Tuesday, November 23, 2010

അഭിമുഖം : ദത്തൻ പുനലൂർ

ഫോട്ടോക്ലബ്ബിൽ പുതിയൊരു പംക്തി ആരംഭിക്കുകയാണ് "Zooming in".

മലയാളം ബ്ലോഗിംഗ് രംഗത്തുള്ള പ്രഗത്ഭരും പരിചയസമ്പന്നരുമായ ഫോട്ടോഗ്രാഫർമാരെ അടുത്തുപരിചയപ്പെടുത്തുന്ന ഒരു അഭിമുഖമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ പംക്തിയുടെ തുടക്കം മലയാളം ബ്ലോഗിംഗ് രംഗത്ത് ഒതുങ്ങിനിൽക്കുമെങ്കിലും ക്രമേണ ബ്ലോഗിനു പുറത്തുള്ള പ്രമുഖരേയും ഈ വേദിയിൽ പരിചയപ്പെടുത്തണമെന്നും, അവരുടെ കഴിവുകളെ വായനക്കാരുമായി പങ്കുവയ്ക്കണമെന്നും ഞങ്ങൾക്ക് ആഗ്രഹമുണ്ട്.  എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ആദ്യമായി പരിചയപ്പെടുത്തുന്നത് “നേർക്കാഴ്ച” എന്ന ഫോട്ടോബ്ലോഗിലൂടെ നമുക്കെല്ലാം സുപരിചിതനായ ശ്രീ. ദത്തൻ പുനലൂർ എന്ന ഫോട്ടോഗ്രാഫറെയാണ്. മുപ്പതിലേറെ വർഷങ്ങളായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിലകൊള്ളുന്ന അദ്ദേഹത്തെ നമുക്ക് പരിചയപ്പെടാം.

അഭിമുഖം തയ്യാറാക്കിയത് : അപ്പു 


ശ്രീ. ദത്തൻ പുനലൂർ
ബ്ലോഗ് : നേർക്കാഴ്ച 

ദത്തൻ മാഷേ, "Zooming in" വേദിയിലേക്ക് സ്വാഗതം. ഈ പംക്തിയിലെ ആദ്യത്തെ അഭിമുഖം താങ്കളുമായി നടത്തുവാൻ സാധിച്ചതിൽ ഞങ്ങൾക്ക്‌ അതിയായ സന്തോഷമുണ്ട്.  ഫോട്ടോഗ്രാഫി മേഖലയിൽ മുപ്പത്തിനാല് വർഷത്തിലേറെ പ്രവർത്തിപരിചയമുള്ളവർ മലയാളം ബ്ലോഗുകളിൽ ഇന്ന് സജീവമായുള്ള ഫോട്ടോഗ്രാഫർമാരിൽ അധികമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ചോദിക്കട്ടെ, ഫോട്ടോഗ്രാഫിയെ താങ്കൾ എങ്ങനെ നിർവ്വചിക്കുന്നു?

നിഴലിനേയും വെളിച്ചത്തേയും സമന്വയിപ്പിച്ച് ആവാഹിച്ചെടുക്കുന്ന വിദ്യ. മനുഷ്യമനസ്സുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു മീഡിയം. നിത്യജീവിതത്തിലെ മുഹൂർത്തങ്ങൾ ചരിത്ര രേഖകളാക്കി റിക്കാർഡു ചെയ്തു്‌ സൂക്ഷിക്കുന്ന ശാസ്ത്രവിദ്യ.

ഫൈൻ ആർട്സിൽ ആണ് താങ്കൾ ബിരുദം നേടിയിരിക്കുന്നത് എന്നും പ്രൊഫഷണല്‍ ആർടിസ്റ്റ് ആയിട്ടാണ് താങ്കൾ ആദ്യമായി ഒരു ജോലിയിലേക്ക് പ്രവേശിച്ചത് എന്നും പ്രൊഫൈലിൽ നിന്ന് മനസ്സിലാകുന്നു.ഫൈൻ ആർട്സ്‌ മേഖലയിലേക്ക് വരാനുള്ള പ്രചോദനം എന്തായിരുന്നു?

ചെറുപ്പം മുതൽ ചിത്രങ്ങൾ വരയ്ക്കുക എന്നത് എനിക്ക് ഇഷ്ടമുള്ളകാര്യമായിരുന്നു.അഛ്ചൻ ചിത്രരചന വശമുള്ള ആളായിരുന്നു.പിന്നെ ഞങ്ങളുടെ നാട്ടിൽ,  ഒറ്റയ്ക്കു താമസിച്ചു്‌ ഓയിൽ പെയിന്റിങ്ങ് നടത്തിയിരുന്ന പൈലിസാർ എന്ന ചിത്രകാരൻ ഒരു പ്രചോദനംകൂടിയായിരുന്നു. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും അദ്ദേഹം ചിത്രം വരയ്ക്കുന്നതു്‌ ഏറെനേരം നോക്കിനില്ക്കുമായിരുന്നു.അങ്ങനെ നോട്ടുബുക്കിൽ നിന്നും വീടിന്റെ ഭിത്തികളിൽ നിന്നും എന്റെ വരകളുടെ ലോകം ഫൈനാർട്ട്സ്  കോളേജിലെ പാഠ്യവിഷയങ്ങളിൽ ചെന്നെത്തുകയായിരുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തെപ്പറ്റി ചുരുക്കമായി ഒന്ന് പറയാമോ? ഏതൊക്കെ സ്കൂളുകളിലായിരുന്നു പഠനം, സഹപാഠികൾ തുടങ്ങിയ കാര്യങ്ങൾ?

ജനിച്ചതു്‌ ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന സ്ഥലത്തു്‌ . സ്കൂൾ കോളേജ് വിദ്യാഭ്യാസം മുതുകുളത്തും കായങ്കുളത്തും മാവേലിക്കരയുമായി പൂർത്തിയാക്കി.ഹോമിയോ ഡോക്റ്ററാക്കാനായിരുന്നു വീട്ടുകാരുടെ താല്പര്യമെങ്കിലും ചിത്രരചനയോടുള്ള എന്റെ ആഭിമുഖ്യം മാവേലിക്കരയിലെ കോളേജ് ഒഫ് ഫൈനാർട്ട്സിൽ എത്തിച്ചു. അവിടെ നിന്നും മെറിറ്റ് സ്കോളർഷിപ്പോടെ ബിരുദം നേടിപ്പുറത്തുവന്നു. സഹപാഠികളിൽ കുറച്ചുപേരുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ.    ഒരാൾ അവിടത്തന്നെ പ്രിൻസിപ്പലും മറ്റൊരാൾ തൃപ്പൂണിത്തുറ ഫൈനാർട്ട് സ് കോളേജ് പ്രിൻസിപ്പലുമായി രണ്ടുപേർ മ്യൂസിയം ആർട്ടിസ്റ്റുകളും ഒരാൾ പബ്ലിക് റിലേഷൻസിലും മൂന്നുപേർ വിവിധപത്രങ്ങളിലും ചിലർ അഡ്വർട്ടൈസിങ്ങ് ഫീൽഡിലും ആർട്ടിസ്റ്റുകളായി.

ഫോട്ടോഗ്രാഫിയിലുള്ള താല്പര്യം കലശലായി തുടങ്ങിയത് എപ്പോഴാണ്?

കുട്ടിക്കാലം തൊട്ടു്‌ ഫിലിമും ഫോട്ടോഗ്രാഫിയുമായി എനിക്കു്‌ അടുപ്പമുണ്ടായിരുന്നു. എന്റെ അഛ്ചൻ ഒരു പോസ്റ്റുമാസ്റ്റർ ആയിരുന്നു. എനിക്കു ഓർമ്മവയ്ക്കുന്നതിനും മുമ്പ്,  അദ്ദേഹത്തിനു സ്വന്തമായി ഒരു സിനിമാ തീയറ്റർ ഉണ്ടായിരുന്നു. പിന്നീട് അത് വിറ്റു. എങ്കിലും  അതിന്റെ ശേഷിപ്പുകളായ സ്പൂൾ, ഫിലിംറീലുകൾ തുടങ്ങിയവ വീട്ടിലെ അലമാരികളിലും മറ്റും അവശേഷിച്ചിരുന്നു. അച്ഛൻ നടത്തിയിരുന്ന തീയറ്ററിലെ ഫിലിം റീലുകളിൽ നിന്നും കട്ടുചെയ്തു കിട്ടുന്ന ഫിലിം സ്ട്രിപ്പുകളും അതിലെ സുതാര്യമായി രൂപങ്ങളും കുട്ടിയായിരുന്ന എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതിന്റെ പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അന്വേഷണമാണു എന്റെ ഫോട്ടോഗ്രാഫി ജീവിതത്തിന്റെ തുടക്കമെന്നുപറയാം. 

ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ഉത്സവസ്ഥലത്തുനിന്നും അച്ഛൻ വാങ്ങിത്തന്ന വ്യൂമാസ്റ്റർ എന്ന ഫിലിം വലുതായിക്കാണാൻ പറ്റുന്ന ചെറിയ ഉപകരണം ഇതിനു മറ്റൊരു പ്രേരണയായി. ഹൈസ്കൂളിലെ ഫിസിക്സ് ക്ലാസ്സുകളിൽ പ്രകാശം, അതിന്റെ പ്രസരണം, പ്രതിഫലനം, പിൻഹോൾ ക്യാമറ, മാജിക് ലാന്റേൺ, ലെൻസുകൾ, ഫോക്കസ്, ഫോക്കൽ ലെങ്ത്  തുടങ്ങിയ പാഠഭാഗങ്ങൾ എന്റെ ഉത്തരം കിട്ടാത്ത പലചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഒരു പരിഹാരമാർഗ്ഗമായി. ഒഴിവു ദിവസങ്ങളിൽ ഒരു കണ്ണാടി ഉപയോഗിച്ച് ജനാലയിലൂടെ വീടിനുള്ളിലേക്ക് സൂര്യപ്രകാശം കടത്തി,  അപ്പൂപ്പന്റെ വെള്ളെഴുത്തു കണ്ണാടിയുടെ ലെൻസിലൂടെ സിനിമ ഫിലിമുകളിലെ രൂപങ്ങൾ ഇരുട്ടുമുറിയിലെ വെളുത്ത ഭിത്തിയിൽ വലിയ രൂപത്തിൽ പതിപ്പിച്ചു കാണുക അന്നു്‌ എന്റെ ഒരു ഇഷ്ടവിനോദമായിരുന്നു.ഇതിൽ നിന്നും ഫിലിമും ലെൻസും ഇമേജ് ക്ലിയറായിക്കിട്ടാൻ ഇവതമ്മിലുള്ള അകലം ക്രമീകരിക്കുന്ന രീതിയും (ഫോക്കസിങ്ങ്) ഞാൻ മനസ്സിലാക്കിയിരുന്നു. തുടർന്നു ലെൻസുകളെക്കുറിച്ച്‌ കൂടുതൽ അന്വേഷണമായി. കോൺകേവും കോൺവെക്സും ബൈകോൺവെക്സും എല്ലാം വളരെ വേഗം പിടികിട്ടി. പില്ക്കാലത്തു്‌ ഡിസ്റ്റോർഷൻ, അബറേഷൻ തുടങ്ങിയ ലെൻസിന്റെ ന്യൂനതകളെപ്പറ്റി വിശദമായിപഠിക്കുമ്പോൾ ആ പഴയ ബാലപാഠങ്ങൾ ഏറെ സഹായകമായിരുന്നു.

എന്നായിരുന്നു ആദ്യമായി ഒരു ക്യാമറ സ്വന്തമായി പ്രവർത്തിപ്പിച്ചത്? എന്തായിരുന്നു ആദ്യ ചിത്രം?

ഫൈനാർട്ട്സ് കോളേജിൽ പഠിക്കുന്ന സമയത്തു്‌ ഒരു സുഹൃത്തിൽ നിന്നും ഒരുദിവസത്തേക്കു കടം വാങ്ങിയ ക്ലിക് - 3 ക്യാമറയാണു്‌ ആദ്യമായി പ്രവർത്തിപ്പിച്ചതു്‌. വീട്ടിലെ ഒരു ചെറിയ കുട്ടിയുടെതായിരുന്നു ആദ്യ ചിത്രം. പിന്നെ മുതിർന്നവരുടെ ചില പോർട്രേറ്റുകളും. ആദ്യത്തെ ഫിലിം റോളിൽത്തന്നെ 12 ചിത്രങ്ങളും നന്നായിക്കിട്ടി . നൂറിൽ നൂറു മാർക്കു്‌ ! അതു വലിയ ആത്മവിശ്വസം തന്നു.

ക്യാമറ ഉപയോഗത്തില്‍ ആരായിരുന്നു ഗുരു? അന്നൊക്കെ എങ്ങനെയാണ് exposure value മീറ്ററിംഗ് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ പറഞ്ഞു തന്നിരുന്നത്?

കൊല്ലം സ്വദേശി ശിവദാസൻ എന്ന ഒരു വ്യക്തിയാണു്‌ എന്നെ ഇക്കാര്യത്തിൽ കൂടുതൽ ഗൈഡ് ചെതതു്‌. ഞാൻ റോൾ മോഡലാക്കിയതാകട്ടെ പ്രശസ്ത ഫോട്ടോഗ്രഫർ T.S ലാലിനേയും. അന്നു്‌   എക്സ്പോഷർ വാല്യൂ കണ്ടുപിടിച്ചിരുന്നത് ഇന്നു ഡിജിറ്റൽ ക്യാമറയിൽ കാണുന്ന വിധത്തിൽ ആയിരുന്നില്ല.  ഒരു വസ്തുവിന്റെ പലഭാഗങ്ങളിൽ പല അളവിൽ പ്രകാശം പതിക്കാനിടയാക്കുന്നതിനാൽ ഇത്തരം വസ്തുവിന്റെ വളരെ കത്യമായ ഇമേജിനു്‌ (true tonal representation) ഏതു ഷട്ടർ സ്പീഡും അപ്പർച്ചറുമാണു വേണ്ടതെന്നു്‌ കണ്ടുപിടിക്കുന്നതായിരുന്നു വലിയ പ്രശ്നം. ഇതു്‌ മൂന്നു്‌ സംഗതികളെ ആശ്രയിച്ചായിരുന്നു. ഒന്നു്‌ പലഭാഗങ്ങളിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവു്‌. രണ്ടു്‌ ലെൻസിന്റെ എഫക്റ്റീവു്‌ അപ്പർച്ചർ. മൂന്നു്‌ ഫിലിമിന്റെ സ്പീഡു്‌ അഥവ സെൻസിറ്റിവിറ്റി. ലൈറ്റ് മീറ്ററുകൾ ആദ്യം ​ക്യാമറ ബോഡിയിൽ ആയിരുന്നു.  SLR ന്റെ വരവോടെ ലെൻസ് ഫ്രെയിമിനുള്ളിലേക്കും മീറ്ററുകൾ മാറി. ആവറേജ്, സെന്റർ വെയിറ്റഡ് എന്നീ രീതികൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നതു്‌ .  

ഫോട്ടോഗ്രാഫി മേഖല ഒരു പ്രൊഫഷന്‍ ആയി തെരഞ്ഞെടുത്തത് എന്ന് മുതലാണ്‌? എവിടെയായിരുന്നു ആദ്യ ജോലി?

ഫൈനാർട്ട് സ് ബിരുദവുമായി പുറത്തിറങ്ങിയ ഉടനെ തന്നെ പത്രമാസികകളും ആനുകാലികങ്ങളുമായി ബന്ധപ്പെട്ടു.പത്രങ്ങൾക്കും വാരികകൾക്കും ഇല്വസ്ട്രേഷൻ നടത്താനും ബോക്സ് കാർട്ടൂണുകൾ വരയ്ക്കാനും തുടങ്ങിയിരുന്നു. അതോടൊപ്പം ഫോട്ടോഗ്രാഫിയും ചെയ്തിരുന്നു. I.V.ശശിയുടെ പത്രാധിപത്യത്തിൽ മദ്രാസിൽ നിന്നും ഇറങ്ങിയിരുന്ന 'അന്വേഷണം' മാസികയുടെ കവർപേജിലായിരുന്നു എന്റെ ആദ്യ പെയിന്റിംഗ് പ്രസിദ്ധീകരിച്ചുവന്നതു്‌. ആദ്യ ഫോട്ടോ വന്നതാകട്ടെ കേരള കൌമുദി പത്രത്തിന്റെ വീക്കെന്റു മാഗസിനിലും. പിന്നെ എന്റെ ഒരു ചിത്രമെങ്കിലും അച്ചടിച്ചു വരാത്ത മലയാള പ്രസിദ്ധീകരണങ്ങൾ വിരളമായിരുന്നു. 1976 ലാണു്‌ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി തെരഞ്ഞെടുത്തത്.പുനലൂരിലെ ആർട്ടു്‌ ലൂമിയർ സ്റ്റുഡിയോയിലാണു്‌ ആദ്യമായി ജോലിക്കു കയറിയതു്‌.

ആദ്യമായി ഒരു ക്യാമറ സ്വന്തമാക്കിയത് എന്നായിരുന്നു? ഏതായിരുന്നു ആ ക്യാമറ?

ഫൈനാർട്ട്സ് പഠിക്കുന്ന സമയത്താണു്‌ ആദ്യമായി ഒരു ക്യാമറ സ്വന്തമായിക്കിട്ടിയതു്‌. അവിടെവച്ചു തന്നെ ഫോട്ടോഗ്രാഫിക് ജ്വരം എന്നെ കലശലായി ബാധിച്ചു കഴിഞ്ഞിരുന്നു. പെയിന്റിംഗ് ഡിപ്പാർട്ടു മെന്റിലെ അന്നത്തെ അദ്ധ്യാപകനും പിന്നീടു്‌ പ്രിൻസിപ്പലുമായ ശ്രീ.T.A.S. മേനോൻ ആണു്‌ എനിക്കു്‌ ഫോട്ടോഗ്രാഫിയിൽ ഒരു നല്ലഭാവിയുണ്ടെന്നു്‌ കണ്ടെത്തിയതും അതേപ്പറ്റി കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചതും.അതോടെ ഫോട്ടോ ലക്സ് എന്ന സ്ഥപനത്തിൽ ഫോട്ടോഗ്രാഫിയും പഠിക്കാൻ ചേരുകയായിരുന്നു. പ്രാക്റ്റിക്കലിനു സ്വന്തമായി ക്യാമറ വേണം എന്നതായിരുന്നു വലിയ പ്രശ്നം.എന്റെ നിർബന്ധം കാരണം അച്ഛന്റെ അനിയൻ ഏതൊ സുഹൃത്തിന്റെ കൈയിൽ നിന്നും സെക്കന്റ് ഹാന്റായി വാങ്ങിത്തന്നതായിരുന്നു ആദ്യക്യാമറ. 'സിങ്ക്രോബോക്സ് ' എന്ന അഗ്ഫ കമ്പനിയുടെ തകരം കൊണ്ടു നിർമ്മിച്ച ബോക്സ് ക്യാമറ ആയിരുന്നു അതു്‌. ഇന്നും അതു്‌ ഭദ്രം!


