Showing posts with label Announcement. Show all posts
Showing posts with label Announcement. Show all posts

Saturday, February 19, 2011

ഫോട്ടോഷോപ്പ് പാഠങ്ങള്‍ - 3

മധുസൂദനൻ പേരടി എഴുതുന്ന ഫോട്ടോഷോപ്പ് പാഠം ഇവിടെ.....

Wednesday, February 16, 2011

ഫോട്ടോഷോപ്പ് പാഠങ്ങൾ പുനരാരംഭിക്കുന്നു

സ്നേഹിതരേ,  

ഫോട്ടോക്ലബ്ബിൽ നമ്മൾ ആരംഭിച്ച് തുടക്കത്തിലേ മുടങ്ങിപ്പോയ ഒരു പംക്തിയുണ്ട് - ഫോട്ടോഷോപ്പ് പാഠങ്ങൾ. ഇത് ഏറ്റെടുത്തുനടത്തുവാൻ ആരെങ്കിലും തയാറുണ്ടോ എന്ന് ‘ഫോട്ടോക്ലബ്ബിന്റെ ഭാവിപ്രവർത്തനങ്ങൾ’ എന്ന പോസ്റ്റിൽ ഞങ്ങൾ ചോദിച്ചതിനു മറുപടിയായി അറിയാവുന്ന ഗ്രാഫിക്സ് വിദഗ്ദ്ധരാരും കടന്നുവന്നില്ല.  എങ്കിൽ ആ പോസ്റ്റിൽ  ‘മധുസൂദനൻ പേരടി‘ എന്ന ബ്ലോഗർ ഞങ്ങളുടെ ഇ-മെയിൽ വിലാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു കമന്റ് ഇട്ടിരുന്നു. അതിന്റെ മറുപടി അന്വേഷിച്ചു പോയ ഞങ്ങൾക്ക് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു. ഫോട്ടോഷോപ്പിന്റെ മുടങ്ങിയ പാഠങ്ങൾ തുടർന്നുനടത്തുവാൻ തയ്യാറായി ഒരു ഗ്രാഫിക്സ് ഡിസൈനർ എത്തിയിരിക്കുന്നു. ഒപ്പം സാമ്പിൾ ആയി അദ്ദേഹം തയ്യാറാക്കിയ ഒരു പാഠഭാഗവും! ബാംഗ്ലൂരിൽ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്ന മധു, പക്ഷേ ബ്ലോഗിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ കവിതയും കഥയുമാണ്. ഒരു ഫോട്ടോബ്ലോഗ്  അദ്ദേഹത്തിന്റേതായി ബ്ലോഗിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ഫ്ലിക്കർ  പേജിൽ അദ്ദേഹം എടുത്ത ഫോട്ടോകൾ നിങ്ങൾക്ക് കാണാം. ലിങ്ക് ഇവിടെ.   പ്രഗത്ഭനായ ഒരു അദ്ധ്യാപകന്റെ രീതിയിലുള്ള ഇദ്ദേഹത്തിന്റെ വിവരണ ശൈലി എല്ലാവർക്കും ഇഷ്ടമാകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മധുവിനെ ഫോട്ടോക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം അദ്ദേഹം എഴുതുന്ന ഫോട്ടോഷോപ്പ് പാഠങ്ങൾ രണ്ടുദിവസത്തിനുള്ളിൽ    പ്രസിദ്ധീകരിച്ചുതുടങ്ങുന്നതാണ് എന്ന സന്തോഷവാർത്തകൂടി അറിയിക്കട്ടെ. ഫോട്ടോഷോപ്പ് എന്ന പാരാവാരം മുഴുവൻ കുടിച്ചു തീർക്കുവാനുള്ള ഒരു സംരംഭമല്ലിത്. ഇമേജ് എഡിറ്റിംഗിനുവേണ്ടി ഫോട്ടോഷോപ്പിനെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നാണ് പ്രധാനമായും മധു നമുക്ക് കാണിച്ചു തരുന്നത്.  

