോക്കസ്സിലായിരുന്നെങ്കില്‍‌ നന്നായേനേ. പൂമൊട്ടും കൊഴിഞ്ഞ പൂവും എല്ലാം ഉള്‍‌പ്പെടുത്തിയെങ്കിലും കുറഞ്ഞ ഡെപ്തു കൊണ്ട് ബ്ലര്‍‌ ചെയ്തിരിക്കുന്നു, അതിനാല്‍‌ പ്രധാന പൂവിന് പ്രാധാന്യം കുറയുന്നില്ല.


Entry No: 26


Grade : B
Photographer: Naushad K V

ചിത്രം 21 പോലെ മുകളില്‍‌ നിന്ന് മറ്റൊരു റോസ്സാപ്പൂവിന്റെ ചിത്രം. ചുവപ്പ് കുറച്ച് അധികമായി പോയി ( ഓവര്‍‌ സാചുറേറ്റഡ്) - ചിലപ്പോള്‍‌ ക്യാമറയിലെ സെറ്റിങ്ങുകളുടെ കുഴപ്പമായിരിക്കാം. മൊബൈല്‍‌ ക്യാമറ കൊണ്ടെടുത്തതാണോ?


Entry No: 27


Grade : B
 Photographer: Kiran V B

ചെമ്പരത്തി പൂവിന്റെ വശത്തു നിന്നുള്ള ഷോട്ട്. പശ്ചാത്തലം നന്നായിട്ടുണ്ട്. പക്ഷേ പ്രധാന വിഷയം ചെമ്പരത്തി പൂവ് ഇലയുടെ അടിയില്‍‌ ഒളിച്ചു പോയി..ഇലകളിലേക്ക് ഫോക്കസ്സ് പോയതു കൊണ്ട് പൂക്കള്‍‌ ഇത്തിരി ക്ലാരിറ്റി കുറഞ്ഞിട്ടുണ്ട്. ഇലകളെ കുറച്ചു മാറ്റിയെടുത്തിരുന്നെങ്കില്‍‌ ഫോക്കസ്സിങ്ങ് പ്രശ്നം ഒഴിവാക്കാമായിരുന്നു.


Entry No: 28


Grade : B
 Photographer: Musthapha

21, 26  റോസാപൂ ചിത്രങ്ങള്‍‌ പോലെ മറ്റൊരെണ്ണം.  അടുത്ത് ചെന്നെടുത്തതാണെല്ലോ, എന്നാല്‍‌ കൂറച്ചു കൂടി അടുത്ത് ചെന്ന് മാക്രോ മോഡില്‍‌ ഒരു ഷോട്ട് ശ്രമിക്കാമായിരുന്നു..24 ഒഴികെ ഈ മത്സരത്തില്‍‌ മാക്രോ ഷോട്ടുക‌ള്‍‌ ഒന്നും തന്നെയില്ല.


Entry No: 29


Grade : B
Photographer: Hari Prasad

ഗ്രീറ്റിങ്ങ് കാര്‍‌ഡ് ശൈലിയില്‍‌ ഫോട്ടോ എടുക്കാനുള്ള ഉദ്യമം കൊള്ളാം. പക്ഷേ നിറങ്ങള്‍‌ യോജിക്കുന്നില്ല. കടും ചുവപ്പ് വിരിയും ഒരു റോസ് നിറത്തിലുള്ള ഷാളും  ഇളം നീല  നിറത്തിലുള്ള പൂക്കളും അങ്ങോട്ട് യോജിക്കുന്നില്ല. അതു പോലെ ശൂന്യമായ സ്ഥലം ഒത്തിരിയുണ്ട് ഈ ഫ്രെയ്മില്‍‌.


Entry No: 30


Grade : B
Photographer: Sujish T (Nalli)

ചെമ്പരത്തി പൂവിന്റെ പൊസിഷനിങ്ങ്  കൊള്ളാം. കുറച്ചു കൂടി മുന്‍‌പോട്ടാക്കി എല്ലാ ഇതളുകളും ഉള്‍‌പ്പെടുത്താനുള്ള സ്ഥലം ഈ ഫ്രെയ്മില്‍‌ തന്നെയുണ്ടല്ലോ. പൂവ് മൊത്തത്തില്‍‌ ക്ലിയറായി വരാന്‍‌ കൂടിയ ഡെപ്ത് ഉപയോഗിക്കണമായിരുന്നു ( അപ്പേര്‍‌ച്ചര്‍‌ കൂട്ടണം). അപ്പോള്‍‌ നീണ്ട് നില്‍‌ക്കുന്ന stamen and stigma കൂടി നല്ല വ്യക്തമായി വരും.  വേറൊരു ചോയിസ്സ് ആ  stamen and stigma യില്‍‌ ഫോക്കസ്സ് ചെയ്ത് ഇതളുകള്‍‌ ബ്ലറാക്കിയുള്ള ഒരു ഷോട്ടായിരുന്നു.