അന്ന് ഒരു ഫോട്ടോ എടുത്തു കഴിഞ്ഞു അതിന്റെ റിസൽട്ട് അറിയുവാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നിരിക്കുമല്ലോ? ഇപ്പോഴാണെങ്കിൽ ഫോട്ടോ എടുത്ത അടുത്ത നിമിഷം അതിന്റെ റിസൽട്ട് കാണാൻ കഴിയുന്നു. എങ്ങനെ വിലയിരുത്തുന്നു ഈ സൌകര്യത്തെ?

ഒരിക്കൽപ്പോലും സംഭവിക്കില്ലെന്നു്‌ കരുതിയ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമായ പ്രതീതി. കാരണം ഫോട്ടോ എടുത്തു കഴിഞ്ഞാൽ സങ്കീർണ്ണമായ പല പ്രോസസ്സിങ്ങുകൾക്കും ശേഷം മാത്രം കാണാൻ പറ്റുമായിരുന്ന ഫോട്ടോഗ്രാഫുകൾ നിമിഷങ്ങൾക്കുള്ളിൽ കാണാൻ കഴിയുക ഫോട്ടോഗ്രാഫി ചരിത്രത്തിലെതന്നെ ഒരു നാഴികക്കല്ലാണു്‌. പോളറോയ് ഡ് എന്ന ഒരു സിസ്റ്റം ഇതിനു്‌ അപവാദമായി പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇന്നത്തെ ഡിജിറ്റൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായിരുന്നു. ദ്രുതഗതിയിലുള്ള ഒരു കെമിക്കൽ പ്രോസസ്സ് ക്യമറയ്ക്കുള്ളിൽവച്ചു നടക്കുന്നതായിരുന്നു അതു്‌.

അന്നത്തെ പരിമിതമായ സാഹചര്യങ്ങളില്‍ എടുത്തിരുന്ന ചിത്രങ്ങള്‍, confident ആയി നന്നായിരിക്കും എന്ന് സ്വയം വിശ്വസിക്കുവാൻ തക്ക പ്രവർത്തിപരിചയം ഏകദേശം എത്ര നാളുകൾ കഴിഞ്ഞാണ് ഉണ്ടായതു എന്ന്‍ ഓർക്കുന്നുണോ?

ഏതാണ്ടു്‌ ഒരു മാസത്തിനുള്ളിൽത്തന്നെ കോൺഫിഡന്റായി ചിത്രങ്ങളെടുക്കാൻ എനിക്കാകുമായിരുന്നു.അത്രമാത്രം പ്രാക്റ്റീസും ഹോംവർക്കുകളും ഞാൻ ഫോട്ടോഗ്രാഫിയിൽ ചെയ്തിരുന്നു..

അന്നത്തെ കാലത്ത് ഏതെങ്കിലും ഒരു സന്ദർഭത്തിൽ  എടുത്ത ഒരു ഫോട്ടോ ശരിയായി കാണുമോ ഇല്ലയോ എന്ന് ആധിപിടിക്കേണ്ട  സാഹചര്യം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പങ്കു വയ്ക്കാമോ?

ഉണ്ട്. മെഡിക്കൽഫോട്ടോഗ്രാഫി ആയിരുന്നു രംഗം.ആദ്യമായി ഓപ്പറേഷൻ തീയറ്ററിൽ എടുത്ത ചിത്രം ടെൻഷനുണ്ടാക്കി. ഒരു സ്ത്രീയുടെ വളരെ വലിയ 'ഓവറി സിസ്റ്റ് ' റിമൂവ് ചെയ്യുന്നതിന്റെ പടങ്ങളായിരുന്നു അതു്‌. ഫിലിം ആയതിനാൽ ഉടനെ കാണാനോ അതിന്റെ റിസൽട്ട് എന്താകുമെന്നു്‌ അറിയാനോ കഴിയില്ല. കീറുകയും മുറിക്കുകയും തുന്നിക്കെട്ടുകയും ചെയ്തശേഷം ഫോട്ടോ കിട്ടാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കും എന്നു്‌ ഊഹിക്കാമല്ലോ ? എന്റെ കുഴപ്പം കൊണ്ടോ ലാബുകാരുടെ പ്രോസസ്സിങ്ങിലെ പിഴവു കാരണമോ എന്തെങ്കിലും കാരണത്താൽ പടങ്ങൾ കിട്ടാതെവന്നാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല ! അത്ര ഗൌരവമുള്ളതായിരുന്നു ആ സാഹചര്യം.അടുത്തെങ്ങും ലാബില്ലാത്തതിനാൽ അടുത്ത ദിവസമേ റിസൽട്ടു്‌ കാണാനും കഴിയുമായിരുന്നുള്ളു. അന്നു്‌ ഉറങ്ങനേകഴിഞ്ഞില്ല. അടുത്ത ദിവസം ആ പ്രിന്റു കിട്ടിയ ശേഷമാണു്‌ സമാധാനമായതു്‌.

മുപ്പതോളം ചിത്രപ്രദർശനങ്ങൾ താങ്കൾ നടത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. അവയെപ്പറ്റി ചുരുക്കത്തിൽ ഒന്ന് വിവരിക്കാമോ?

ആദ്യത്തേതു്‌ പാലക്കാട് എനജിനീയറിംഗ് കോളേജിലായിരുന്നു.പിന്നെ തിരുവനന്തപുരം, തിശ്ശൂർ, കോഴിക്കോട്, പാലക്കാട്, ഊട്ടി, കൂനൂർ, ബാംഗ്ലൂർ തുടങ്ങി പലസ്ഥലങ്ങളിലായിട്ടായിരുന്നു ഇവ നടത്തിയതു്‌. ബാംഗ്ലൂരിലെ പ്രദർശനം ഒരു നല്ല അനുഭവമായിരുന്നു. നമ്മുടെ കലാ സാഹിത്യരംഗത്തെ പലരുമായി വളരെ അടുപ്പത്തിലാകാൻ കഴിഞ്ഞു. പെരുമ്പടവം ശ്രീധരൻ, അക് ബർ കക്കട്ടിൽ, ഡി .വിനയചന്ദ്രൻ, വൈശാഖൻ,യൂ.കെ. കുമാരൻ, കൈതപ്രം, മണമ്പൂർ രാജൻ ബാബു, കെ.പി. ഉമ്മർ തുടങ്ങി ഒരുപറ്റം പ്രമുഖ വ്യക്തികൾ എന്റെ ചിത്രങ്ങളെ വിലയിരുത്തുകയും അവരുടെ സൌഹൃദവലയത്തിലേക്കു എന്നെ ഉൾപ്പെടുത്തുകയും ചെയ്തു. മത്രമല്ല അതു്‌ ഉത് ഘാടനം ചെയ്തതാകട്ടെ അടൂർ ഗോപാലകൃഷ്ണനും. പ്രശസ്ത കന്നട ചിത്രകാരനും അവിടുത്തെ ലളിതകലാ അക്കാഡമി അംഗവുമായ പുണിഞ്ചിത്തായ പ്രദർശനം കണ്ടശേഷം ഏതോ കോളേജുകളിൽ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ ഗസ്റ്റു ലക് ചററായി ബാംഗ്ലൂരിലേക്കു്‌ ചെല്ലണമെന്നു്‌ നിർബന്ധിച്ചു. സൌകര്യമ്പോലെ ആഴ്ച്കയിൽ ഒന്നോ രണ്ടോ ദിവസം മതിയെന്നും ഊട്ടിയിൽ നിന്നും അങ്ങോട്ടു ചെല്ലാൻ എളുപ്പമാണെന്നും വേണ്ടതെല്ലാം കർണ്ണാടക ലളിതകലാ അക്കാഡമി വഴി ചെയ്തു തരാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്റെ അന്നത്തെ സാഹചര്യം അതിനുപറ്റുന്നതായിരുന്നില്ല. അതുകൊണ്ടു്‌ ആ ഓഫർ നിരസിക്കേണ്ടിയും വന്നു.

സ്വന്തമായി പരീക്ഷണങ്ങൾ നടത്തുകയും അവയെപ്പറ്റി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ താങ്കൾ എഴുതുകയും ചെയ്തിട്ടുണ്ടല്ലോ? ഇതൊക്കെ ഫിലിം കാലഘട്ടത്തില്‍ ആയിരുന്നു എന്ന് കരുതുന്നു. അവയിൽ പ്രധാനപ്പെട്ട ചിലത് ഒന്ന് വിവരിക്കാമോ?