ആശംസകളോടെ 
അപ്പു & പ്രശാന്ത്

Saturday, January 22, 2011

ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവര്‍‌ത്തനങ്ങള്‍‌

ഈ ഫോട്ടോക്ലബ്ബിലെ അംഗങ്ങളുടെ ശ്രദ്ധയ്ക്കായി പ്രധാനപ്പെട്ട ഒന്നുരണ്ടു കാര്യങ്ങൾ അറിയിക്കട്ടെ.

ഫോട്ടോക്ലബ് എന്ന പേരിൽ ഈ ഗ്രൂപ്പ് ബ്ലോഗ് ആരംഭിച്ചത് 2010 ജൂൺ 1 നാണ്, അതായത് ഏഴുമാസങ്ങൾക്ക് മുമ്പ്. അന്നുമുതൽ ഇന്നുവരെ ഈ ബ്ലോഗിൽ ഫോളോവർ ആയി ചേർന്നിട്ടുള്ള ആളുകളുടെ - അവരാണ് ഈ ബ്ലോഗിലെ മെംബർമാരും - എണ്ണം മുന്നൂറ്റിനാൽ‌പ്പതോളം വരും. ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ആശയം ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുക എന്നതുമാത്രമായിരുന്നില്ല - മലയാളം ബ്ലോഗിംഗ് വേദിയിൽ ഫോട്ടോബ്ലോഗുകൾ ഉള്ള എല്ലാവരേയും ഒരു സ്ഥലത്ത് ഒന്നിച്ചു കൂട്ടി ഒരു ഡിസ്കഷൻ ഫോറം പോലെ ഒരു സ്ഥലം - അതായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതായത് ഇതിലെ അംഗങ്ങൾ പരസ്പരം കൂട്ടായ ചർച്ചകളിൽക്കൂടി പുതിയ കാര്യങ്ങൾ പഠിക്കുകയും അങ്ങനെ അവരവരുടെ കഴിവുകൾ കൂടുതൽ മെച്ചമാക്കുകയും, വ്യത്യസ്ഥമേഖലകളിൽ അറിവുള്ളവർ അത് മറ്റുള്ളവർക്കു കൂടി പ്രയോജനകരമാകുന്ന തരത്തിൽ പങ്കുവയ്ക്കുകയും ചെയ്യും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ദൌർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങൾ ഒന്നുരണ്ടുപേരുടെ മാത്രം ബ്ലോഗ്  എന്ന  രീതിയിലാണ് വായനക്കാരിൽ ഭൂരിഭാഗവും ഇതിനെ കാണുന്നത് എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ  ഇപ്പോൾ തോന്നുന്നത്.

ഇത് വെറുതേ പറയുന്നതല്ല. അംഗങ്ങൾക്ക് പരസ്പരം ഇന്ററാക്റ്റ് ചെയ്യുവാൻ ഉതകുന്ന പല പംക്തികളും തുടങ്ങിയെങ്കിലും അവയിൽ ഓരോന്നിന്റെയും നിലവിലെ അവസ്ഥ ഒന്നു നോക്കിയാൽ ഇത് മനസ്സിലാകാവുന്നതേയുള്ളൂ. “ഫോട്ടോഷോപ്പ് ടിപ്സ്” എന്ന പേരിൽ ഒരു വിഭാഗം ആദ്യം തന്നെ തുടങ്ങിയിരുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള പോസ്റ്റ് പ്രോസസിംഗിനെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. അത് ആദ്യം കൈകാര്യം ചെയ്തിരുന്ന നൌഷാദിന് പെട്ടന്ന് ജോലി മാറേണ്ടിവന്നതിനാലും പുതിയ ജോലിയിൽ തിരക്കായതിനാലും അത് യഥാസമയം തുടരുവാനായില്ല. അതേ തുടർന്ന് ഫോട്ടോഷോപ്പ് വിദഗ്ദ്ധരായ, നമ്മളോടൊപ്പമുള്ള പലരേയും ഞങ്ങൾ സമീപിച്ചു.  “ശരി ചെയ്യാം, ചെയ്യാം“ എന്നു അവരെല്ലാവരും പറഞ്ഞതല്ലാതെ കാര്യങ്ങൾ എങ്ങുമെത്തിയില്ല.  

