Wednesday, February 2, 2011

ഫോട്ടോക്ലബ് ഭാവിപരിപാടികൾ - ചർച്ചയുടെ സംഗ്രഹം


സുഹൃത്തുക്കളേ,

ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാവണം എന്ന ചോദ്യവുമായി പ്രസിദ്ധീകരിച്ച കഴിഞ്ഞ പോസ്റ്റിൽ മുപ്പതിലേറേ അംഗങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞു. സന്തോഷം. ഇത്രയും ആളുകൾ തങ്ങളാലാവും വിധം സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ ഈ ഗ്രൂപ്പ് ബ്ലോഗ് തുടരാം എന്നുതന്നെ തീരുമാനിക്കുന്നു. നിങ്ങൾ പറഞ്ഞ  അഭിപ്രായങ്ങളെയെല്ലാം ഒന്നിച്ച് ഒരു അവലോകനം ചെയ്യുവാനാണ് ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്. ഒപ്പം ഭാവിയിൽ കൂട്ടായപ്രവർത്തനങ്ങൾ എന്തൊക്കെ ചെയ്യാം എന്നും അത് ആരൊക്കെ ഏറ്റെടുക്കും എന്നതും ചർച്ചചെയ്യാം.  ഒപ്പം നിങ്ങൾക്ക് കമന്റുകളും എഴുതാം. 

പുലിപ്പേടിയും ഫോട്ടോമത്സരങ്ങളും:

"വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത് ..."
"വൻ പുലികളുടെ നിഴല്‍ ബ്ലോഗിലുടനീളം പരന്നു കിടക്കുന്നു...സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വല്ലാതെ ആഘോഷിക്കുന്നപോലെ..“

ഈ അഭിപ്രായങ്ങൾ ഈ ബ്ലോഗിനെപ്പറ്റിയുള്ള ഒരു പൊതു കാഴ്ചപ്പാടായി ഞങ്ങൾ മനസ്സിലാക്കുന്നു. ഇതിന്റെ കാരണം ആഴ്ചക്കുറിപ്പുകൾ എന്ന പംക്തി ആവാനാണ് സാധ്യത. ആഴ്ചക്കുറിപ്പുകൾ എന്ന പംക്തിയിൽ ഓരോ ആഴ്ചയിലും മലയാളം ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല പെർഫെക്ഷനോടുകൂടിയ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും  ശ്രദ്ധയോടെ ചിത്രങ്ങൾ എടുക്കുന്ന ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാത്രമേ അവിടെ ഇടം‌പിടിക്കുകയുള്ളൂ. അത് സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആഘോഷിക്കുന്നതുകൊണ്ട് സംഭവിക്കുന്നതല്ല.  ഈ പംക്തികൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത് മറ്റൊന്നാണ്. അത് രഞ്ജിത് വിശ്വം തന്റെ കമന്റിൽ എഴുതിയിട്ടുണ്ട്. 

" ഓരോ പുതിയ പടം എടുക്കുമ്പോഴും അത് ഈ പ്രാവശ്യം ഫോട്ടോ ബ്ലോഗ് ആഴ്ച്ചക്കുറിപ്പുകളി വരുത്തണം എന്ന വാശിയോടെയാണ് എടുക്കാറ്.. പക്ഷേ അതിലേക്കൊക്കെ എത്തുവാന്‍ ഇനീം ഏറെ ദൂരമുണ്ട്....."

ഈ വാശി ഓരോ ഫോട്ടോഗ്രാഫറിലും കൊണ്ടുവരിക എന്നതായിരുന്നു ആഴ്ചക്കുറിപ്പുകൾ എന്ന പംക്തിയുടെ ലക്ഷ്യം. അല്ലാതെ ആ പംക്തിയിൽ സ്ഥിരമായി പുണ്യാളന്റെയോ, യൂസുഫ് ഷാലിയുടെയോ പകൽക്കിനാവന്റെയോ സുനിൽ വാര്യരുടെയോ ചിത്രങ്ങൾ പ്രമോട്ട് ചെയ്യുക എന്നത് അല്ല ഉദ്ദേശിച്ചിരുന്നത്. ഏതായാലും ഈ പംക്തികൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നതിനാൽ അത് ഇനി തുടരണോ വേണ്ടയോ എന്നു തീരുമാനിച്ചിട്ടില്ല - വായനക്കാർ അഭിപ്രായം പറയൂ. സെലിബ്രിറ്റീസിനെ ഒഴിവാക്കുന്നതിന്റെ ഭാ‍ഗമായി പുണ്യാളൻ പറഞ്ഞ കമന്റ്  

“ഇനി പ്രസിദ്ധീകരിക്കുന്ന ആഴ്ചക്കുറിപ്പുകളില്‍ എന്‍റെ ഫോട്ടോകള്‍ പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു".

സ്വീകരിക്കുവാൻ പ്രായോഗികമായി ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ട് ആഴ്ചക്കുറിപ്പുകൾക്ക് പകരം ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കുവാൻ പാകത്തിൽ, ക്യാപ്റ്റൻ ഹാഡോക് പറഞ്ഞ പംക്തി ആരംഭിക്കാം എന്നു കരുതുന്നു. 