ഫോട്ടോഗ്രാഫി ഇന്നത്തേപ്പോലെ ജനകീയമല്ലാത്ത സയമായിരുന്നു അതു്‌. പലരുടേയും നിരന്തരമായ ചോദ്യങ്ങളും സംശയങ്ങളുമാണു്‌ ഇതേപ്പറ്റി പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ എന്നെ പ്രേരിപ്പിച്ചതു്‌. എന്നാൽ ഇതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നു പലരും ഭയപ്പെടുന്നതായി പല പ്രൊഫഷണലുകളുടേയും എതിർപ്പുകളിൽ നിന്നു ഞാൻ മനസ്സിലാക്കിയിരുന്നു.വളരെ വിപുലവും വിശാലവുമായ ഈ മേഖലയെക്കുറിച്ചു്‌ ഇതിൽ താല്പര്യമുള്ള പുതിയ തലമുറ കൂടുതൽ അറിയണമെന്നും പഠിക്കണമെന്നുമുള്ള പക്ഷക്കാരനായിരുന്നു ഞാൻ . അതുകൊണ്ടുതന്നെ എഴുത്തു നിർത്താൻ ഞാൻതയ്യറായതുമില്ല.ഒരു ബിഗിനർ ആയിരിക്കുമ്പോൾതന്നെ (ഇന്നും‌ ബിഗിനറാണു്‌ ) എന്റെ പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു.അവയെപ്പറ്റി കൂടുതൽ പറയേണ്ടതുണ്ടു്‌. അതിനാൽ തല്കാലം ആദ്യകാലത്തെ ഒന്നുമാത്രം പറയാം

ബോക്സ് ക്യാമറകളിൽ 7 അടിക്കു അകത്തുള്ള വസ്തുക്കൾ ഔട്ടോഫ് ഫോക്കസ് ആകുമെന്നുഅറിയുകയും അനുഭവത്തിൽ നിന്നു മനസിലാക്കുകയും ചെയ്തിരുന്നു. അതു്‌ മറികടക്കുക എന്നശ്രമത്തെപ്പറ്റിയാണു പറയുന്നതു്‌. അടുത്തുള്ള ചിത്രങ്ങൾ എടുക്കണം.അതൊരു വലിയ കടമ്പയായിരുന്നു. അതായതു്‌ ക്ലോസപ്പ് ! അതിനു്‌ സാധാരണ ക്യാമറ പോരാ. ഈ ക്യാമറതന്നെ എങ്ങനെയോ തരപ്പെടുത്തിയതാണു്‌ .അപ്പോൾ അന്നു വളരെ വിലകൂടിയ മുന്തിയതരം ക്യാമറ സ്വപ്നം കാണാൻപോലും പറ്റുമായിരുന്നില്ല. പല വലിയ ഫോട്ടോഗ്രാഫർമാരോടും ഇതേക്കുറിച്ചുള്ളകാര്യങ്ങൾ അന്വേഷിച്ചു. ശരിയായ ഒരു മറുപടി ആരിൽനിന്നും കിട്ടിയില്ല.ഒടുവിൽ എന്റെ ക്യാമറയ്ക്കു്‌ ഒരുപഴയ സ്റ്റുഡിയോയിൽ നിന്നും അഗ് ഫ കമ്പനിയുടെ തന്നെ ഒരു ക്ലോസപ്പു്‌ ലെൻസു കിട്ടി. പ്രസ് ബട്ടൻ പോലെ ലെൻസിന്റെ മുമ്പിൻ പ്രസ്സ് ചെയ്തു വയ്ക്കാവുന്നതായിരുന്നു അതു്‌. പക്ഷേ ഉദ്ദേശിച്ച ഒരു ഫലവുമുണ്ടായില്ല. 7 അടി എന്നതു്‌ 5 അടി വരെ അടുത്തെടുക്കാം. എന്നാൽ ഡീറ്റൈലസ് ഒന്നും കാര്യമായി കിട്ടിയിരുന്നുമില്ല !

ക്ഷമകെട്ട ഞാൻ ഏതായാലും ഒരു നല്ല ക്ലോസപ്പു്‌ ലെൻസ് ഉണ്ടാക്കാനുള്ള വഴിയേക്കുറിച്ചാലോചിച്ചു. മരുന്നുകുടിക്കാൻ ടോണിക്കിന്റെ കൂടെ കിട്ടിയിരുന്ന പ്ലാസ്റ്റിക്കു്‌ കപ്പിനു്‌ ഓട്ടയിട്ടു്‌ ക്യാമറയുടെ മുന്നിൽ ഉറപ്പിച്ചു.അതിനുമുന്നിൽ അപ്പൂപ്പന്റെ കട്ടികൂടിയ വെള്ളെഴുത്തു കണ്ണടിയുടെ ഒരു ലെൻസ് ഒട്ടിച്ചു വച്ചു. അതിനു ശേഷം വിയാപിരി പോലെ തുറക്കാവുന്ന ക്യാമറയുടെ പുറകുവശം തുറന്നു്‌ 120സൈസ് ഫിലിമിന്റെ അളവിൽ കുറെ നീളത്തിൽ ഓയിൽപേപ്പർ ഫിലിം പോലെതന്നെ സ്പൂളിൽ ചുറ്റിവച്ചു.(ലെൻസും ഫിലിംസ്ക്രീനും തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തലാണു്‌ ഫോക്കസിങ്ങെന്നും സബ് ജക്റ്റ് മുന്നിലേക്കോ പിന്നിലേക്കോമാറിയാലും ഇതിനു വ്യത്യാസം വരാമെന്നുമൊക്കെ ഞാൻ അനുഭവത്തിൽ നിന്നും മനസിലക്കിയിരുന്നു.)എന്നിട്ട് ഒരു സ്ഥലത്തു വച്ച വസ്തു ഏതു്‌ ഡിസ്റ്റൻസിലാണു കത്യമായി ഫോക്കസിലാകുന്നതെന്നു്‌ ഓയിൽ പേപ്പറിലൂടെ തലകീഴായി പതിഞ്ഞുകണ്ട രൂപത്തിൽനിന്നും മനസിലാക്കി. എന്നിട്ടു്‌ ആ നിലയിൽ ക്യാമറയും വസ്തുവുമായുളള അകലം സ്കെയിൽവച്ചു്‌ അളന്നു തിട്ടപ്പെടുത്തി. പിന്നെ ഓയിൽ പേപ്പർ മാറ്റി ക്യാമറയിൽ ഫിലിം ലോഡു്‌ ചെയ്തിട്ടു്‌ അതേ അകലത്തിൽ വച്ചു്‌ പലതിന്റേയും ക്ലോസപ്പു്‌ ചിത്രങ്ങൾ എടുത്തു. എന്റെ കണ്ണുകളെ വിശ്വിസിക്കാൻ പറ്റാത്ത രീതിയിലായിരുന്നു അതിന്റെ റിസൽട്ടു്‌. അങ്ങനെ ക്ലോസപ്പു്‌ പരീക്ഷണം ഒരു വൻവിജയമായി. തുടർന്നു്‌ കട്ടികൂടിയതും കുറഞ്ഞതുമായ കോൺവെക്സ് ലെൻസുകൾ മാറിമാറി പരീക്ഷിച്ചു നോക്കി. പോട്രേറ്റ് എടുക്കാനും ക്ലോസപ്പു്‌ മാക്രോ തുടങ്ങിയവ എടുക്കാനും പ്രത്യേകം ലെൻസുകൾ കണ്ടെത്തി. അന്നു്‌ അങ്ങനെ ഒരു ബോക്സ് ക്യാമറയിൽ ക്രിസ്റ്റൽ ക്ലിയറായ പോട്രേറ്റ് കളും ക്ലോസപ്പുകളും എടുത്തു എന്നസത്യം ഇന്നും ആർക്കും വിശ്വസിക്കാനാവില്ല. കൂട്ടത്തിൽ ആ വിജയത്തിന്റെ രസകരമായ ഒരംശം കൂടി ഇവിടെ പറയാം. സ്ഥിരമായി ഫിലിം വാഷ് ചെയ്യിക്കുന്ന സ്റ്റുഡിയോയിലെ ജോലിക്കാരനും മുതലാളിക്കും എന്നെ ചെറിയ സംശയം. ഞാൻ പ്രിന്റു്‌ വാങ്ങാൻ ചെന്നപ്പോൾ ഏതു ക്യാമറയാണു്‌ എന്തു്‌ ലെൻസാണു്‌ ഉപയൊഗിക്കുന്നതു്‌ റോളിഫ്ലക്സോ, മാമിയായോ എന്നെല്ലാം ചോദിക്കാൻ തുടങ്ങി. അന്നത്തെ ഏറ്റവും വിലകൂടിയ മുൻനിരക്യാമറകളായിരുന്നു ഇവ. കേട്ടുകേൾവി അല്ലാതെ ഇവയൊന്നും അന്നു്‌ ഞാൻ കണ്ടിട്ടുപോലുമില്ലായിരുന്നു.അതൊന്നുമല്ല അഗ് ഫായുടെ ബോക്സ് ക്യമറയാണെന്നു പറഞ്ഞപ്പോൾ ഞാൻ അവരെ കളിയാക്കുന്നതു പോലെയായിരുന്നു അവരുടെ പ്രതികരണം. ഞങ്ങൾ പ്രൊഫഷണൽ ഫോട്ടോഗ്രഫർമാരാണെന്നു്‌ ഒരു മുന്നറിയിപ്പും! ഒടുവിൽ ആ ക്യാമറ ഒന്നു കൊണ്ടുവന്നു കാണിക്കണമെന്നായി അവർ. പിന്നീട് ആ സ്റ്റുഡിയോയിൽ ഫിലിം വാഷ് ചെയ്യിക്കാൻ പോയിട്ടേയില്ല. അവരുണ്ടോ അറിയുന്നു നമ്മുടെ ഈ ക്ലോസപ്പു്‌ ലെൻസ് പരീക്ഷണം? തീർന്നില്ല കുറേ നാളിനു ശേഷം അവയിൽ പലതും അന്നത്തെ ഫോട്ടോ മാഗസിനുകളിൽ ഫുൾപേജിൽ അച്ചടിച്ചു വരികയും ചെയ്തതു്‌ എന്റെ ആ ചെറിയ പരീക്ഷണത്തിനു കിട്ടിയ ഒരു വലിയ അംഗീകാരയിരുന്നു.

ആധുനിക ഡിജിറ്റൽ ക്യാമറയിൽ ചിത്രം എടുക്കുമ്പോഴുള്ള സൌകര്യങ്ങളെ പഴയ രീതിയുമായി താരതമ്യപെടുത്തിയാൽ എങ്ങനെ നോക്കിക്കാണുന്നു? ഫോട്ടോഗ്രാഫി വളരെയധികം എളുപ്പമായി എന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും വളരെ എളുപ്പമായി. സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും ഒക്കെ കാണാതെ പഠിച്ചു്‌ കഷ്ടപ്പെട്ടു്‌ കണക്കു്‌ ചെയ്യുന്നവർക്കു്‌ കാൽക്കുലേറ്റർ കിട്ടിയതു പോലെയുള്ള അവസ്ഥ.