കമ്പോസിംഗ് ടെക്നിക്കുകൾ എന്ന വിഭാഗം പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ വായിച്ചറിവുള്ള കാര്യങ്ങൾ അവിടെ അവതരിപ്പിക്കുക മാത്രമായിരുന്നില്ല ഉദ്ദേശം,  വായനക്കാർ അതുപോലെയുള്ള ചിത്രങ്ങളുമായി വന്ന് കൂടുതൽ ചർച്ചകൾ തുടരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അതുപോലെ നിങ്ങൾക്കറിയാവുന്ന കമ്പോസിംഗ് ടെക്നിക്കുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കും എന്നും പ്രതീക്ഷിച്ചു.   പക്ഷേ അതും അത്ര ഫലം കണ്ടില്ല. 

അതിനുശേഷമാണ് “ആഴ്ചക്കുറിപ്പുകൾ“ എന്ന പംക്തി തുടങ്ങിയത്. ഫോട്ടോബ്ലോഗുകളിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഒരു റിവ്യൂ ടീം ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്ത് അവയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പറയുവാനാണ് അത് ആരംഭിച്ചത്. കമന്റുകളീൽ കൂടി മറ്റുള്ള അംഗങ്ങൾക്കും ആ ഫോട്ടോകളെ വിലയിരുത്തുവാനുള്ള അവസരം അതുവഴി ഉണ്ടായിരുന്നു. പക്ഷേ വളരെ ചുരുക്കം അംഗങ്ങളൊഴികെ ആരും തന്നെ ആ പംക്തിയിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ക്രിട്ടിക് കമന്റുകൾ പറയാൻ അറിയില്ലാത്തതിനാലാണ് ഒന്നും മിണ്ടാത്തത് എന്ന് ചിലരൊക്കെ പറഞ്ഞു. പക്ഷേ അതുതന്നെയാണോ കാര്യം? 

“കഥപറയുന്ന ചിത്രങ്ങൾ” എന്നപേരിൽ പുതിയ പംക്തി തുടങ്ങുമ്പോൾ അതെങ്കിലും മുടങ്ങീപ്പോകാതെ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കാനാവുമല്ലോ എന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഓരോ ഫോട്ടോഗ്രാഫറും എടുക്കുന്ന ഓരോ നല്ലചിത്രത്തിനും പിന്നിൽ ഒരു കഥയുള്ളതിനാൽ ആരെങ്കിലുമൊക്കെ എഴുതും എന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്താണ് എന്നതിന്റെ തെളിവാണ് പുണ്യാളൻ എഴുതിയ ആദ്യ പോസ്റ്റിനു ശേഷം നാളിതുവരെ ഒരാളും ഒരു കഥയും അയച്ചുതന്നില്ല എന്നത്! ദോഷം പറയരുതല്ലോ, സൂമിംഗ് ഇൻ എന്ന പേരിൽ ആരംഭിച്ച ഇന്റർവ്യൂവിനു പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിച്ചത്. 

ഓരോ മാസവും ഒരു വിഷയം നൽകി അതിനെ അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫി മത്സരം നടത്താം എന്ന ആശയത്തിന്റെ ആരംഭമായാണ് 2010 ലെ വർഷാന്ത്യ ഫോട്ടോമത്സരം എന്ന പേരിൽ ഒരെണ്ണം അനൌൺസ് ചെയ്തത്. അതിന്റെ പ്രതികരണവും വളരെ നിരാശാജനകമായിരുന്നു എന്ന് രണ്ടുദിവസം മുമ്പ് നമ്മൾ കണ്ടതാണ്. മൂന്നൂറിലേറെ ആളുകൾ അംഗങ്ങളായുള്ള ക്ലബിൽ ലഭിച്ചത് വെറും പത്തിൽ താഴെ എൻ‌ട്രീകൾ. പുതിയ ചിത്രങ്ങൾ ഒന്നും അയച്ചു തരുവാനല്ല ആവശ്യപ്പെട്ടിരുന്നത് എന്നോർക്കുക, പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ ലിങ്കുകൾ മാത്രം അയച്ചു തന്നാൽ മതിയായിരുന്നു. എന്നാൽ അതിനുപോലും ഭൂരിഭാഗത്തിനും താല്പര്യമുണ്ടായില്ല എന്നത് വളരെ നിരാശയുളവാക്കുന്നു. ലഭിച്ച ചിത്രങ്ങളുടെ വോട്ടിങ്ങിലും ഈ നിഷ്ക്രിയത പ്രകടമായിരുന്നു. നൂറിൽ പരം ആളുകൾ മാത്രമാണ് ഒരു വോട്ട് രേഖപ്പെടുത്താൻ പോലും തയ്യാറായത്.

