Sunday, May 1, 2011

Shadow Photography ( നിഴലുകളുടെ ചിത്രങ്ങള്‍‌ )

നിഴലുകളുടെ ചിത്രങ്ങള്‍‌ എന്നു മാത്രമെഴുതാതെ Shadow Photography എന്നുകൂടി എഴുതിയത് പ്രതിഫലനം (Reflection) അല്ലെങ്കില്‍ നിഴല്‍‌ ചിത്രങ്ങള്‍‌ എന്ന് മലയാളത്തില്‍‌ ആലങ്കാരികമായി പറയപ്പെടുന്ന Silhouette Images എന്നിവയുമായി തെറ്റിധരിക്കപ്പെടാന്‍ ഇടയുള്ളതു കൊണ്ടാണ്‌.

സുതാര്യമല്ലാത്ത ഒരു വസ്തുവില്‍‌ പ്രകാശം പതിയ്ക്കുമ്പോളാണ്‌ നിഴല്‍‌ രൂപപ്പെടുന്നത് എന്നറിയാമല്ലോ, ഈ നിഴലുകളെ എങ്ങിനെയൊക്കെ ചിത്രങ്ങളില്‍‌ ഉപയോഗിക്കാമെന്നു നോക്കാം.

ശക്തമായ കമ്പോസിഷനുകളെ ചിത്രത്തില്‍‌ ഉള്‍പ്പെടുത്താനുള്ള എളുപ്പവഴിയാണ്‌ നിഴലുകളേക്കൂടി ചിത്രത്തില്‍‌ ഉള്‍പ്പെടുത്തുക എന്നത്.

ഫോട്ടോഗ്രാഫര്‍‌ : Luke

മുകളില്‍‌ കൊടുത്തിരിക്കുന്ന ചിത്രത്തില്‍‌ ഫോട്ടോഗ്രാഫര്‍‌ എത്ര മനോഹരമായാണ്‌ മറ്റൊരു വസ്തുവിന്റെ നിഴല്‍‌ ഉപയോഗിച്ച് ബാലന്‍‌സ് കൊണ്ടുവന്നിരിക്കുന്നതെന്ന്‌ നോക്കൂ.ഇതില്‍‌ മറ്റൊരു വസ്തുവിന്റെ നിഴലാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍‌ പ്രധാന സബ്ജക്റ്റിന്റെ നിഴല്‍‌ തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫര്‍‌ : Stephanie Flores

പ്രകാശസ്രോതസ്സും നിഴലും തമ്മിലുള്ള ബന്ധം കൂടി ഫോട്ടോഗ്രാഫര്‍‌ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്‌. പ്രകാശ സ്രോതസ്സ് ഉയര്‍‌ന്ന കോണിലാണെങ്കില്‍ നിഴലിന്റെ നീളം കുറയും, താഴ്ന്ന കോണിലാണെങ്കില്‍ നിഴലിന്റെ നീളം കൂടും എന്ന കാര്യവും ഓര്‍ക്കുക.ഉച്ചസമയത്ത് നമ്മളുടെ നിഴലിന്റെ നീളം കുറവായിരിക്കും എന്നതും രാവിലേയോ വൈകീട്ടോ ഉള്ള സൂര്യപ്രകാശത്തില്‍‌ നിഴലിന്റെ നീളം കൂടുതലായിരിക്കും എന്നതും എല്ലാവര്‍‌ക്കും അറിവുള്ള കാര്യമാണല്ലോ. ഈ അടിസ്ഥാന തത്വം പുറമേയുള്ള ചിത്രങ്ങളെടുക്കാന്‍ സമയം തിരഞ്ഞെടുക്കുന്നതില്‍‌ പ്രയോജനപ്പെടുത്തുക. താഴെയുള്ള രണ്ട് ചിത്രങ്ങളും നോക്കൂ....

ഫോട്ടോഗ്രാഫര്‍‌ :The Real Estreya
രാവിലെയോ വൈകീട്ടോ ഉള്ള വെളിച്ചത്തെ വേണ്ടവിധത്തില്‍‌ ഉപയോഗിക്കുകയാണെങ്കില്‍‌ നിഴലുകളെ ലീഡ് ലൈനുകളായി ചിത്രത്തില്‍‌ ഉപയോഗിക്കാന്‍‌ സാധിക്കും.