ചിത്രരചനയിൽ ഉപയോഗപ്പെടുത്തുന്ന പല കാര്യങ്ങളും താങ്കൾ ഫ്രെയിം കംപോസിഷനിൽ ഉപയോഗപ്പെടുത്തുന്നുണ്ടാവുമല്ലോ? ഫൈൻ ആർട്ട്സ് പഠനം താങ്കളിലെ ഫോട്ടോഗ്രാഫറെ എങ്ങനെയൊക്കെ സഹായിചിട്ടുണ്ട്?

ഫൈൻ ആർട്ട്സ് പഠനം എന്റെ ഫോട്ടോഗ്രാഫിയെ വളരെയേറെ സഹായിച്ചിട്ടുണ്ടു്‌. ഫ്രയിം കമ്പോസിങ്ങു്‌ മാത്രമല്ല പിക്ചർപ്ലയിൻ, പെഴ് സ്പെക്റ്റീവു്‌, ആംഗിളഓഫ് വ്യൂ, വാനിഷിംഗ്, ഹൈ ലൈറ്റു്‌ ,ഓപ്പസിറ്റു്‌ ലൈറ്റു്‌, നിറങ്ങളും അവയുടെ അടിസ്ഥാന തത്വങ്ങളുമെല്ലാം ഫോട്ടോഗ്രാഫിയെ കുറേക്കൂടി എളുപ്പമാക്കിത്തന്നു. മാത്രമല്ല ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ഘടകമായ പ്രകാശത്തേയും അതിന്റെ ആരോഹണാവരോഹണങ്ങളേയും ഏറ്റക്കുറച്ചിലിനെയുംപ്പറ്റി പഠിച്ചതു്‌ ഫോട്ടോഗ്രാഫി കൂടുതൽ ശ്രദ്ധയോടും കാര്യഗൌരവത്തോടും എന്നൽ അനായാസമായും കൈകാര്യം ചെയ്യാൻ ഉപകരിച്ചു.


"Showing usual subjects in unusual visuals" - താങ്കളുടെ പ്രൊഫൈലില്‍ കണ്ട ഒരു വാചകമാണിത്. ഒന്ന് വിശദമാക്കാമോ?

സാധാരണകാഴ്ച്കകളെ അസാധാരണകാഴ്ചകളായി അവതരിപ്പിക്കുകയാണു്‌ അതുകൊണ്ടുദ്ദേശിക്കുന്നതു്‌.ദൈനം ദിനജീവിതത്തിൽ നമ്മുടെ മുന്നിൽ കാണുന്ന പല സധാരണ കാഴ്ചകളേയും ഒരു കൃത്രിമത്വവുമില്ലാതെ അസാധാരണമായി അവതരിപ്പിക്കുന്ന രീതിയാണു്‌ ഇതു്‌. ഒരു കഥാകാരനു അനുവാചകരെ തന്റെ കഥാപാത്രങ്ങളോടൊപ്പം എങ്ങനെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്നോ അതുപോലെ വെറുംഅടിക്കുറിപ്പു കൊണ്ടുമാത്രം പ്രേക്ഷകന്റെ മനസ്സിനെ തൊട്ടുണർത്തി ചിത്രവുമായി സംവേദിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രീതിയാണു്‌ ഞാൻ ഉദ്ദേശിക്കുന്നതു്‌. അതായതു്‌ ഞാൻ എന്താണോ പറയാൻ ഉദ്ദേശിക്കുന്നതു്‌ അതു്‌ ഒറ്റ നോട്ടത്തിൽതന്നെ പ്രേക്ഷകനു്‌ അതേപടി മനസ്സിലാകുന്നു എന്നതാണു്‌ ഇതിന്റെ വിജയം. ചില ഉദാഹരണങ്ങൾ കാണുക. മണൽക്കാടു്‌, ഓടുന്ന കുതിരയുടെ തല, തോട്ടത്തിലെ പക്ഷി, ഇന്ദിരാ ഗാന്ധി, നഗ്നയായ പ്രകൃതി, തെക്കേഇൻഡ്യ തുടങ്ങി നിരവധി ചിത്രങ്ങൾ ഇങ്ങനെയുണ്ടു്‌.


എനിക്കു്‌ ഇതെങ്ങനെ കിട്ടുന്നു എന്നു്‌  പലരും ചോദിക്കാറുണ്ടു്‌ - കിട്ടുന്നു അത്രതന്നെ ! ഇതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്യാൻ പറ്റില്ല. ഭാഗ്യമെന്നോ ദൈവാധീനമെന്നോ എന്തു വേണമെങ്കിലും പറയാം !


ഇന്ദിരാ ഗാന്ധി
ആശുപത്രി വരാന്തയിൽ വീണ ബ്ലഡ് തറയിൽ ഉണങ്ങിപ്പിടിച്ചതു്‌ . ഞാൻ അതുവഴി വരുമ്പോൾ  മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രൂപംപോലെയാണു്‌ അതു്‌ എനിക്കുതോന്നിയതു് ‌. പലരും അതിനുമുകളിലൂടെയും അതിൽ ചവിട്ടിമെതിച്ചും നടന്നുപോയിരിക്കും അവരു ശ്രദ്ധിക്കാതെ പോയ വെറും ഒരു സാധാരണ കാഴ്ച്ച.

ഓടുന്ന കുതിരയുടെ തലകുതിര ഓടുമ്പോൾ തല ഉയർത്തിപ്പിടിച്ചിരിക്കും. അതേ രീതിയിൽ കണ്ട ഒരു തരം വാഴച്ചെടിയുടെ പൂമൊട്ടു്‌ .ചെവിയും, അല്പം തുറന്നിരിക്കുന്നവായും,  ഉയർത്തിയ കഴുത്തും എല്ലാം  സ്വാഭാവികം മാത്രം.
തെക്കേ ഇൻഡ്യ
കൈയിലിരുന്ന ക്യാമറയുമായി നടന്നു പോകുമ്പോൾ ഏതോശബ്ദം കേട്ടു്‌  മുകളിലേക്കു്‌ നോക്കിയപ്പോൾ കണ്ട കാഴ്ച്ക. തെക്കേ ഇൻഡ്യയുടെഒരു മാപ്പ് ! കൂട്ടത്തിൽ ശ്രീലങ്കയും വന്നിട്ടുണ്ട്‌ എന്നതു്‌  ശ്രദ്ധേയമാണു്‌.
തോട്ടത്തിലെ പക്ഷിപാർക്കിൽ നിന്നും കിട്ടിയ ആന്തൂറിയം പൂവു്‌ .  അപ്പോഴത്തെ അവിടുത്തെ ലൈറ്റു്  ഒരു പക്ഷിയുടെ ആകൃതിയിൽ തോന്നിച്ചു. തലയുംകഴുത്തുവാലും കാലും എല്ലാം അതാതു സ്ഥാനങ്ങളിൽ കിട്ടിയെന്നതു്‌  യാദൃശ്ചികം.
നഗ്നയായ പ്രകൃതി : ഏതുകൊച്ചു കുട്ടിക്കുപോലും ഒറ്റനോട്ടത്തിൽ തന്നെ പറയാം ഇതെന്താണെന്നു്‌.  എന്നാൽ നഗ്നനേത്രങ്ങളേപ്പോലും ചിന്താക്കുഴപ്പത്തിലാക്കുന്ന ഈ നഗ്നതാപ്രദർശനം പക്ഷേ കുലയായി നിന്ന പഴുത്തകാപ്പിക്കുരുവിലെ രണ്ടെണ്ണത്തിന്റെ ക്ലോസപ്പാണു്‌ ഇതു്‌. അതേ, വെറും ഒരു സാധാരണ  കാഴ്ച !
മണൽക്കാടു്‌ മരുഭൂമിയുടെ നല്ലനല്ല സീനുകൾ ഇന്നു ലഭ്യമാണു്‌. എന്നാൽ 21 വർഷം മുമ്പു്‌  കൈവെള്ളയിലെ ചെറിയ രേഖകളുടെ ക്ലോസപ്പിൽ നിന്നും  ഇങ്ങനെ ഒരു മണൽക്കാടു്‌ സൃഷ്ടിച്ച്‌  ജനത്തെക്കൊണ്ടു്‌ ഇതു്‌  'മരുഭൂമി'യെന്നു്‌  സമ്മതിപ്പിക്കാൻ എനിക്കു്‌ കഴിഞ്ഞിരുന്നു


ഫോട്ടോഗ്രാഫിയിൽ  താങ്കൾക്ക് കുറെയേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടല്ലോ . അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണ്?