തുറന്നു പറയട്ടെ, ഈ രീതിയിൽ നിഷ്ക്രിയരായ ഒരു കൂട്ടം അംഗങ്ങളുമായി ഇങ്ങനെയൊരു ഗ്രൂപ്പ് ബ്ലോഗ് തുടർന്നുപോകാൻ ബുദ്ധിമുട്ടുണ്ട്. ഇന്റർനെറ്റിനുമുന്നിൽ ഒരുപാടു സമയം ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഐ.ടി / ഗ്രാഫിക്സ് / ഫോട്ടോഗ്രാഫി മുതലായ മേഖലയികളിലൊന്നുമല്ല  ഞങ്ങൾ രണ്ടുപേരും ചെയ്യുന്നത്. ജോലിസമയത്തിനു ശേഷം കിട്ടുന്ന സമയവും ചുരുക്കം തന്നെ.  ബ്ലോഗിൽ ചെലവഴിക്കാൻ ധാരാളം സമയമുള്ളവർ എന്നു ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്ന ചിലരെയൊക്കെ ഞങ്ങൾ ഈ ബ്ലോഗിന്റെ നടത്തിപ്പിലുള്ള സഹായത്തിനായി സമീപിക്കുകയുണ്ടായി.    ചിലരൊക്കെ  നിസ്സാരകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. എങ്കിലും ഞങ്ങളുടെ  അഭ്യത്ഥനമാനിച്ച് ബിന്ദു കെ.പി., ബിക്കി എന്നീ സുഹൃത്തുക്കൾ  സഹായഹസ്തവുമായി മുമ്പോട്ട് വന്നു. അവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. അവരുടെ സഹായസഹരണങ്ങളിലാണ് ആഴ്ചക്കുറിപ്പുകളും വർഷാന്ത്യഫോട്ടോമത്സരവും  കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മുമ്പോട്ട് പോയത്. ഇവരെപ്പോലെ ഏതെങ്കിലുമൊക്കെ പംക്തികൾക്കായി സമയം ചെലവഴിക്കാൻ സാധിക്കുന്നവർ സ്വയമേവ മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുടെ ഇടയിൽ  ഫോട്ടോഗ്രാഫിയെപ്പറ്റി നല്ല പ്രായോഗിക അറിവും, വായിച്ചുള്ള അറിവും എഴുതാനുള്ള കഴിവും ഒക്കെ ഒത്തിണങ്ങിയവർ പലരും ഉണ്ട്. പക്ഷേ പലർക്കും എഴുതാൻ മടിയാണ്, മുമ്പോട്ട് വന്നാൽ ആൾക്കാരുടെ കൈയ്യിൽ നിന്ന് ആവശ്യമില്ലാതെ പഴികേൾക്കുമോ എന്ന പേടിയും. പക്ഷേ ഈ ചിന്തകളുടെയൊന്നും കാര്യമില്ല, ഷെയർ ചെയ്യാനുള്ള മനസ്സാണു വേണ്ടത്. കൊടുക്കുന്തോറും ഏറിവരുന്ന ധനമാണ് അറിവ് എന്നാണല്ലോ പറയാറ്. 

