Sunday, July 4, 2010

Composition techniques 5 : Creating depth

Composition techniques എന്ന സീരീസില്‍ പെടുന്ന നാല് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയ ഒരു സംശയമാണ്, ആ പോസ്റ്റുകളില്‍ എന്ത് പറയാന്‍ ആഗ്രഹിച്ചുവോ ആ കാര്യം വേണ്ടരീതിയില്‍ വായനക്കാരിലേക്ക് വിനിമയം ചെയ്യാതെ പോയിട്ടുണ്ടോ എന്നത്. പലവിധത്തിലുള്ള ഉദാഹരണങ്ങള്‍ കാണിച്ചിട്ടും ചിലര്‍ക്കെങ്കിലും  തെറ്റിധാരണകള്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു. അങ്ങനെ ശരിയായ വിധത്തില്‍ ഈ പോസ്റ്റുകളില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നില്ല എന്നുണ്ടെങ്കില്‍ ദയവായി അറിയിക്കുക.

ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും ഒന്നുകൂടി പറയട്ടെ; composition techniques എന്ന് പറയുന്നത് ഒരു വിധത്തിലും നിയമങ്ങള്‍ അല്ല. ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണ്‌. അതില്‍ ഒരു ചിത്രം എങ്ങനെ കമ്പോസ്‌ ചെയ്യണം എന്നതില്‍ ഫോട്ടോഗ്രാഫര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം ഉണ്ട്.  പ്രതിഭാധനരായ ഒട്ടേറെ ഫോട്ടോഗ്രാഫര്‍മാര്‍ പരീക്ഷിച്ചു വിജയിച്ച ഏറ്റവും നല്ല കമ്പോസിംഗ് രീതികള്‍ ആണ് ഇന്ന് composition techniques എന്ന പേരില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഈ കാര്യങ്ങള്‍. പ്രത്യേകിച്ച് നിയമാവലി ഒന്നുമില്ലാതെ സ്വതസിദ്ധമായി ഒരു ഫോട്ടോഗ്രാഫറുടെ മനസ്സില്‍ നിന്ന് വരേണ്ട ഒന്നാണ് കംപോസിഷനിലെ മികവ്. അതിനായി ഈ പോസ്റ്റുകള്‍ നിങ്ങളെ സഹായിച്ചേക്കാം എന്നുമാത്രം.

ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നതു "creating depth" എന്ന ടെക്നിക് ആണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ "creating sense of depth" അല്ലെങ്കില്‍ ത്രിമാനതയുടെ, അഥവാ ദൂരത്തിന്റെ ഒരു തോന്നല്‍ കാഴ്ച്ചകാരനില്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായകമായ ചില കാര്യങ്ങള്‍. നാം നേരില്‍ കാണുന്ന ഒരു കാഴ്ചയും ഫോട്ടോഗ്രാഫും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ അറിയാമല്ലോ. നേരില്‍ നാം ഒരു കാഴ്ച കാണുമ്പോള്‍ വലിയൊരു സീനിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് നമ്മുടെ കണ്ണുകള്‍ കാണുന്നത്. അതിന്റെ ചുറ്റിലും വരുന്ന distracting ആയ പല കാര്യങ്ങളും നാം ശ്രദ്ധിക്കുകപോലുമില്ല. ഉദാഹരണത്തിന് വളരെ മനോഹരമായ ഒരു പ്രകൃതിദൃശ്യം നാം നേരില്‍ കാണുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായി മാത്രമേ പലപ്പോഴും ഒരു ഫോട്ടോയില്‍ കിട്ടുകയുള്ളൂ . ഇതിനു കാരണം ക്യാമറ കാണുന്ന ഒരു ആംഗിളില്‍, അതിനു മുമ്പിലുള്ള എല്ലാ വസ്തുക്കളെയും അത് ചിത്രത്തില്‍ ആക്കുന്നു എന്നതിനാലാണ്. ഇതിനിടയില്‍ ഫ്രെയിമിന്റെ ഒരു അരികില്‍ തൂങ്ങിക്കിടക്കുന്ന ഒരു വള്ളിചെടിയോ, അല്ലെങ്കില്‍ ഒരു ഇലക്ട്രിക് ‍ൈലനോ ഒക്കെ കയറി വന്നു എന്നുവരാം. നേരിട്ട കാഴ്ചയില്‍ ഇതൊന്നും നാം കാണാറില്ല. ഫോട്ടോഎടുത്തു കഴിയുമ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഫ്രെയിമില്‍ വന്നുപോയല്ലോ എന്ന് ശ്രദ്ധിക്കുന്നത്.
അതായത് നല്ല ഒരു ചിത്രം ഒരിക്കലും യാദൃശ്ചികമായി കിട്ടുന്നതോ ജനിക്കുന്നതോ അല്ല. ഫോട്ടോഗ്രാഫര്‍ സ്വന്തം കഴിവുകള്‍ ഉപയോഗിച്ചു പകര്‍ത്തുന്നത് തന്നെയാണ്. 