മലയാളമനോരമ അവാർഡു്‌, മദ്രാസ് വൈല്‍ഡ് ലൈഫ്, ടൈംസ് ഒഫ് ഇൻഡ്യ, ടൂറിസംഡിപ്പാർട്ടുമെന്റു്,മാതൃഭൂമി കാർഷിക ഫോട്ടോഗ്രാഫി,‌ മൂന്നു വർഷങ്ങൾ തുടർച്ചയായി കേരളാ യൂണിവേഴ് സിറ്റി യൂണിയന്റെ അവാർഡുകൾ, ഊട്ടിയില ടൂറിസം വകുപ്പു നടത്തിയ മത്സരത്തിൽ 6 ഒന്നാം സമ്മാനങ്ങൾ ഉളപ്പടെ 11 അവാർഡുകൾ മാതൃഭൂമി കാർഷിക ഫോട്ടോഗ്രാഫിസമ്മാനം, സമ്മർ ഫെസ്റ്റിവൽ കമ്മിറ്റിയും തമിഴ് നാടു്‌ ഹോട്ടിക്കളച്ചർ സൊസൈറ്റിയും ചേർന്നു നടത്തിയ മത്സരങ്ങളിൽ 3 വർഷം തുടർച്ചയായി ഒന്നാം സമ്മാനങ്ങൾ, കേരളാ യൂണിവേഴ് സിറ്റി കോളേജിന്റെ 125 വാർഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തിൽ രണ്ടാം സമ്മാനവും,കൊല്ലം ഹോട്ടിക്കളച്ചർ സൊസൈറ്റി നടത്തിയ മത്സരത്തിൽ 2 ഒന്നാം സമ്മാനവും 1 രണ്ടാം സമ്മാനവും, ബട്ടർ ഫ്ലൈ ആർട്ടു ഫൌണ്ടേഷന്റെ ബസ്റ്റ് ഓഫ് നേച്ചർ എക്സലൻസി അവാർഡു്‌, നീലഗിരിയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്കുള്ള പ്രവാസി ഭൂഷൺ പുരസ്ക്കാർ കൂടാതെ സയൻസ് ആന്റു്‌ ടെക് നോളജിയുടെ കഴിഞ്ഞ വർഷത്തെ 2 പ്രോത്സാഹനസമ്മാനങ്ങളുൾപ്പടെ കുറേയധികം പ്രോത്സാഹനസമ്മാനങ്ങൾ വേറേയും..

താങ്കൾ എടുത്തിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങൾ എന്ന് എടുത്തുപറയാവുന്നവ ഉണ്ടോ? ഉണ്ടെങ്കിൽ ആ ചിത്രത്തിന്റെ പിന്നിലെ കഥ ഒന്നു പങ്കുവയ്ക്കാമോ?

എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണു്‌. എങ്കിലും മനോരമയുടെ അവാർഡു കിട്ടിയ 'ഏറ്റുമുട്ടൽ' എന്ന ചിത്രം എനിക്കു വളരെ ഇഷ്ടമുള്ള ഒന്നാണു്‌. രണ്ടു്‌ മുട്ടനാടുകൾ തമ്മിൽ ഇടിക്കുന്നതിനു്‌ തൊട്ടു്‌ മുമ്പുള്ള ഒരു നിമിഷം. ഇനിഒരിക്കലും എടുക്കാൻ പറ്റാത്ത ആ b/w ചിത്രം ഓപ്പസിറ്റ്‌ ലൈറ്റിൽ എടുത്തതാണു്‌. പിന്നിൽ കടൽത്തീരമെന്നു്‌ തോന്നുമെങ്കിലും കുനൂരിലെ മിസ്റ്റു്‌ മൂടിയ ഒരു പ്രഭാതദൃശ്യമാണു്‌ ഇതു്‌.രണ്ടുകാലിൽ നിന്നുകൊണ്ടു്‌ ഇടിക്കുന്ന ആടുകൾക്കിടയിൽ മദ്ധ്യഭാഗത്തു് ഏതാണ്ടു്‌ തുല്യ അകലത്തിലായി ദൂരെ റഫറിയെപ്പോലെ ഒരു കുട്ടി നില്ക്കുന്നുണ്ടായിരുന്നു.യാഷിക്ക 124 - G എന്ന 120 സൈസ് ഫിലിം ക്യാമറയിൽ എടുത്തതായിരുന്നു ഇതു്‌. വെസ്റ്റ് ലവൽ TLR ക്യാമറകളിൽ ഇത്തരം ഒരു ആക്ഷൻ ചിത്രം ഒറ്റ ക്ലിക്കിൽ എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. 'ആടുകൾ തമ്മിലിടിക്കുന്ന ചിത്രങ്ങൾ ഇനിയും എടുക്കാമായിരിക്കും എന്നാൽ തുല്യ അകലത്തിൽ സിമ്മട്രിക്കലായി മദ്ധ്യഭാഗത്തു്‌ അങ്ങനെ ഒരുകുട്ടിയെക്കൂടി ഉൾപ്പെടുത്തി ഇതേ കോമ്പോസിഷനിലും ലൈറ്റിങ്ങിലും ഇങ്ങനെ ഒരു സീൻ ഇനി എടുക്കാൻപറ്റില്ല, അപൂർവ്വ ചിത്രം ! ' ജൂറിയുടെ കമന്റിൽ ഒരു ലൈൻ ഇതായിരുന്നു.


ഞാൻ ആദ്യമായി സ്വന്തമാക്കിയ ബോക്സ് ക്യാമറയെപ്പറ്റി പറഞ്ഞുവല്ലോ. അതിൽ എടുത്ത ആദ്യ റോളിലെ ഒരു ചിത്രം  എനിക്ക് ഒരു വലിയ നേട്ടം ഉണ്ടാക്കിത്തന്നിട്ടുണ്ട്, വർഷങ്ങൾക്കു ശേഷം. ആ കഥകൂടി പറയാം, ബോറാവുന്നില്ലെങ്കിൽ! 

അന്നു യുവാക്കളുടേയും ഉദ്യോഗാർത്ഥികളുടേയും ഏക ആശ്രയമായിരുന്നു 'എംപ്ലോയ്മെന്റു്‌ ന്യൂസ് വീക്കിലി.' ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിരുന്ന  ഇതു്‌ ഇൻഡ്യമുഴുവനും  വൻ പ്രചാരത്തിലുള്ള കേന്ദ്രഗവേണ്മേന്റിന്റെ  ഏക തൊഴിൽ വാരികയായിരുന്നു. അതിന്റെ മുഖചിത്രമായി ഒരു ഫോട്ടോ വരാറുള്ളതു്‌ ഞാൻ ശ്രദ്ധിച്ചിരുന്നു.ഡൽഹിയിലേയും ബോംബെയിലേയും  വമ്പൻ ഫോട്ടോഗ്രാഫറന്മാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു അതിൽ പ്രത്യക്ഷപ്പെട്ടിരുന്നതു്‌. കേന്ദ്രഗവേണ്മേന്റിന്റെ  ആയതിനാൽ  ഉത്തരേൻഡ്യൻ ലോബിയുടെ കൈവശമായിരുന്നു അതെന്നു പറയേണ്ടതില്ലല്ലോ.എന്നാൽ എന്റെ ബോക്സ് ക്യാമറയിലെ ആദ്യറോളിലെ ഒരു ചിത്രം അതിന്റെ മുഖചിത്രമായി അച്ചടിച്ചു്‌ വന്നതു്‌  വെറും ഒരു തുടക്കക്കാരനയ എനിക്കുകിട്ടിയ ഒരംഗീകാരമായിരുന്നു.

മുതുകുളത്തെ വീട്ടിലനിന്നും ജോലിക്കുനിന്ന രണ്ടു പയ്യന്മരെക്കൂട്ടി  ഞാൻ കടൽത്തീരം സന്ദർശിക്കാൻ പുറപ്പെട്ടു. അവരുമൊത്തു്‌ ആറാട്ടുപുഴ എത്തിയപ്പോൾ വൈകുന്നേരമായി. അവരെ കടപ്പുറത്തു്‌ ഒരു വള്ളത്തിന്റെ  അടുത്തുനിർത്തി സൂര്യനു്‌ അഭിമുഖമായി ഒരു ചിത്രം എടുക്കുവാൻ അന്ന് സാധിച്ചു‌. വർഷങ്ങൾ കഴിഞ്ഞു്‌ ഊട്ടിയിൽ വന്നശേഷമാണു്‌ ഞാൻ  എംപ്ലോയ്മെന്റെ ന്യൂസിന് ഇതയച്ചുകൊടുക്കുന്നതു്‌ .അതു്‌ കേന്ദ്ര സർക്കാരിന്റേതാണെന്നും വെളിയിൽനിന്നുള്ളവരുടേതു്‌ സ്വീകരിക്കുകയില്ലെന്നും ഒരു കേന്ദ്രഗവേണ്മേന്റു്‌ ഉദ്യോഗസ്ഥൻ ഇതു പോസ്റ്റു ചെയ്യുന്ന സമയത്തു്‌  എന്നെ ഉപദേശിച്ചിരുന്നു. എങ്കിലും പിന്മാറിയില്ല. അയച്ചു.
ഒന്നുരണ്ടാഴ്ച നോക്കിയിരുന്നു കണ്ടില്ല. പടം തിരിച്ചുവന്നതിമില്ല. വെളിയിൽ നിന്നുള്ളവരുടേതു്‌ എടുക്കില്ല എന്നു പറഞ്ഞതുകൂടി ഓർത്തപ്പോൾ പ്രതീക്ഷമങ്ങിത്തുടങ്ങിയിരുന്നു.   എന്നാൽ  ഓർക്കാപ്പുറത്തു്‌ ഒരു ദിവസം ടൌണിലെത്തുമ്പോൾ മാലപോലെ ബുക്കു കടകളിൽ  തൂങ്ങികിടക്കുന്ന എന്റെ ചിത്രമടങ്ങിയ എംപ്ലോയ്മെന്റു്‌ ന്യൂസ് വീക്കിലി  കണ്ടു ഞാൻ അതിശയിച്ചുപോയി. മത്രമല്ല പിന്നെ രണ്ടാഴ്ച്ക കഴിഞ്ഞാണു ശരിക്കും അത്ഭുതം തോന്നിയതു്‌ .അതിന്റെ പ്രതിഫലമായി ഇന്ദ്രപ്രസ്ഥത്തിൽ നിന്നും എന്റെ പേരിൽ 30 രൂപയുടെ ഒരു ഡിഡി ഇവിടുത്തെ സ്റ്റേറ്റ് ബങ്കിലേക്കു് രജിസ്റ്റേഡായി അവർ അയച്ചുതന്നിരിക്കുന്നു !