Entry No: 31


Grade : A
Photographer: Shaji Varghese

ഡാന്‍‌ഡലിയോണ്‍‌ -  വെളിച്ചത്തിന്റെ variation  ഈ ചിത്രത്തെ കൂടുതല്‍‌ ജീവനുള്ളതാക്കുന്നു. അതു പോലെ ബ്ലര്‍‌ ആയിരിക്കുന്ന പശ്ചാത്തലത്തിലുള്ള ഇലകളും , താഴെ പൂവിന്റെ കുറച്ചു ഭാഗവും ആ ഫ്രയ്മിനെ നന്നായി ഫില്ല് ചെയ്യുന്നു. 


Entry No: 32


Grade : B
Photographer: Ali

ഫോക്കസ്സും പ്രാധാന്യവും പൂവിനേക്കാള്‍‌  ഇലകള്‍‌ക്കായി പോയി. എങ്കിലും ഈ ഷോട്ട്  കമ്പോസ്സ് ചെയ്തിരിക്കുന്നത് നല്ല രീതിയില്‍‌ തന്നെയാണ്. പൂവിന്റെ അകവശം കുറച്ച് കാണത്തക്ക വിധം ഷോട്ട് പ്ലാന്‍‌ ചെയ്തിരുന്നെങ്കില്‍‌ കൂടുതല്‍‌ നന്നാകുമായിരുന്നു.


Entry No: 33


Grade : B+
Photographer: Sandeep Kalapurakkal 

ചെറുതായിട്ട് കാണുമ്പോള്‍‌ നല്ല ഷോട്ട്, എന്നാല്‍‌ വലുതായി / ഒറിജിനല്‍‌ സൈസ്സില്‍‌ കാണുമ്പോള്‍‌ ഷേക്കായിരിക്കുന്ന പോലെ അവ്യക്തത. ഏതെങ്കിലും ഒരു പൂവോ അല്ലെങ്കില്‍‌ എല്ലാ പൂക്കളും ഫോക്കസ്സിലല്ലാത്ത ഒരു ഫീല്‍‌. പക്ഷേ പച്ചയും വെള്ളയും വെള്ളക്കുള്ളിലെ ഇളം മഞ്ഞയും  പരസ്പരം യോജിച്ച് നല്ല കളര്‍‌ മാച്ച് തരുന്നുണ്ട്.


Entry No: 34

Grade : B
 Photographer: Akhil T S

പച്ചയും വെള്ളയും വെള്ളക്കുള്ളിലെ ഇളം മഞ്ഞയും  നല്ല മാച്ച്.  പക്ഷേ ഒരു ക്രോപ്പ് ചെയ്ത, അല്ലെങ്കില്‍‌ ഒരു മൂലയ്ക്ക് ഒതുക്കപ്പെട്ട് പൂവ് ഫീലാണ് തോന്നുന്നത്. മുകളിലേക്ക് നോക്കി നില്‍‌ക്കുന്ന പൂവായതു കൊണ്ടാണോ അങ്ങനെ തോന്നുന്നത് എന്ന് സംശയിക്കുന്നു. അകം കാണുന്ന രീതിയില്‍‌ താഴേക്ക് നോക്കുന്ന പൂവായിരുന്നെങ്കില്‍‌ കുറച്ചുകൂടി കണക്ഷന്‍‌ കിട്ടുമായിരുന്നു.