ഫോട്ടോഗ്രാഫുകള്‍ള്ള മറ്റൊരു പ്രത്യേകത അവ ദ്വിമാന ചിത്രങ്ങള്‍ ആണെന്നുള്ളതാണ്. അതായത് നീളം വീതി എന്നിവ മാത്രമേ ഒരു ചിത്രത്തിനുള്ളൂ - കനം ഇല്ല. അതുകൊണ്ട് തന്നെ depth അല്ലെങ്കില്‍ രംഗത്തിന്റെ ത്രിമാനത ഫോട്ടോ composing വഴി ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നു. ഇതിനു ഫോട്ടോഗ്രാഫറെ സഹായിക്കുന്ന ചില രീതികളാണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അതിനു മുമ്പായി ഒരു ഒരു കാര്യം; വളരെ കുറഞ്ഞ depth of field ഉപയോഗിച്ച് ചിത്രങ്ങളുടെ depth കൈകാര്യം ചെയ്യുന്നത് ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നില്ല. വൈഡ്‌ ആംഗിള്‍ ചിത്രങ്ങളില്‍ (ഉദാഹരണത്തിന്‌ landscape ചിത്രങ്ങള്‍) ദൂരം, ആഴം ഇവയൊക്കെ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന രീതികള്‍ മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതായത് depth of field നല്ല വലിപ്പത്തില്‍ തന്നെയുള്ള ചിത്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്ന്.

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ.


Photographer : un

വളരെ വിശാലമായ രണ്ടു രംഗങ്ങള്‍ അവയുടെ വലിപ്പവും ആഴവും കനവും എല്ലാം നമുക്ക്‌ അനുഭവേദ്യമാകുന്നവിധം ഫോട്ടോഗ്രാഫര്‍മാര്‍ compose ചെയ്തിരിക്കുന്നത് എങ്ങനെയാണ് എന്ന് ശ്രദ്ധിച്ചുവോ?  ഈ രണ്ടു ഫോട്ടോഗ്രാഫുകളിലും ചില പ്രത്യേകതകള്‍ ഉണ്ട്. അവയാണ് ഈ ചിത്രങ്ങളുടെ depth നമുക്ക്‌ മനസ്സിലാക്കി തരുന്നത്.