ഫോട്ടോഗ്രാഫര്‍‌ : Majed
ചിത്രങ്ങളെടുക്കുവാന്‍ സാധാരണ ഒഴിവാക്കാന്‍‌ ശ്രമിക്കുന്ന ഉച്ചസമയം നിഴലുകളുടെ ചിത്രങ്ങളെടുക്കുവാന്‍‌ നല്ലതാണെന്ന കാര്യം മറക്കാതിരിക്കുക. ഉച്ച സമയത്ത് വളരെ ഹാര്‍‌ഷ് ആയ പ്രകാശം ആയിരിക്കുമെന്നതിനാല്‍‌ എക്സ്പോഷര്‍‌ ക്രമീകരിക്കുന്നതില്‍‌ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്‌.

പലപ്പോഴും നിഴലുകള്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രങ്ങളില്‍‌ ഭൂരിഭാഗത്തിലും ഒരു black and white ചിത്രം ഒളിഞ്ഞിരിപ്പുണ്ടാകും.

ഫോട്ടോഗ്രാഫര്‍‌ : Rene1956

ലഭ്യമായിട്ടുള്ള ലൈനുകളും, ഫ്രെയിമും, ടെക്സ്ചറുകളുമെല്ലാം ഭംഗിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നത് നോക്കൂ,

ഫോട്ടോഗ്രാഫര്‍‌ : FotoBob#

നിഴലുകളുപയോഗിച്ച് ക്രിയേറ്റീവ് ആയി എങ്ങനെ ചിത്രങ്ങളെടുക്കാം എന്നതിന്റെ സാധ്യതകളെക്കുറിച്ചും ചിന്തിക്കുക.

ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം

ഒരു സബ്ജക്റ്റും അതിന്റെ നിഴലും കൂടിയുള്ള ചിത്രം പകര്‍ത്തുമ്പോള്‍‌ നിഴല്‍ പൂര്‍‌ണ്ണമായും ഫ്രെയിമിനുള്ളില്‍‌ തന്നെയായിരിക്കാന്‍‌ ശ്രദ്ധിക്കുക.

ഫോട്ടോഗ്രാഫര്‍‌ : Arturp

നമ്മുടെ ചുറ്റുപാടും നിത്യജീവിതത്തില്‍‌ ശ്രദ്ധിക്കാതെ പോകുന്ന അനവധി നിഴലുകള്‍‌....ഒരല്‍‌പ്പം ശ്രദ്ധിച്ചു ചുറ്റും നോക്കിയാല്‍ തന്നെ മനോഹരമായ അനവധി നിഴലുകള്‍‌ കാണാന്‍‌ കഴിയും.


കൃത്യമായ ടൈമിങ്ങിലൂടെ ചിത്രീകരിച്ച മനോഹരമായ ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍‌ ആരാണെന്ന് വ്യക്തമല്ല, ഏതാണ്ട് 71ല്‍ അധികം സൈറ്റുകളില്‍‌ ഈ ചിത്രം കാണുന്നുണ്ട്. ഫോട്ടോഷോപ്പ് വര്‍ക്കാണോ എന്നു വരെ തോന്നിപ്പിക്കുന്ന ചിത്രം, എങ്കിലും ഇത് കൃത്യമായ ടൈമിങ്ങിലുള്ള ക്ലിക്ക് ആയാണ്‌ എനിക്ക് തോന്നിയത്, ഫോട്ടോഷോപ്പാണെങ്കില്‍‌ ഇത് സൃഷ്ടിച്ചവന്റെ ക്രിയേറ്റിവിറ്റി അപാരം!!

നിഴലുകളുടെ ചിത്രങ്ങളെടുക്കാന്‍ തിരെഞ്ഞെടുക്കുന്ന ആംഗിളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌, നമ്മള്‍‌ ഉദ്ദേശിക്കുന്ന പാറ്റേണ്‍‌ ഫോട്ടോയില്‍ ലഭിക്കാനാവശ്യമായ ആംഗിള്‍‌ തന്നെ തിരെഞ്ഞെടുക്കുക.


നാഷണല്‍‌ ജിയോഗ്രാഫിക്കില്‍‌ പ്രസീദ്ധീകരിച്ച പ്രശസ്തമായ ഈ ചിത്രം നോക്കൂ, ഫോട്ടോഗ്രാഫര്‍‌ സ്വീകരിച്ച ഉയര്‍‌ന്ന ആംഗിള്‍‌ ഈ ചിത്രത്തെ എത്രത്തോളം മനോഹരമാക്കി എന്ന് പറയേണ്ടതില്ലല്ലോ, എന്നു കരുതി ഇങ്ങനെയുള്ള ഫോട്ടോ എടുക്കാന്‍ വിമാനത്തില്‍‌ കയറി പോകണമെന്നല്ല..ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ മറ്റ് ഉയര്‍‌ന്ന സ്ഥലങ്ങളില്‍ നിന്നോ ഈ ആംഗിള്‍‌ സാധ്യമാണ്‌.