Entry No: 35


Grade : A
Viewer's Choice : ഒന്നാം സ്ഥാനം
Photographer: Styphinson Toms
  
അധികമൊന്നും കാണാത്ത വ്യത്യസ്തമായ പൂവ്!. അത് നന്നായി കമ്പോസ്സ് ചെയ്തിരിക്കുന്നു. എക്സ്പോഷറും നന്നായിട്ടുണ്ട്. ഇടതു വശം അത്രെയും കൂടുതല്‍‌ ഒഴിച്ചിടാതിരുന്നെങ്കില്‍‌, അല്ലെങ്കില്‍‌ അവിടെ എന്തെങ്കിലും ബ്ലര്‍‌ ആക്കി ഫില്‍‌ ചെയ്തിരുന്നെങ്കില്‍‌ ഒന്നു കൂടി നന്നാകുമായിരുന്നു


Entry No: 36


Grade : B
 Photographer: Suresh Kumar

ജെര്‍‌ബെറ പൂവിന്റെ ഒരു സാധാരണ ചിത്രം, അതും മധ്യത്തില്‍‌ തന്നെ വെച്ചു കൊണ്ട് ഫ്രെയിം കമ്പോസ്സ് ചെയ്തിരിക്കുന്നു.പ്രത്യേകിച്ച് ആകര്‍‌ഷകമായതൊന്നും ഈ ഷോട്ടില്‍‌ കാണാനില്ല.


Entry No: 37


Grade : B
 Photographer: Mini K

പൂവ് നില്‍‌ക്കുന്നത് കണ്ട് നല്ല ഭംഗി തോന്നി ഫോട്ടോയെടുത്താല്‍‌ ഫോട്ടോയില്‍‌ അതുപോലെ വരില്ല എന്നതിന് ഒരു ഉദാഹരണം കൂടി.  ഒരു cluttered ഫീലാണ് ആ പൂക്കളെല്ലാം കൂടി കാണുമ്പോള്‍‌ .  ഒരു വെര്‍‌ട്ടിക്കല്‍‌ ഫ്രെയ്മില്‍‌ ആ പൂവിന്റെ നിരപ്പില്‍‌ തന്നെ - ഒന്നോ രണ്ടോ കുലകളെ മാത്രമാക്കി ഷോട്ട് പ്ലാന്‍‌ ചെയ്തെടുത്തിരുന്നെങ്കില്‍‌ മെച്ചപ്പെട്ട ചിത്രം ലഭിക്കുമായിരുന്നു.  ഈ പൂവിന്റെ മാക്രോകള്‍‌ക്ക് ഒരു abstarct nature കിട്ടുവാന്‍‌ എളുപ്പമാണ്.


Entry No: 38


Grade : B+
Photographer: Sameer

പൂവിന്റെ അകത്തെ പാറ്റേണുകള്‍‌ കൊണ്ട് നിറച്ച ഒരു ഫ്രെയിം, ഈ ചിത്രം പോലെ ഒരെണ്ണം മാത്രമേയൊള്ളൂ ഈ മത്സരത്തില്‍‌. പാറ്റേണുകള്‍‌  മധ്യത്തില്‍‌ നിന്ന്  ഫ്രെയ്മിന്റെ  പുറത്തേക്ക് പോകുന്നത് നന്നായി എടുത്തിട്ടുണ്ട്.  എങ്കിലും അധികമൊന്നും പ്രത്യേകതകള്‍‌ അവകാശപെടാനില്ലത്ത ചിത്രം.


Entry No: 39


Grade : B+
Photographer: Jumana(A 15 year old girl)

മറ്റൊരു റോസാപ്പൂ ചിത്രം കൂടി. എക്സ്പോഷര്‍‌ നന്നായിരിക്കുന്നതു കൊണ്ട് ആ റോസാദളങ്ങളിലെ tenderness  ഫീല്‍‌ ചെയ്യുന്നുണ്ട്. ഇലകളും പശ്ചാത്തലവും മോശമല്ല. എങ്കിലും  center based composition  ആയതു കൊണ്ടും വശങ്ങളില്‍‌ ഒന്നുമില്ലാത്തതു കൊണ്ടും നെഗറ്റീവ് സ്പേസ്സ് കൂടുതല്‍ തോന്നിക്കുന്നു.