  • ഈ ഫ്രെയിമുകളിലെ എല്ലാ വസ്തുക്കളും  ഒരുപോലെ ഫോക്കസില്‍ ആണ്. അതുകൊണ്ട് തന്നെ അവയെല്ലാം നമ്മുടെ കണ്ണുകള്‍ക്ക്‌ sharp ആയിതോന്നുന്നു. ആദ്യ ചിത്രത്തില്‍ ഫ്രെയിമിന്റെ ഏറ്റവും മുമ്പില്‍ പതഞ്ഞൊഴുകുന്ന വെള്ളം മുതല്‍ അങ്ങേയറ്റം നില്‍ക്കുന്ന കാട്ടുചെടികള്‍ വരെ എല്ലാം നല്ല ക്ലിയര്‍ ആയി ഫോട്ടോയില്‍ കാണുന്നുണ്ട്. രണ്ടാമത്തെ ചിത്രത്തില്‍ ഏറ്റവും മുമ്പിലുള്ള കാളവണ്ടി മുതല്‍ അങ്ങ് ദൂരെ കാണുന്ന മേഘങ്ങള്‍ വരെ ഇതേപോലെ ഫോക്കസില്‍ ആണ്. 
  • ഈ രണ്ടു ഫ്രെയിമുകളിലും, അവയില്‍ ഉള്‍പ്പെടുന്ന വസ്തുക്കളെ മൂന്നു വ്യത്യസ്ത മേഖലകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന് കാണാം - foreground, middle, background അല്ലെങ്കില്‍ front - mid - far എന്നിങ്ങനെ മൂന്നു വ്യക്തമായ മേഖലകള്‍ അവയിലുണ്ട്. (രണ്ടാമത്തെ ചിത്രത്തില്‍ കാളവണ്ടി - front, മരങ്ങള്‍ - mid, മേഘങ്ങള്‍ - far)
  • ഈ മൂന്നു മേഖലകളും ഫ്രെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വെവ്വേറെ തലങ്ങളില്‍ ആണ്. അതിനാല്‍ ഒന്നു മറ്റൊന്നിനെ മറയ്ക്കുന്നില്ല (overlap ചെയ്യുന്നില്ല).
അപ്പോള്‍ ഇത്രയും പ്രത്യേകതകള്‍ കൊണ്ടാണ് ഈ ചിത്രങ്ങളുടെ depth നമുക്ക് മനസ്സിലാവുന്നത് എന്നത് വ്യക്തമാണല്ലോ. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍, താഴെയുള്ള ചിത്രങ്ങളില്‍ ഉണ്ടോ എന്ന് പരിശോധിക്കൂ. front-mid-far ഏതൊക്കെ എന്ന് ഓരോ ചിത്രത്തിന്റെയും അടിയില്‍ എഴുതിയിട്ടുണ്ട്.


Photographer : Pullippuli
boat- boat / water-buildings
Photographer : Prasanth Iranikulam
grass - tree - sky

boat and tree branches - water - trees

ഈ ഉദാഹരണങ്ങളില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍ മനസ്സില്‍വച്ചുകൊണ്ട്  ലാന്‍ഡ്‌സ്കേപ്പ് ചിത്രങ്ങള്‍ കമ്പോസ്‌ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. Landscape ചിത്രങ്ങള്‍ എടുക്കുവാനായി വൈഡ്‌ ആംഗിള്‍ ലെന്‍സുകള്‍ ആണ് വേണ്ടതെന്ന് അറിയാമല്ലോ. ഇപ്പോഴത്തെ DSLR ക്യാമറകളില്‍ ഉപയോഗിക്കുന്ന ലെന്സുകളില്‍ ഏകദേശം 36mm നു താഴേക്കുള്ള എല്ലാ ആംഗിളുകളും വൈഡ്‌ ആണെന്ന് പൊതുവേ പറയാം. പോയിന്റ് ആന്റ് ഷൂട്ട്‌ ക്യാമറ ഉള്ളവര്‍ അതില്‍ ലഭ്യമായ പരമാവധി വൈഡ്‌ ആംഗിള്‍ എത്രയാണോ അത് ഉപയോഗിക്കുക. ഒരു ട്രൈപോഡ്‌ ഒപ്പം ഉപയോഗിച്ചാല്‍‌ വളരെ നന്നായിരിക്കും.