പിന്നെ പലതവണ എന്റെ ചിത്രങ്ങൾ അതിൽ അടിച്ചുവന്നു.ഒരു പരിചയവുമില്ലാത്ത തെക്കേഇൻഡ്യാക്കരനായ എന്റെ  ചിത്രത്തിന്റെ മൂല്യം മാത്രമായിരുന്നു അവരുടെ മാനദണ്ഡമെന്നു അഭിമാനത്തോടെ ഇന്നും ഞാൻ ഓർക്കുന്നു.


കഴിഞ്ഞ 29 വർഷമായി ഊട്ടിയിൽ ഫ്രീ ലാൻസ്‌ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിക്കുകയാണല്ലോ. ഡിജിറ്റൽ ക്യാമറ വിപ്ലവം മൂലം ഇപ്പോൾ എല്ലാവരുടെ കൈയ്യിലും ക്യാമറ ആയി. എങ്കിലും ഇപ്പോഴും നല്ല ചിത്രങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾ വരാറുണ്ടോ താങ്കളെപോലെയുള്ളവരുടെ സേവനം തേടി?

ഏതെങ്കിലും ഒരു കളറും രൂപവും മാത്രമാണു്‌ ഫോട്ടോഗ്രാഫി എന്നു കരുതുന്നവർ ഒഴികെയുള്ളവരെല്ലാം വരാറുണ്ടു്‌. നല്ല കസ്റ്റമേഴ്സിൽ പലർക്കും അവരുടെ കൈവശമുള്ള ചെറിയ ക്യാമറകളുടെ പരിമിതികളറിയാം. ചിലർക്കാകട്ടെ നല്ല ക്യാമറയുണ്ടു്‌ ഉപയോഗിക്കാനറിയില്ല - അപ്പോൾ ഫലത്തിൽ രണ്ടും ഒന്നുതന്നെ! പത്രമാധ്യമങ്ങളും പ്രസിദ്ധീകരണക്കാരും വെബ് സൈറ്റുകാരുമാണു ഇപ്പോൾ കൂടുതലും തേടിയെത്താറുള്ളതു്‌.

ഊട്ടിയോട് ഇത്രയും 'പ്രണയം' എന്തുകൊണ്ടാണ്?

സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഊട്ടി ശരിക്കും ഫോട്ടോഗ്രാഫർമാരുടെ ഒരു മേച്ചിൽപ്പുറമാണു്‌. അവർക്കു്‌ എന്തെല്ലാം അസംസ് കത വസ്തുക്കൾ ആവശ്യമുണ്ടോ അതെല്ലാം ഇവിടെയുണ്ടു്‌. പൂക്കളും പൂന്തോട്ടങ്ങളും പുൽമേടുകളും കൊണ്ടു മനോഹരമായ, തട്ടുതട്ടായ ഭൂമിയും പച്ചപ്പുകൾ നിറഞ്ഞ മലനിരകളും, ആരേയും കുളിരണിയിക്കാൻ പോരുന്ന കാലാവസ്ഥയുമുള്ള ഈ മലകളുടെ റാണിയെ ആരാണു്‌ പ്രണയിച്ചുപോകാത്തതു്‌ ! എന്റെ ജീവിതത്തിൽ ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച ഊട്ടി എന്നും എനിക്കേറെ പ്രിയപ്പെട്ടതാണു്‌. എന്നെ ഞാനാക്കിയ ഈ തണുപ്പൻ നഗരത്തോടു്‌ എനിക്കു വലിയ കടപ്പാടുണ്ടു്‌ ‌.അതിന്റെ കഥകൾ പറയാൻ വളരെയുണ്ട്. അതിനാൽ അവയൊക്കെ തല്ക്കാലം വിടുന്നു.നിങ്ങളൊക്കെ പൈസ മുടക്കി ഓഫീസും വീടുമെല്ലാം എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു.ഇവിടെ പ്രകൃതി തന്നെ ഈ ഒരു പ്രദേശം മുഴുവനും എയർ കണ്ടീഷൻ ചെയ്തു തന്നിരിക്കുകയാണു്‌. പിന്നെയെങ്ങനെ ഇഷ്ടപ്പെടാതിരിക്കും!


പുതിയ തലമുറക്കാരായ ഡിജിറ്റൽ ഫോട്ടോഗ്രാഫർമാരോട്   താങ്കൾക്ക് എന്ത്
ഉപദേശമാണ് നല്കുവാനുള്ളത്?


വിഷ്വലൈസേഷൻ അഥവാ ദശ്യവല്കരണം ഒരു കലയാണു്‌.അതു്‌ ക്രിയാത്മകമായ ഐഡിയാകൾ ഉൾക്കൊള്ളിച്ചു ചിത്രീകരിക്കുവാൻ പരമാവധി ശ്രമിക്കുക. നെഗറ്റീവു്‌ ഫിലിമിനു അനുവദിക്കുന്ന ഡാർക്കു റൂം പ്രോസസ്സിങ്ങ് പോലെ ഡിജിറ്റൽ ഫയലുകൾക്കും പ്രോസസ്സിങ്ങ് അനുവദനീയമാണു്‌. എന്നാൽ ഇതു്‌ അധികമാകാൻ പാടില്ല എന്നാണ് എനിക്ക് പറയുവാനുള്ളത്.  കാരണം ഒരുതരം മേക്കപ്പ് പണികളും വലിയ അന്തർദ്ദേശീയ മത്സരങ്ങൾക്കോ വമ്പൻ വെബ് സൈറ്റുകൾക്കോ സ്വീകാര്യമല്ല.നാഷണൽ ജ്യോഗ്രാഫി, റോയിട്ടേഴ്സ് തുടങ്ങിയവയിൽ ക്രോപ്പിങ്ങുപോലും നിയന്ത്രണവിധേയമാണു്‌. 'തീരെ നിവർത്തിയില്ലെങ്കിൽ ക്രോപ്പിംഗ് ആകാം, പക്ഷേ അതുകൊണ്ടു്‌ പടം മെച്ചമാകുമെങ്കിൽ മാത്രം' എന്നാണു്‌ അവരുടെ നിയമം.വെളിച്ചത്തെക്കുറിച്ചു്‌ നല്ല ധാരണയും ഭാവനയും ക്രിയേറ്റിവിറ്റിയും ചുറ്റുപാടുകൾ സസൂഷ്മം വീക്ഷിക്കാനും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവും ആണു്‌ ഫോട്ടോഗ്രാഫർക്കു്‌ അവശ്യം വേണ്ടഘടകങ്ങൾ. മറ്റേതൊരു കലയേയും പോലെ ഇതിനും ഭാവനയും നിരന്തര സാധനയും ആവശ്യമാണു്‌. എന്നുകരുതി ഇതൊന്നുമില്ലാതെയും ഇന്നു്‌ ഫോട്ടോഗ്രാഫറാകാം! പക്ഷേ, അക്ഷരമാല പഠിച്ചതുകൊണ്ടോ എഴുത്തും വായനയും അറിയാവുന്നതു കൊണ്ടോ എല്ലാവരും സാഹിത്യകാരന്മാരാകുന്നില്ല എന്നതുപോലെയുള്ളവ്യത്യാസമുണ്ടു്‌.

വെറും ഒരു ഹോബി എന്നതലം വിട്ടു്‌ ജീവിതത്തിൽ ഒഴിച്ചുകൂടനാവത്ത ഒന്നായി മാറിക്കഴിഞ്ഞു ഇന്നു്‌ ഫോട്ടോഗ്രാഫി.വർത്തമാനകാല സംഭവങ്ങൾ മാത്രമല്ല ചരിത്ര രേഖകകൾ മുതൽ ചരമക്കുറിപ്പുകൾ വരെ ഇതിന്റെ കൈപ്പിടിയിലാണെന്നകാര്യം ഓർക്കുമല്ലോ! തൊഴിൽ എന്നതിനുപരി ഉദാത്തമായ ഒരു കലാരൂപമായി ഫോട്ടോഗ്രാഫിയെ കാണുകയും ആദരിക്കുകയും ചെയ്യുന്ന ഞാൻ ഇതിന്റെ ആഴവും പരപ്പും സധാരണക്കാരിലേക്കു്‌ എത്തണമെന്ന പക്ഷക്കാരനാണു്‌. എങ്കിലും ഇന്നു വളരെ എളുപ്പവും ജനകീയവുമായ ഇതിനെ തീരെ നിസ്സാരവല്ക്കരിക്കരുതെന്ന അഭിപ്രായക്കാരനാണു്‌.

ക്യാമറ എന്നതിലൂടെ നമ്മുടെ ക്രിയാത്മകമായ ഐഡിയാകളെ ആകർഷകമായി ചിത്രീകരിക്കാൻ കഴിയണം. മറ്റൊന്നു്‌ ക്യാമറയുടെ വലിപ്പച്ചെറുപ്പമോ വിലക്കൂടുതലോ അല്ല മുഖ്യം.(സങ്കേതികമേന്മയുടെ കാര്യം മറക്കുന്നില്ല) എങ്കിലും ഏതുതരം ക്യാമറയിലും നല്ല ചിത്രങ്ങളെടുക്കാൻ കഴിയണം എന്നതാണു്‌ ഏറ്റവും പ്രധാനമായി എനിക്കു്‌ പറയാനുള്ളതു്‌ .

സ്വയം ഒന്ന് പരിചയപ്പെടുത്താമോ? വീട് ? കുടുംബം?