Entry No: 40


Grade : B+
Photographer: Pratheep Srishti

ഇത്രയും നല്ല സുന്ദരമായ morning glory ലഭിച്ചിട്ടും നന്നായി ഉപയോഗിക്കുവാന്‍ സാധിച്ചിട്ടില്ല ഫോട്ടോഗ്രാഫര്‍‌ക്ക്. 2എണ്ണത്തിനേയും ഒരേപോലെ ഉള്‍‌പ്പെടുത്താന്‍‌ ശ്രമിച്ചതു കൊണ്ട് അവിടെയും ഇവിടേയും ഇല്ലാതെ പോയി. ഒരു പൂവിനെ നേരെ മുന്‍‌പില്‍‌ നിന്ന് ഷൂട്ട് ചെയ്താല്‍‌ ഇതിലും മെച്ചപ്പെട്ട ചിത്രം കിട്ടും. ഈ പൂവിന്റെ ഇതളുകള്‍‌ back lighting  ല്‍‌ നല്ല സ്കോപ്പുള്ള വിഷയമാണ്. ആ ഇതളുകള്‍‌ക്കിടയിലുള്ള വര പോലെയുള്ളത് ലീഡ് ലൈനായി ഉപയോഗിച്ചാല്‍‌ നല്ല ശക്തമായ കമ്പോസിഷനുകള്‍‌ ലഭിക്കും.


Entry No: 41


Grade : B+
 Photographer: (Baiju)Pyngodan

നല്ല ഉദ്യമം, പക്ഷേ എവിടുന്നോ തൂക്കിയിട്ടിരിക്കുന്നതു പോലെയൊരു ഫീല്‍‌. അതുപോലെ തന്നെ നെഗറ്റീവ് സ്പേസ്സ് ഫീല്‍‌ കൂടുതലായി തോന്നുന്നു. മോശം ഷോട്ട് എന്നല്ല, കുറച്ചുകൂടി റ്റൈറ്റായി ക്രോപ്പ് ചെയ്ത ഫ്രെയിം കൂടുതല്‍‌ നന്നാകുമായിരുന്നു എന്ന് തോന്നുന്നു.


Entry No: 42


Grade : B+
 Photographer: Pradeepkumar

ഷോട്ട് കമ്പോസ്സ് ചെയ്തിരിക്കുന്ന രീതി കൊള്ളാം. നേരെ നില്‍‌ക്കുന്ന പൂവിന്റെ മധ്യത്തില്‍‌ ആവശ്യത്തിന്‌ പ്രകാശമില്ല, അതു പോലെ ആ പൂവിതളുകളും കുറച്ച് under exposed ആണ്.


Entry No: 43


Grade : B+
Photographer: Sul
നല്ല വ്യക്തതയുള്ള ഷാര്‍‌പ്പ് ഷോട്ട്. പക്ഷേ പ്രധാനവിഷയമായ പൂക്കള്‍‌  over exposed  ആയി പോയി. ഈ പൂവിതളുകളുടെ  tenderness, translucent nature  എല്ലാം ഈ ഷോട്ടില്‍‌ പ്രകാശം കൂടുതലായി പതിഞ്ഞിരിക്കുന്നതു കൊണ്ട് നഷ്ടപ്പെട്ടു.


Entry No: 44


Grade : B+
Photographer: Sunil Kumar

ലീഡ് ലൈനുകളുടെ പിന്‍‌ബലത്തില്‍‌ നല്ല ഒരു ഫ്രെയ്മുണ്ടാക്കാനുള്ള ഉദ്യമം. ശക്തമായ ലീഡ് ലൈനുകള്‍‌ക്കിടയില്‍‌ ഈ ചുവപ്പ് നിറങ്ങളുള്ള പൂക്കള്‍‌ക്ക് പിടിച്ചു നില്‍‌ക്കാനായോ എന്ന് സംശയിക്കുന്നു. കുറച്ചുകൂടി bright colors ലുള്ള പൂക്കളായിരുന്നെങ്കില്‍‌ അവയ്ക്ക്  ശ്രദ്ധ പിടിച്ചുപറ്റാന്‍‌ എളുപ്പമാകുമായിരുന്നു. പൂവിന് പാകത്തിന് എക്സ്പോഷര്‍‌ ഉണ്ട്, നല്ല ഷേപ്പിലുള്ള പൂക്കളാണു താനും. പുറകിലുള്ള ശക്തമായ ലീഡ് ലൈന്‍‌ ചതുരങ്ങള്‍‌ പൂക്കളെ supress ചെയ്യുന്നതായി തോന്നുന്നു.