അടുത്തതായി ശ്രദ്ധിക്കേണ്ടത് ഇതിനു മുമ്പ് പറഞ്ഞത് പോലെ ഏറ്റവും കുറഞ്ഞത് മൂന്നു വ്യത്യസ്ത ഭാഗങ്ങളായി വേര്‍തിരിക്കത്തക്കവിധം front-mid-far സബ്ജെക്ടുകളെ കണ്ടെത്തുക എന്നതാണ്.   പ്രധാനമായ ഒരു കാര്യം, foreground subject ഫോട്ടോയുടെ മധ്യഭാഗത്തുള്ള വസ്തുക്കളില്‍ നിന്ന്  വ്യത്യസ്തമായിരുന്നാല്‍ വളരെ നന്നായിരിക്കും എന്നതാണ്. അവയെ കണ്ടെത്തി കഴിഞ്ഞാല്‍ മറ്റു distractions ഒന്നും, പ്രത്യേകിച്ച് ഫോര്‍ഗ്രൌണ്ടില്‍ ഇല്ല എന്ന് ഉറപ്പാക്കുക. ഇനി വേണ്ടത് ഈ പറഞ്ഞ മൂന്നു തലങ്ങളിലും ഉള്ള വസ്തുക്കളെ ഫോക്കസില്‍ ആക്കുക എന്നതാണ്. അതിനായി നല്ല depth of field വേണം. f/8 എന്ന അപര്ച്ചരിനു മുകളില്‍ സാധ്യമായ ഒരു aperture തെരഞ്ഞെടുക്കാം. foreground object ആയി തെരഞ്ഞെടുത്തിരിക്കുന്ന വസ്തുവില്‍ നിന്നും ഒരു മൂന്നു മീറ്ററോളം പിന്നിലേക്ക് മാറി നിന്ന് കൊണ്ട്, സീനിന്റെ മുന്നറ്റ്ത്ത് നിന്നും ഏകദേശം മൂന്നിലൊന്ന് ഭാഗം ഉള്ളിലായി  ഫോക്കസ്‌ ഉറപ്പിക്കാം. ഇപ്പോള്‍ ഫോര്‍ഗ്രൌണ്ട് മുതല്‍ അങ്ങു അനന്തതവരെ എല്ലാ വസ്തുക്കളും ഒന്നുപോലെ ഫോക്കസില്‍ ആയിരിക്കും ഉള്ളത്. 

ഈ രീതിയില്‍ കമ്പോസ്‌ ചെയ്തുകൊണ്ട് എടുത്ത ചില ചിത്രങ്ങള്‍ നോക്കൂ.

Photographer : ലിനു
rock - tide-sky/sea

Photographer : Dipin Soman
rock - tree -mountain/sky
Photographer : ലിനു
Rock- people- horizon /sky

Photographer : Dipin Soman
grass - water -sky/mountain
Photographer : ലിനു
Rock-grass-tree &sky

Photographer : Dipin Soman
gravel/road- water - mountain/sky

പോയിന്റ് ആന്റ് ഷൂട്ട്‌ ക്യാമറയില്‍ ഇതൊക്കെ സാധ്യമാണോ എന്ന് സംശയിക്കുന്നവര്‍ക്കായി ഇതാ നന്ദകുമാര്‍ തന്റെ പോയിന്റ് ആന്റ് ഷൂട്ട്‌ ക്യാമറ കൊണ്ട് എടുത്ത ചില ചിത്രങ്ങള്‍. 






മാക്രോ,ക്ലോസപ്പ് ചിത്രങ്ങളിലും depth കൂട്ടാന്‍‌ ഇതേ രീതിയില്‍ ചില guide lines ഉപയോഗിക്കാവുന്നതാണ്‌. അതിനെപറ്റി വിശദമായി മറ്റൊരു പോസ്റ്റില്‍‌ ചര്‍ച്ച ചെയ്യാം.

ഇതേ രീതിയില്‍‌ ശ്രദ്ധാപൂര്‍‌വ്വം കമ്പോസ് ചെയ്തെടുത്ത ചിത്രങ്ങള്‍ നിങ്ങളുടെ കയ്യില്‍‌ ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് ഇവിടെ കമന്റായി ചേര്‍ക്കുകയോ അല്ലെങ്കില്‍‌ mlphotoclub@gmail.com എന്ന ഇ മെയില്‍‌ വിലാസത്തിലേക്കോ അയച്ചു തന്നാല്‍‌ അനുയോജ്യമെങ്കില്‍‌ ഇവിടെ ഷെയര്‍‌ ചെയ്യുന്നതായിരിക്കും.

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

Nice post Appu...

ഒറ്റക്കണ്ണന്‍. said...

നന്ദി അപ്പുവേട്ടാ... ഇങ്ങനെ മൂന്ന് സംഭവങ്ങള്‍ ഉണ്ടെന്ന് അറിയാരുന്നു.. എങ്കിലും ഉദാഹരണ സഹിതം ഉള്ള ക്ലാസ് കണ്ടപ്പോ പുക ഒക്കെ ഒന്നു തെളിഞ്ഞ് വരുന്നു... :)

Unknown said...

excellent post. examples are apt. nice selection of photos.