എന്റെ വ്യക്തിത്വത്തേക്കാൾ  എന്റെ ചിത്രങ്ങളുടെ വ്യക്തിത്വമാണു്‌   എന്റെ ജീവിതത്തിന്റെ രഹസ്യമെന്നു പറയാം. ശരിക്കു പറഞ്ഞാൽ യാദൃശ്ചികതയുടെ  ഒരു സഹയാത്രികനാണു്‌ ഞാൻ , അതേ വെറും ഭാഗ്യം ഒന്നുകൊണ്ടുമാത്രം ജീവിക്കുന്ന കക്ഷി. മുതുകുളത്തു്‌ ജനിച്ചു്‌ വളർന്നു്‌ മാവേലിക്കരയിൽ പഠിച്ചു്‌ പുനലൂരിൽ താമസിച്ചു്‌ കൊല്ലത്തു്‌ നിന്നും വിവാഹംകഴിച്ചു്‌ തിരുവനന്തപുരത്തു്‌ സെറ്റിലായി ഇപ്പോൾ ഊട്ടിക്കടുത്തു്‌ കൂനൂരിൽ കുടുംബസമേതം കഴിയുന്നു. ഇവിടെ കൈരളി കേരളസമാജത്തിന്റെ രക്ഷാധികാരിയും, ഫോട്ടോവൈഡ് ഫോട്ടോ മാഗസിന്റെ കറസ്പോണ്ടന്റും, സിനിമാ മംഗളം വാരികയുടെ സ്പെഷ്യൽ കറസ്പോണ്ടന്റും, ചില ഫോട്ടോ സ്റ്റോക്ക് ഏജൻസികളുടെ കോണ്ട്രിബ്യൂട്ടറുമൊക്കെയാണു്‌. ഭാര്യ ഷേർളി ഹൌസ് വൈഫ് . മകൻ ബ്രഹ്മദത്തൻ രണ്ടാം വർഷ ബി.കോം.സി.എ. വിദ്യാർത്ഥി. മകൾ ഐശ്വര്യ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. ഇന്‍ഡ്യ ഇന്റര്‍ നാഷണല്‍ ഫോട്ടോ ഗ്രാഫിക് കൌണ്‍സില്‍, കാനന്‍ എഡ് ജ് , നേച്ചര്‍ ഫോട്ടോഗ്രഫേഴ്സ് ക്ലബ്, തമിഴ് നാടു്‌ വീഡിയോ ആന്റ് ഫോട്ടോ അസോസിയേഷന്‍ എന്നിവയില്‍ മെമ്പറും കൂനൂര്‍ ഫോട്ടോ വീഡിയോ അസോസിയേഷന്റെ പ്രസിഡന്റുമാണു്‌.

29 comments:

NPT said...

വളരെ നന്നായിട്ടുണ്ട്......നല്ലൊരു തുടക്കം....ആശംസകള്‍ നേരുന്നു.......

Haree said...

:) ഇങ്ങിയൊരു പംക്തി തീര്‍ച്ചയായും നല്ലതു തന്നെ. ഒരു ചെറിയ നിര്‍ദ്ദേശം. ഇപ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്ന ക്യാമറകള്‍ / ലെന്‍സുകള്‍ / മറ്റ് ഉപകരണങ്ങള്‍ എന്നിവയെക്കൂടി പരിചയപ്പെടുത്താമായിരുന്നു.

അദ്ദേഹത്തിന്റെ ബ്ലോഗ് കണ്ടപ്പോള്‍ ഒരു കാര്യം കൂടി സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. നല്ല നല്ല ചിത്രങ്ങളെടുക്കുന്ന പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ പോലും (കേരളത്തില്‍ നിന്നുമുള്ളവര്‍) അവരുടെ ബ്ലോഗ് / വെബ്സൈറ്റ് വളരെ നിരാശാജനകമായാണ്‌ ഒരുക്കുന്നത്. അതെന്താണ്‌ അങ്ങിനെ?
--

റ്റോംസ് കോനുമഠം said...

ദത്തന്‍ ചേട്ടനെ പരിചയപ്പെടുത്തിയതിനു നന്ദി.
തുടക്കം തന്നെ അതിപ്രേശസ്തനായ ഒരാള്‍ ആയതും നന്നായി. വളരെ അടുത്ത് പരിചയപ്പെട്ടത്‌ പോലെ തോന്നി വായിച്ചപ്പോള്‍ .
മുപ്പാതിനാല് വര്‍ഷം എന്നത് കൊച്ചു കാര്യമല്ലല്ലോ..? ദത്തന്‍ ചേട്ടനും ഫോട്ടോബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും തട്ടകം വക ആശംസകള്‍

sUniL said...

പ്രശംസനീയമായ ഉദ്യമം! അഭിനന്ദനങ്ങൾ!!

mini//മിനി said...

നല്ല അനുഭവ പാഠം.

faisu madeena said...

താങ്ക്സ് ..ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി....

Renjith said...

ദത്തന്‍ മാഷിന്റെ ഒരു വെബ്സൈറ്റ് നേരത്തെ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നു .ഇപ്പോള്‍ തിരഞ്ഞിട്ടു കിട്ടുന്നില്ല ,അതിനെ പറ്റി എന്തെങ്കിലും അറിയുമോ അപ്പു ചേട്ടാ ?

krish | കൃഷ് said...

Thanks for introducing Dethan ji.

ബിന്ദു കെ പി said...

ദത്തന്‍ മാഷിന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങള്‍ അതിരറ്റ വിസ്മയത്തോടെയാണ് വായിച്ചത്. തികച്ചും ഹൃദ്യം...വിജ്ഞാനപ്രദം.

(ഹെന്റെ ദൈവമേ! ഈ പുലിയേയാണൊ ഞാന്‍ ഇത്രയും നാള്‍ ആരാണ്, എന്താണ് എന്നൊന്നും അറിയാതെ, ഒരേ ബെഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരോട് ഇടപെടുന്നതുപോലെ ദത്താ ദത്താന്നും വിളിച്ച് തുരുതുരാ ഈമെയിലില്‍ സംശയങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നത്!!)

G.manu said...

very nice appu.. pls continue this kind of interviews.hats off to Dattan Mash

ഭൂതത്താന്‍ said...

ee paripaadi assalaayi ....thudaruka

a.faisal said...

അഭിനന്ദനങ്ങൾ!!

Noushad said...

"സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും ഒക്കെ കാണാതെ പഠിച്ചു്‌ കഷ്ടപ്പെട്ടു്‌ കണക്കു്‌ ചെയ്യുന്നവർക്കു്‌ കാൽക്കുലേറ്റർ കിട്ടിയതു പോലെയുള്ള അവസ്ഥ"
ആശംസകള്‍...

HAREESH said...

നന്നായിട്ടുണ്ട്......

Pratheep Srishti said...

ദത്തേട്ടനുമായുള്ള അഭിമുഖം വളരെ പ്രചോദനകരമാണ്. ഫോട്ടോക്ലബ്ബിന്റെ വിവിധതലങ്ങളിലുള്ള ഇടപെടലുകൾ പ്രശംസനീയമാണ്. എല്ലാവിധ ആശംസകളും നേരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ദത്തന്‍ മാഷിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. നന്ദി അപ്പു..

ആശംസകള്‍

ലിനു said...

തികച്ചും ഹൃദ്യം...വിജ്ഞാനപ്രദം.

അലി said...

ദത്തന്‍ മാഷിനെ കുറിച്ച് കൂടുതലറിയാന്‍ കഴിഞ്ഞു.
ഈ നല്ല ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും.

Yousef Shali said...

തീര്‍ച്ചയായും അഭിനന്ദനങള്‍ അര്‍ഹിക്കുന്ന ഉദ്യമം തന്നെ ..അപ്പൂ നന്ദി !

sethumenon said...

wonderful. Dathan is an excellent photographer.I know him since 20 yrs. Really gifted artist.

കുഞ്ഞൂസ് (Kunjuss) said...

ഈ 'സൂമിംഗ് ഇന്‍' അഭിമുഖത്തിലെ പ്രഥമസ്ഥാനത്തിനു എന്തു കൊണ്ടും അര്‍ഹനാണ് ദത്തന്‍.അദ്ദേഹം പുത്തന്‍തലമുറയ്ക്ക് ഒരു വഴികാട്ടിയാവട്ടെ!

പ്രിയ സ്നേഹിതനും അപ്പുമാഷിനും ആശംസകള്‍!

Renjith said...

http://dethans.zenfolio.com/
അവസാനം കണ്ടുപിടിച്ചു
ബ്ലോഗില്‍ ഇട്ടിട്ടില്ലാത്ത ദത്തന്‍ മാഷിന്‍റെ ചിത്രങ്ങള്‍ ഇവിടെ കിട്ടും

BinduRamesh said...

thudakkam gambeeram
iniyum thudaran ella nalla aasamsakalum....

KALANDAR MOHAMMED said...

Realy good one...Thanks....

അപ്പു said...

ഈ അഭിമുഖം വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാ വായനക്കാർക്കും നന്ദി.

Anonymous said...

nice to hear all these

Dethan Punalur said...

ഫോട്ടോക്ലബ്ബിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും വിശിഷ്യാ അഭിമുഖം നടത്തിയ അപ്പുവിനും ഇതിലെ അംഗങ്ങള്‍ക്കും എന്നെ സഹിച്ച നല്ലവരായ എല്ലാ വായനക്കാര്‍ക്കും, കമന്റിലൂടെയും മെയിലിലൂടെയും ഫോണിലൂടെയും അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവ്യക്തികളോടുമുള്ള എന്റെ അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
സ്നേഹത്തോടെ,
ദത്തന്‍ പുനലൂര്‍.

Vijay Karyadi said...

a mixture of arts ,science and experience, salute you dhathan sir.

vijay karyadi

ഷാജി said...

Valare nall interview ...ethrayum experience ulla Datan mashine aduthariyan kazhinjathil valare santhosham ....thank you appuvetta