Entry No: 45


Grade : B+
Photographer: Raghuraj

നല്ല ചിത്രം. വലുതായി കാണുമ്പോള്‍‌    ഒരു വ്യക്തത കുറവ് തോന്നുന്നു. അതു മിക്കവാറും ക്യാമറയുടെ പരിമിതിയാണെന്ന് തോന്നുന്നു.  വെള്ള പൂക്കള്‍‌ പൂര്‍‌ണ്ണമായും മഞ്ഞ / പച്ച പശ്ചാത്തലത്തിലായിരുന്നെങ്കില്‍‌ ഒന്നു കൂടി മെച്ചപ്പെട്ട ചിത്രമാകുമായിരുന്നു.


Entry No: 46


Grade : A
Judge's Choice : ഒന്നാം സ്ഥാനം
 Photographer: Dipin Soman

മത്സരത്തിന് ലഭിച്ച ഏറ്റവും മികച്ച ചിത്രങ്ങളില്‍‌ ഒന്ന്. നന്നായി പ്ലാന്‍‌ ചെയ്തെടുത്ത ചിത്രം.  വീണു കിടക്കുന്ന ആ പൂവിന്റെ പുറകിലേക്കുള്ള അവശേഷിപ്പുകള്‍‌ കുറച്ചു കൂടി ( പൊടിക്ക്) വ്യക്തമാക്കിയാലും കുഴപ്പമുണ്ടാകില്ലായിരുന്നു.   എങ്കിലും അകാലത്തില്‍‌ കൊഴിഞ്ഞു വീണ ഒരു പൂവിന്റെ ഫീല്‍‌ നന്നായി പ്രദാനം ചെയ്യുന്നുണ്ട്.   തറ നിരപ്പിനോട് ചേര്‍‌ന്ന് വരുന്ന വീക്ഷണകോണ്‍‌ കിട്ടുവാന്‍‌ ഫോട്ടോഗ്രാഫര്‍‌  കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ടാകും.



ഈ മല്‍‌സരത്തിന്റെ ജഡ്ജ് നവീന്‍ മാത്യൂ തിരഞ്ഞെടുത്ത ചിത്രങ്ങള്‍‌

ഒന്നാം സ്ഥാനം  : Entry No : 46 
രണ്ടാം സ്ഥാനം :  Entry No : 6 & Entry No : 14 
മൂന്നാം സ്ഥാനം :  Entry No : 24 

ഈ മല്‍‌സരത്തില്‍‌ വായനക്കാര്‍‌ ഇഷ്ടചിത്രമായി തിരഞ്ഞെടുത്തവ,

ഒന്നാം സ്ഥാനം  : Entry No : 35 
രണ്ടാം സ്ഥാനം :  Entry No : 6 
മൂന്നാം സ്ഥാനം :  Entry No : 13 


-ഫോട്ടോക്ലബ്ബ് ടീം

40 comments:

Unknown said...

1. ഒന്നാം സ്ഥാനം : Entry No:6
2.രണ്ടാം സ്ഥാനം : Entry No:3
3. മൂന്നാം സ്ഥാനം : Entry No:31

Sarin said...

its great to see more number of entries here...
there are many good photographs..My votes goes to
#1 :6
#2 :41
#3 :25

സാൽജോ said...

ഫോട്ടോകൾ lightbox (http://www.huddletogether.com/projects/lightbox2/) പോലെ എതെങ്കിലും പ്ലഗിനിൽ ആക്കി ഇട്ടിരുന്നെങ്കിൽ വലിപ്പവും, മിഴിവും നൽകിയേനേ. തീരെ താല്പര്യം തോന്നിക്കാത്ത ചിലത് വലുതാക്കുമ്പോൾ രസം തോന്നുന്നുണ്ട്. കോമ്പോസിഷന്റെ കഴിവ് തോന്നിപ്പിക്കുന്ന ഒന്നുമില്ല :(

മുസ്തഫ|musthapha said...

ഒന്നാം സ്ഥാനം: Entry No: 40
രണ്ടാം സ്ഥാനം: Entry No: 35
മൂന്നാം സ്ഥാനം: Entry No: 12

Prasanth Iranikulam said...

ലൈറ്റ് ബോക്സ് എനേബിള്‍ ആണല്ലോ സാല്‍ജോ....ബ്ലോഗ് മുഴുവനായി ലോഡ് ആയതിനുശേഷെം എല്ലാ ചിത്രങ്ങളും ക്ലിക്ക് ചെയ്ത് വലുതാക്കി കാണാമല്ലോ..

NPT said...

1.ഏണ്ട്രി 31
2.ഏണ്ട്രി 38
3.ഏണ്ട്രി 25

Styphinson Toms said...