Unknown said...

Thanks a lot for including my snaps..

Arunan said...

ഈ പോസ് റ്റൂം നന്നായിട്ടുണ്ട്. colour gradation ഉം depth create ചെയ്യാൻ ഉപയൊഗിക്കാം അല്ലെ അപ്പു?

Renjith Kumar CR said...

അപ്പു ചേട്ടാ
http://kadakkannu.blogspot.com/2010/01/blog-post_6765.html
ഈ ചിത്രം ഇങ്ങനെയുള്ള ഗണത്തില്‍ പെടുമോ

Appu Adyakshari said...

അരുണന്‍സര്‍, പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്. അതെപ്പറ്റി കുറേക്കൂടി advance ആയ പോസ്റ്റുകളില്‍ പറയാം.

രഞ്ജിത്ത് കാണിച്ച ചിത്രം ഇങ്ങനെ കമ്പോസ്‌ ചെയ്തു എടുത്ത ഒരു ചിത്രം അല്ല. പക്ഷെ അന്ന് ശ്രദ്ധിചിരുന്നുവെങ്കില്‍ ഇങ്ങനെ എടുക്കാന്‍ സാധ്യതകള്‍ ഉള്ള ഒരു പ്രദേശമാണ് അത് എന്ന് തോന്നുന്നു. രഞ്ജിത്തിന്റെ ചിത്രത്തില്‍ foreground ശൂന്യമാണ്. ഫ്രെയിമിന്റെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന ജലാശയം അങ്ങ് ദൂരെ വരെ പറന്നു കിടക്കുന്നു. അതെ സമയം ആ തടാകത്തിന്റെ തുടക്കമായി ഇങ്ങു മുമ്പില്‍ കാണിക്കുവാന്‍ ഒരു subject ഉണ്ടായിരുന്നുവെങ്കില്‍ ഈ ചിത്രത്തിനു നല്ല depth കിട്ടുമായിരുന്നു. ഇങ്ങേയറ്റം നില്‍ക്കുന്ന കുറച്ചു പോന്തക്കാടുക‌ളോ‌‌ മറ്റോ ഫ്രെയിമിന്റെ ഇടതു മൂലയിലോ വലത്തോ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കൂ.

Appu Adyakshari said...

രഞ്ജിത്ത് തന്ന ചിത്രത്തിന്റെ ഒരു ഭാഗം clone ചെയ്തു ഞാന്‍ മുകളിലെ കമന്റില്‍ പറയാന്‍ ഉദേശിച്ച കാര്യം ഒന്ന് demonstrate ചെയ്യാന്‍ ശ്രമിക്കുന്നു. രഞ്ജിത്തിന്റെ ഒറിജിനല്‍ ചിത്രം ഇവിടെ. ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരം depth ഉണ്ടാക്കേണ്ടിയിരുന്നത് ഇങ്ങനെ. മനസ്സിലായി എന്ന് കരുതട്ടെ?

Renjith Kumar CR said...

അപ്പു ചേട്ടാ
വളരെ നന്ദി .ഇപ്പോള്‍ ശരിക്കും മനസ്സിലായി .

NPT said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ ...........നന്ദി

അപ്പുണ്ണി said...

Eswaraa! appuvetante cloaning kanditte photo blogilulla viswasam poyi. photoshopillatha kalam maaveliyude kalam!!!!!!!

Faisal Hamza said...

"f/8 എന്ന അപര്ച്ചരിനു മുകളില്‍ സാധ്യമായ ഒരു aperture തെരഞ്ഞെടുക്കാം"
അപ്പുവേട്ടാ ഒരു സംശയം ചോദിച്ചോട്ടെ??.. f/8, f/9, f/10...... ഇങ്ങിനെ നമ്പര്‍ വാല്യൂ കൂട്ടുകയാണോ അതോ f/7, f/6, f/5 ... ഇങ്ങിനെ അപര്ചെര്‍ സുഷിരം കൂട്ടുകയാണോ ഉദേശിച്ചത് (എനിക്ക് ഇപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതു അപര്ചെര്‍ വാല്യൂ ആണ് അത് കൊണ്ട് ചോദിച്ചതാ...)