ഫോട്ടോഗ്രാഫര്‍‌ : HogsvilleBrit

ഇങ്ങനെ നിഴല്‍‌ ചിത്രങ്ങള്‍‌ പകര്‍‌ത്തുമ്പോള്‍‌ ഓര്‍‌ത്തിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് നമ്മുടെ നിഴല്‍ ആ ഫോട്ടോയില്‍ ആവശ്യമാണോ അല്ലയോ എന്നത്...അതു കൊണ്ട് ശ്രദ്ധാപൂര്‍‌വ്വം ഒരു പൊസിഷന്‍‌ തിരഞ്ഞെടുക്കുക..

ഫോട്ടോഗ്രാഫര്‍‌ : Steven wolf
ഇതു വരെ അത്രയൊന്നും ശ്രദ്ധിക്കാത്ത നിഴലുകളെ ഒന്നു സൂക്ഷിച്ചു നോക്കൂ ഒരു പാട് ചിത്രങ്ങള്‍ അതിലെല്ലാം ഒളിച്ചിരിക്കുന്നത് കാണാം...

Happy Shooting !!

സ്നേഹപൂര്‍‌വ്വം ,



കുറിപ്പ് : ഈ മാസത്തെ മല്‍സര വിഷയമായ " നിഴല്‍‌ - Shadow " എന്ന വിഷയത്തില്‍‌ മുകളില്‍‌ പറഞ്ഞതു പോലെ നിഴലുകള്‍‌ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്, അല്ലാതെ പ്രതിബിമ്പം(Reflection), silhoutte എന്നിവയല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

12 comments:

Sandeepkalapurakkal said...

നല്ല പോസ്റ്റ്, കുറച്ചുകൂടെ മനസ്സിലായി

PRAJOSHKUMAR K said...

തുടക്കകാര്‍ക്ക് സഹായകമാവുന്ന പോസ്റ്റ്‌.
നന്ദി പൂര്‍വ്വം...........

- സോണി - said...

നന്ദി, വളരെ.

Jasy kasiM said...

inspiration kitti..ini nizhalu thedippokaam!

കാഴ്ചകൾ said...

ഇപ്പൊ പുടി കിട്ടി

ശ്രീലാല്‍ said...

entha mone post !! too good.

അലി said...

നന്നായി ഈ പോസ്റ്റ്!

Noushad said...

Brilliant! Thanks a lot :)

Renjith Kumar CR said...

നല്ല പോസ്റ്റ് ,നന്ദി

Unknown said...

ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട എല്ലാ സംഷയങ്ങളും ചോദിക്കാം എന്ന വിശ്യാസത്തിൽ ചോദിക്കട്ടെ ലൈറ്റ്ബോക്സ് എങ്ങനെ ബ്ലോഗിൽ ആക്റ്റീവ് ആക്കും?????? (http://www.huddletogether.com/projects/lightbox2/)

Prasanth Iranikulam said...

@അബ്ദുള്ള ജാസിം,
ലൈറ്റ്ബോക്സ് കോഡിന്റെ ഉപക്ഞാതാവായ Lokesh Dhakar തന്നെ ആ സൈറ്റില്‍‌ അത് ഇന്‍‌സ്റ്റാള്‍‌ ചെയ്യേണ്ട ഫയലുകളൂം രീതിയും വിശദമാക്കുന്നുണ്ടല്ലോ..ഇതിന്റെ പല വേര്‍‌ഷനുകള്‍‌ ഇറങ്ങിയിട്ടുണ്ട്,
അധികം HTML/CSS വശമില്ലാത്ത ഒരാള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ഈ സൈറ്റില്‍‌ വിശദീകരിച്ചിട്ടുണ്ട്. അതൊന്നു നോക്കൂ...
(HTML തീരെ അറിയില്ല എങ്കില്‍‌ ഇത് പരീക്ഷിക്കരുത്, റ്റെമ്പ്ലേറ്റില്‍‌ എന്ത് പരീക്ഷണത്തിനും മുന്‍പ് ഫുള്‍‌ റ്റെമ്പ്ലേറ്റ് ബാക്ക്-അപ്പ് ചെയ്യാനും മറക്കരുത് !! - എന്തെങ്കിലും കുരുത്തക്കേടൊപ്പിച്ചിട്ട് എന്നെ തെറി പറയരുതെന്ന് സാരം :-))

Unknown said...

@prasanth :-)