ഒന്നാം സ്ഥാനം : Entry No:35
രണ്ടാം സ്ഥാനം : Entry No:41
മൂന്നാം സ്ഥാനം : Entry No:16

അലി said...

ഒന്നാം സ്ഥാനം : Entry No:13
രണ്ടാം സ്ഥാനം : Entry No:42
മൂന്നാം സ്ഥാനം : Entry No:32

Sandeep pampally said...

Entry No: 19

പലചിത്രങ്ങളും മികച്ചതാണ്. എങ്കിലും ചിലത് ശരാശരി നിലവാരം പുലര്‍ത്താത്തതും ഉണ്ട്. പവിഴമല്ലിയുടെ ഈ ചിത്രം മികച്ചു നില്‍ക്കുന്നു. കാരണം ബാക്ഗ്രൗണ്ട് കട്ട്‌ചെയ്ത് മനോഹരമായി എടുത്തിരിക്കുന്നു....ഒന്നാം സ്ഥാനത്തിന് ഇത് അര്‍ഹമാണെന്ന് തോന്നുന്നു...

Renjith Kumar CR said...

ഒന്നാം സ്ഥാനം : Entry No:35
രണ്ടാം സ്ഥാനം : Entry No:29
മൂന്നാം സ്ഥാനം : Entry No:6

- സോണി - said...

ഒന്നാം സ്ഥാനം : Entry No: 35
രണ്ടാം സ്ഥാനം : Entry No: 12
മൂന്നാം സ്ഥാനം : Entry No: 26, 40

(എന്റെ ചിത്രത്തിന് ഞാന്‍ മാര്‍ക്കിടുന്നത് ശരിയല്ലല്ലോ.)

Unknown said...

കോമ്പോസിഷന്റെ കഴിവ് തോന്നിപ്പിക്കുന്ന ഒന്നുമില്ലെന്ന സാൽജോവിന്റെ കമന്റിനടിയിൽ എന്റെ ഒരു ഒപ്പ്

എന്റെ വോട്ടുകൾ

ഒന്നാം സ്ഥാനം : Entry No: Entry No: 35
രണ്ടാം സ്ഥാനം : Entry No: Entry No: 9
മൂന്നാം സ്ഥാനം : Entry No: Entry No: 13

Entry No: 35

നല്ല ഷാർപ്പ് പൂപ്പടം, വെൽ ഫ്രെയിമ്ഡ്

Entry No: Entry No: 9

നല്ല ഷാർപ്പ് പൂപ്പടം, ഫ്രെയിമിങ്ങിൽ കുറച്ചൂടേ ശ്രദ്ധിക്കാമായിരുന്നു.

Entry No: 13

പൂപ്പടം എന്ന സബ്ജെക്റ്റിനപ്പുറമുള്ള ഒരു ലാന്റ്സ്കേപ്പ് ചിത്രം

Naushu said...

ഒന്നാം സ്ഥാനം : Entry No:35
രണ്ടാം സ്ഥാനം : Entry No:42
മൂന്നാം സ്ഥാനം : Entry No:15

Unknown said...

ഒന്നാം സ്ഥാനം : Entry No:14
രണ്ടാം സ്ഥാനം : Entry No:44
മൂന്നാം സ്ഥാനം : Entry No:6

Praveen $ Kiron said...

We feel all most of the photos are well clicked..Anyway when it come to select 3,our choices are

ഒന്നാം സ്ഥാനം : Entry No:15

രണ്ടാം സ്ഥാനം : Entry No:44

മൂന്നാം സ്ഥാനം : Entry No:9

Unknown said...

ഒന്നാം സ്ഥാനം : Entry No: 6
രണ്ടാം സ്ഥാനം : Entry No: 14
മൂന്നാം സ്ഥാനം : Entry No: 44

പാക്കരൻ said...

ഒന്നാം സ്ഥാനം : Entry No:35
രണ്ടാം സ്ഥാനം : Entry No:15
മൂന്നാം സ്ഥാനം : Entry No:8

പൈങ്ങോടന്‍ said...

മികച്ച നിലവാരം പുലര്‍ത്തുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
വിഷയത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍, ചിത്രം 13 വളരെ നല്ലതാണ്. കമ്പോസിങ്ങില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിത്രം 25 മികച്ച ഒരു ചിത്രം ആവുമായിരുന്നു. ഉണങ്ങിയ പൂവ് ഫ്രെയിമില്‍ നിന്നും ഒഴിവാക്കാമായിരുന്നു.