ഈ ഫോട്ടോക്ലബ്ബിൽ എല്ലാ അംഗങ്ങൾക്കും പ്രയോജനകരമാവുന്ന തരത്തിലും എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലും എന്തൊക്കെ പദ്ധതികൾ ഇനി ആവാം എന്ന കാര്യത്തിൽ എല്ലാവരും അഭിപ്രായങ്ങൾ പറയുവാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ തുടങ്ങിയ പംക്തികൾ ഇനി തുടരണോ വേണ്ടയോ എന്നും പറയുക. ഏതായാലും ആഴ്ചക്കുറിപ്പുകൾ തൽക്കാലത്തേക്ക് നിർത്തുവാൻ ഞങ്ങൾ തീരുമാനിച്ചു. ഫോട്ടോഗ്രാഫിയിൽ   പുതുമുഖങ്ങളായവർക്ക് ആവശ്യമായ പല ഐഡിയകളും ഉണ്ടാവും എന്നറിയാം. അവരും അത് ഇവിടെ കമന്റുകളായി എഴുതുവാൻ താല്പര്യപ്പെടുന്നു. അതുപോലെ ഏതെങ്കിലുമൊക്കെ പംക്തികൾ ഏറ്റെടുത്ത് നടത്തുവാൻ സമയവും താല്പര്യവുമുള്ളവർ അതും അറിയിച്ചാൽ വലിയ ഒരു ഉപകാരമായിരുന്നു.  

ഇനി അഥവാ ഭൂരിഭാഗത്തിനും ഇങ്ങനെഒരു ഗ്രൂപ്പ് ബ്ലോഗിനോട് താല്പര്യമില്ല എങ്കിൽ ഈ ബ്ലോഗിനെ ഒരു ഇൻ‌വൈറ്റഡ് ബ്ലോഗ് ആക്കി മാറ്റി, താല്പര്യമുള്ളവർക്കായി  information sharing എന്നരീതിയിൽ മാത്രം മുമ്പോട്ട് കൊണ്ടുപോകാം എന്നാണ് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. 

ഫോട്ടോക്ലബ്ബ് എന്ന ഈ സംരഭത്തോട് താല്പര്യമുള്ള എല്ലാവരും ഇതിന്റെ ഭാവിപ്രവർത്തനങ്ങൾ എങ്ങനെയാവണം എന്നതിനെപ്പറ്റി ഒരു അഭിപ്രാ‍യം പറയും എന്ന പ്രതീക്ഷയോടെ 

Appu & Prasanth

Tuesday, December 14, 2010

സൗഹൃദ മത്സരം

പ്രിയ കൂട്ടുകാരേ,

വർഷാവസാനം അടുത്തിരിക്കുകയാണല്ലോ. ഈ അവസരത്തിൽ ഫോട്ടോക്ലബ്ബിൽ ഒരു സൗഹൃദ മത്സരം നടത്തുവാൻ ആഗ്രഹിക്കുന്നു. 2010 ൽ മലയാളം ഫോട്ടോബ്ലോഗുകളിൽ നിങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്നും അനുവാചകർക്ക്‌ ഇഷ്ടപ്പെട്ട ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുക്കുവാൻ ഒരു അവസരം ഫോട്ടോക്ലബ്ബ്‌ ഒരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത്‌ ഇത്രമാത്രം. നിങ്ങളുടെ ഫോട്ടോബ്ലോഗുകളിൽ നിങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമായചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള ചിത്രങ്ങളാണ്‌ ഈ മത്സരത്തിനായി പരിഗണിക്കുന്നത്‌ 

(1) പ്രകൃതി - ലാന്റ്‌ സ്കേപ്പുകൾ (സീനറി എന്നു നമ്മൾ പറയുന്ന പ്രകൃതിദൃശ്യങ്ങൾ മാത്രം)
(2) മാക്രോ ഫോട്ടോഗ്രാഫി   (ക്ലോസ്‌അപ് ചിത്രങ്ങൾ പരിഗണിക്കില്ല. യഥാർത്ഥ മാക്രോ ഫോട്ടോതന്നെയാവണം)
(3) പോർട്രെയ്റ്റുകൾ  (മനുഷ്യരുടെ മുഖങ്ങൾ, മുഖഭാവങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ)
(4) പക്ഷികൾ / മൃഗങ്ങൾ / ജീവജാലങ്ങൾ
(5) പൂക്കളുടെ ലോകം