എന്റെ വോട്ട്:

ഒന്നാം സ്ഥാനം : Entry No: 38
പൂവിന്റെ ഇതളുകള്‍ നല്ലൊരു പാറ്റേണ്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നത് നന്നായി തോന്നി.നല്ല എക്സ്പോഷര്‍,കോണ്ട്രാസ്റ്റ്.
രണ്ടാം സ്ഥാനം : Entry No:3
ചിത്രത്തെ എടുത്തുകാണിക്കത്തക്ക രീതിയില്‍ ഉള്ള ഡെപ്ത്.നല്ല എക്സ്പോഷര്‍,നല്ല ഡീറ്റെയിത്സ്
മൂന്നാം സ്ഥാനം : Entry No:35
ചിത്രം 3 കമ്പോസ് ചെയ്ത പോലെ ഇതും കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാവും എന്ന് തോന്നി

Unknown said...

ഒന്നാം സ്ഥാനം : Entry No: 13
രണ്ടാം സ്ഥാനം : Entry No: 40
മൂന്നാം സ്ഥാനം : Entry No: 35

സാജിദ് ഈരാറ്റുപേട്ട said...

ഒന്നാം സ്ഥാനം : Entry No: 13
രണ്ടാം സ്ഥാനം : Entry No: 29
മൂന്നാം സ്ഥാനം : Entry No: 6

Renjith Kumar CR said...

എന്നാണ് ഫലം പ്രസിദ്ധീകരിക്കുന്നത്

Unknown said...

ഒന്നാം സ്ഥാനം : Entry No: 13
രണ്ടാം സ്ഥാനം : Entry No: 6
മൂന്നാം സ്ഥാനം : Entry No: 25

arun said...

ഒന്നാം സ്ഥാനം : Entry No:38
രണ്ടാം സ്ഥാനം : Entry No:6
മൂന്നാം സ്ഥാനം : Entry No:25

The Admirer said...

ഒന്നാം സ്ഥാനം -Entry No:38
രണ്ടാം സ്ഥാനം -Entry No:14
മൂന്നാം സ്ഥാനം -Entry No:46

Photo Club said...

XXXXXXXXX
Voting Closed
XXXXXXXXX

NPT said...

വിജയികള്‍ക്ക് അഭിനന്ദനങള്‍.......
നവീന്‍ മാത്യൂവിനും ബിന്ദു.കെ.പിയ്ക്കും പ്രെത്യെക നന്ദി അറിയിക്കുന്നു..........

Unknown said...

വിജയികള്‍ക്ക് അഭിനന്ദനങ്ങൾ.......

Unknown said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
ഇത്രയും മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്ന ശ്രമകരമായ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.

Naushu said...

വിജയികള്‍ക്കും സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍ ....
Entry No. 26 മൊബൈല്‍ കാമറയില്‍ എടുത്തതാണ് ...

Dreams said...

I could not understand why the entry no.46 was given the first prize. what are your criteria for judging the winning photos...?

അലി said...

വിജയികൾക്കും ഈ മത്സരത്തിന്റെ സംഘാടകർക്കും അഭിനന്ദനങ്ങൾ.

സിമ്പിൾ വിഷയമായിരുന്നിട്ടുകൂടി മികച്ച ചിത്രങ്ങളൊന്നും കണ്ടില്ല.

പൂക്കളൊന്നുമില്ലാത്ത നാട്ടിലാണു ഞാൻ. പൂവുള്ള ഇടങ്ങളിൽ സ്വതന്ത്രമായി ക്യാമറ കൊണ്ട് പടമെടുക്കാനും അനുവാദമില്ല.

അധികമാരും കാണാത്ത പൂവ് എന്ന പ്രത്യേകത മാത്രമെ എന്റെ ചിത്രത്തിനുള്ളു (Entry No:32) മാതളപ്പൂവ്.
പൂവ് വാടിത്തുടങ്ങിയ ഒരു വൈകുന്നേരം എടുത്തതിന്റെ ക്ഷീണം അതിൽ കാണാനുണ്ട്.

ഇനിയും മികച്ച രീതിയിൽ ഈ മത്സരം തുടർന്നു കൊണ്ടുപോകുവാൻ കഴിയട്ടെ.