ഈ ഓരോ വിഭാഗങ്ങളിലും ഒന്നു വീതം,  ഒരാൾക്ക്‌ പരമാവധി അഞ്ചു ചിത്രങ്ങൾ അയക്കാവുന്നതാണ്‌. ഫോട്ടോക്ലബ്‌ സ്വയം ഒരു ബ്ലോഗിൽ നിന്നും ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതല്ല. മത്സരത്തിനായി പരഗണിക്കുന്നതിനു അയച്ചുതരുന്ന എണ്ട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. 

നിങ്ങളുടെ എൻട്രികൾ ഡിസംബർ 31നു മുമ്പായി mlphotoentries@gmail.com എന്ന വിലാസത്തിൽ അയച്ചുതരിക. മത്സരത്തിനായി അയക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ച പോസ്റ്റിലേക്കുള്ള ലിങ്ക്‌, ഫോട്ടോയുടെ യു.ആർ.എൽ എന്നിവയും ഏതു വിഭാഗത്തിലേക്കാണു ചിത്രം അയക്കുന്നത്‌ എന്ന വിവരവും മെയിലിൽ സൂചിപ്പിക്കണം; ചിത്രം അയച്ചുതരണം എന്നില്ലsubject ലൈനിൽ വർഷാന്ത്യ ഫോട്ടോമത്സരം എന്ന് എഴുതുവാൻ മറക്കരുത്‌. 

സമർപ്പിക്കപ്പെട്ട എൻട്രികൾ ഫോട്ടോക്ലബ്ബിൽ ജനുവരിയിൽ പ്രസിദ്ധീകരിക്കും. വോട്ടിംഗ്‌ അടിസ്ഥാനത്തിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്‌. 

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

 - PHOTOCLUB  

Thursday, July 8, 2010

ഒരു പേര്‌ നിര്‍ദ്ദേശിക്കാമോ?

പ്രിയ ഫോട്ടോക്ലബ്‌ സുഹ്രുത്തുക്കളേ,

നമ്മുടെ ഈ കൂട്ടായ്മക്ക് "ഫോട്ടോക്ലബ്ബ്" എന്നല്ലാതെ കുറച്ചുകൂടി  അനുയോജ്യമായ ഒരു പേര്‌ നല്‍കണം എന്ന് ആഗ്രഹിക്കുന്നു. ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു കൂട്ടം എന്ന അര്‍ത്ഥം പേരിലൂടെയോ ലോഗോയിലൂടെയോ ധ്വനിപ്പിക്കാവുന്ന ഒരു പേരായാല്‍‌ നന്ന്.  മലയാളം / കേരളം/ ഫോട്ടോഗ്രാഫി/ ക്യാമറ / ഇന്റര്‍നെറ്റ് മുതലായവയുമായി ബന്ധപ്പെടുത്താം എന്ന് തോന്നുന്നു.

മലയാളത്തിലോ ഇംഗ്ലീഷില്‍ത്തന്നെയോ ഉള്ള പേരുകള്‍‌ നിര്‍‌ദ്ദേശിക്കാം.
നിങ്ങള്‍ക്കിഷ്ടപ്പെട്ട പേരുകള്‍‌ ഇവിടെ കമന്റായി ചേര്‍‌ക്കുക.
എല്ലാ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Sunday, June 27, 2010

Thursday, June 10, 2010

ഫോട്ടോഷോപ്പ് പാഠങ്ങള്‍‌

കൂട്ടുകാരെ,

നേരത്തെ അറിയിച്ചിരുന്നതുപോലെ, ഫോട്ടോക്ലബ്ബില്‍ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്.
പോസ്റ്റ്‌ പ്രോസസിംഗ്.