- സോണി - said...
This comment has been removed by the author.
- സോണി - said...

Entry No. 46 നല്ല ഒരു ചിത്രമാണ്, പക്ഷെ പൂവ്‌ എന്ന വിഷയം കേള്‍ക്കുമ്പോള്‍ ആദ്യം പ്രതീക്ഷിക്കുക, ചെടിയില്‍ നില്‍ക്കുന്ന ഒരു പൂവല്ലേ? ഇതൊരു വീണ പൂവായിപ്പോയി എന്ന് എന്റെ അഭിപ്രായം. പിന്നെ എന്റെ ചിത്രം (Entry No. 19) അത് പവിഴമല്ലി, രാത്രിയില്‍ മാത്രം വിരിയുന്ന പൂവ്‌. പുലരുമ്പോഴെയ്ക്കും അതിന്റെ freshness നഷ്ടപ്പെടും. ചിത്രം രാത്രിയിലേ എടുക്കാനാവൂ. ഫ്ളാഷ് നല്ലതായാല്‍....
അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍. അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു.

Renjith Kumar CR said...

വിജയികള്‍ക്കും ,ജഡ്ജസ്സിനും ഇതിന്റെ അണിയറയില്‍ പ്രവര്തിച്ചവ്ര്‍ക്കും അഭിനന്ദനങള്‍.

ഞാന്‍ സൌദിയില്‍ ആണുള്ളത് ഇവിടെ പുറത്തു പൊയി പടമെടുക്കുന്നത് വളരെ റിസ്ക്കുള്ള കാര്യമാണ് .ഫോട്ടോ ക്ലബ്ബിന്റെ ടിപ്സുകള്‍ ഇനി നാട്ടില്‍ പോകുന്ന സമയത്ത് പരീക്ഷിച്ചു നോക്കുന്നതായിരിക്കും.തുടര്‍ന്നും നല്ല ടിപ്സുകള്‍ പ്രതീഷിക്കുന്നു

Unknown said...

എല്ലാർക്കും ചിയേഴ്സ്ണ്ട് :)

Jasy kasiM said...

വിജയികൾക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ!!

ശ്രീലാല്‍ said...

ഏറ്റവും ഇഷ്ടം തോന്നിയത്
Entry No: 25
കമ്പോസിഷന്‍ ഒന്നുകൂടി ഉഷാറാക്കാമായിരുന്നു.

ഫോട്ടോഷോപ്പല്ലെന്ന് വിശ്വസിക്കുന്നു.

കണ്ണന്‍ said...

എല്ലാവര്ക്കും അഭിനന്ദനങ്ങള്‍!! വിജയികള്‍കും, അണിയറ പ്രവര്തകര്‍കും, പങ്കെടുത്തവര്കും എല്ലാം..

സാജിദ് ഈരാറ്റുപേട്ട said...

എല്ലാ വിജയികള്‍ക്കും ആശംസകള്‍....
ജഡ്ജസും വായനക്കാരും ഒന്നായി തെരഞ്ഞെടുത്തത് ആറാമത്തെ ചിത്രം... അപ്പോ ഒന്നാം സ്ഥാനം അതിനു തന്നെ....

Styphinson Toms said...

വായനക്കാരുടെ ഒന്നാം സമ്മാനം കിട്ടിയതില്‍ ഉള്ള സന്തോഷം ഇവിടെ പങ്കുവെക്കുന്നു
@ പൈങ്ങോടന്‍ മാഷ് ... ഇത് തന്നെ ഞാന്‍ ഏന്തി വലിഞ്ഞു നിന്നാണ് എടുത്തേ .. കുറച്ചു കൂടെ പൊക്കം ഉണ്ടായിരുന്നുവെങ്കില്‍ ആ നിമിഷത്തേക്ക് ഞാനും ആലോചിച്ചു പൊയ്
എനിക്കിഷ്ട്ടപെട്ട രണ്ടു പടങ്ങളില്‍ ഒന്നാണിത് .. മറ്റേതു ഇവിടെ കാണാം .. ഇത് കണ്ടിട്ട് അഭിപ്രായം പറയുക ..

നവീന്‍ മാത്യൂവിനും ബിന്ദു.കെ.പിയ്ക്കും പ്രെത്യെക നന്ദി അറിയിക്കുന്നു..........

ഇനി നിഴല്‍ ചിത്രങ്ങളും തേടി യാത്രയാകുകയായി ..