ദുബായില്‍‌ ഗേറ്റ്സ് എന്‍‌ജിനീയറിങ്ങ് & സര്‍‌വീസസ് എന്ന കമ്പനിയില്‍‌ ഗ്രാഫിക് ഡിസൈനര്‍‌ , വെബ് ഡെവലപ്പര്‍‌ എന്നീ ജോലികള്‍ ചെയ്യുന്ന ശ്രീ. നൗഷാദ് പി. ഫോട്ടോഷോപ്പിനെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ ഫോട്ടോക്ലബ്ബിലെ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു.

Friday, June 4, 2010

ഫോട്ടോ ടിപ്സ്

ഫോട്ടോ ടിപ്സ് എന്ന പുതിയൊരു വിഭാഗം കൂടി ആരംഭിച്ചിരിക്കുന്നു, ഈ വിഭാഗത്തില്‍‌ പേര്‌ സൂചിപ്പിക്കുന്നതുപോലെ ഫോട്ടോഗ്രാഫേഴ്സ്‌ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകള്‍‌ , പോസ്റ്റ് പ്രോസ്സസിങ്ങ് ടെക്നിക്കുകള്‍‌‌ , അതിനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ , അത് ഉപയോഗിക്കേണ്ട രീതി, നമ്മുടെയിടയില്‍തന്നെയുള്ള ഫോട്ടോഗ്രാഫേഴ്സ് എടുത്ത ചിത്രങ്ങള്‍‌ അവ എടുത്ത രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അങ്ങിനെ നമുക്കെല്ലാം ഉപകാരപ്രദമായ കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളാണ്‌ ഉള്‍പ്പെടുത്താന്‍‌‌ ഉദ്ദേശിക്കുന്നത്.

Tuesday, June 1, 2010

ഫോട്ടോഗ്രാഫി ക്ലബ്‌

പ്രിയ ബുലോക സുഹൃത്തുക്കളേ,

മലയാളം ബ്ലോഗിംഗ് രംഗത്ത് ഇന്ന് വളരെയേറെ ആളുകള്‍ താല്പര്യത്തോടെ കടന്നുവന്നിട്ടുള്ള ഒരു മേഖലയാണ് ഫോട്ടോ ബ്ലോഗുകള്‍ എന്ന് അഗ്രിഗേറ്ററുകള്‍‌ പരിശോധിച്ചാല്‍ മനസ്സിലാകും. ധാരാളം ആളുകള്‍ ഫോട്ടോഗ്രാഫിയിലെ തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുവാനും, നല്ല നല്ല ചിത്രങ്ങള്‍ share ചെയ്യാനുമുള്ള ഒരു മാധ്യമമായി ബ്ലോഗിനെയും സ്വീകരിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണ് ദിവസേനയെന്നോണം വര്‍ദ്ധിച്ചുവരുന്ന ഫോട്ടോ ബ്ലോഗുകള്‍. DSLR, Point & Shoot, Mobile തുടങ്ങി എല്ലാ വിഭാഗം ക്യാമറകള്‍ കൊണ്ടും എടുത്ത ചിത്രങ്ങള്‍ ഇത്തരം ബ്ലോഗുകളില്‍ കാണാന്‍ കഴിയും. ഈ ബ്ലോഗുകള്‍ കണ്ടതിനുശേഷം അഭിപ്രായം പറയാന്‍ കഴിവുള്ള ആളുകളുടെ കമന്റുകളും, ഇന്റര്‍ നെറ്റില്‍ ലഭ്യമായ ഫോട്ടോഗ്രാഫി സംബന്ധമായ സൈറ്റുകളിലെ വിവരങ്ങളും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള ഉത്തമ മാര്‍ഗ്ഗങ്ങളായി കരുതുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ ഏറെയാണ്. മാത്രവുമല്ല, ഫോട്ടോഗ്രാഫികമ്യുണിറ്റികള്‍ സജീവമായ ഫ്ലിക്കര്‍ തുടങ്ങിയ സൈറ്റുകള്‍ ബാന്‍ ചെയ്തിരിക്കുന്ന ഇടങ്ങളിലും ബ്ലോഗുകള്‍ ലഭ്യമാനെന്നതും ഫോട്ടോ ബ്ലോഗുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.