ക്രിട്ടിക് കമന്റുകൾക്കായുള്ള പംക്തി:

ഓരോ ആഴ്ചയിലും ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുടെ ഉടമകൾ ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നു എങ്കിൽ ആ പോസ്റ്റിന്റെ ലിങ്കും, ചിത്രത്തിലേക്കുള്ള URL എന്നിവ ഫോട്ടോക്ലബ്ബിനു അയച്ചു തരിക. ആ ചിത്രങ്ങൾ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ച് ഒപ്പം ഒരു ടീം കമന്റുകളും നൽകും. വായനക്കാർക്കും ഏതു ചിത്രത്തേയും അവലോകനം ചെയ്യാം. പക്ഷേ ഒരു കണ്ടീഷൻ ഒപ്പം പറയട്ടെ, ചിത്രങ്ങൾ ക്രിട്ടിക് കമന്റിനായി അയച്ചൂ തരുന്ന ഓരോ ഫോട്ടോഗ്രാഫറും, അതേ പോസ്റ്റിലെ മറ്റു  മൂന്നു ചിത്രങ്ങളെപ്പറ്റിയെങ്കിലും അഭിപ്രായം നിർബന്ധമായും പറയണം (കിടിലം, ഗംഭീരം എന്നിങ്ങനെ അല്ല; എന്തുകൊണ്ട് ഒരു ചിത്രം ഇഷ്ടമായി അല്ലെങ്കിൽ ആയില്ല എന്ന വിവരങ്ങളാണ് കമന്റിൽ വേണ്ടത്).  ഫോട്ടോക്ലബ് സ്വയം ഈ പംക്തിയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കണം എന്ന് ആഗ്രഹിക്കുന്നില്ല; പകരം അയച്ചുതരുന്ന ചിത്രങ്ങൾക്ക് ക്രിട്ടിക് കമന്റുകൾ പറയുകയായിരിക്കും ചെയ്യുന്നത്. അതുപോലെ അയച്ചു തരുന്ന ചിത്രങ്ങൾ അതാതു ആഴ്ചയിൽ നിങ്ങളുടെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചവയും ആവണം.  ഈ പംക്തി ഫോട്ടോക്ലബ്ബിൽ കൈകാര്യം ചെയ്യാം എന്ന് ഏറ്റിരിക്കുന്നത് ക്യാപ്റ്റൻ ഹാഡോക് (ആഷ്‌ലി) ആണ്. ഈ പംക്തിയെപ്പറ്റി കൂടുതൽ കാര്യങ്ങൾ പിന്നിട് വിശദമാക്കാം.


ഫോട്ടോഗ്രാഫി മത്സരങ്ങൾ / വർക്ക് ഷോപ്പുകൾ:

ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തിയാൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്നതിനു രണ്ടുമൂന്ന് വിധത്തിലുള്ള വിശദീകരണങ്ങൾ ഇവിടെ കമന്റുകളിൽ കാണുകയുണ്ടായി. ചില ഉദാഹരണങ്ങൾ നോക്കൂ

"വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത്...."
" ഫോട്ടോഗ്രാഫി മത്സരതിനു അയക്കാതിരുന്നതിനു കാരണം ആത്മവിശ്വാസക്കുറവാണ്...."
"മത്സരത്തിന് അയക്കാതിരുന്നത് പുലികളുടെ ഇടയില്‍ വെറുതേ എന്തിനാന്നു കരുതിത്തന്നെയാ..."
"ടൺ കണക്കിനു ലെൻസുകളുമായി ലോകം മുഴുവൻ പറന്നുനടന്ന് ഫോട്ടോകളെടുക്കുന്ന പുലികൾക്കിടയിൽ ഒരു എസ്.എൽ.ആർ ക്യാമറ പോലും സ്വന്തമായി ഇല്ലാത്ത ഞാനെന്തിനു മത്സരിക്കണം എന്നു തോന്നി. എന്തേത് ഒരു CanonSX20is ക്യാമറയാണ്....

ചുരുക്കത്തിൽ തങ്ങളെക്കൊണ്ട് നല്ല ഫോട്ടോകൾ എടുക്കുവാൻ സാധിക്കുന്നില്ല, അല്ലെങ്കിൽ ഇതുവരെ സാധിച്ചിട്ടില്ല എന്ന കോമ്പ്ലക്സാണ് “എലി“ (പുലി എന്നതിന്റെ വിപരീതപദം അറിയാത്തതിനാലാണ് എലി എന്നെഴുതിയത്) കളായി സ്വയം കരുതുന്നവരുടെ പ്രശ്നം! 

അപ്പോൾ പുലികളുടെ പ്രശ്നമെന്താണ്? പുലികളാരും ഇതേപ്പറ്റി ഒന്നും തന്നെ എഴുതിയില്ലെങ്കിലും കുഞ്ഞൻ അപ്പുവിന്റെ Buzz ൽ പറഞ്ഞ ഒരു കമന്റ് ശ്രദ്ദേയമായി തോന്നി. 

“മത്സരത്തിന് എൻ‌ട്രികൾ അയക്കാത്തതിന് കാരണം ഒരു പക്ഷെ ഇമേജിന് കോട്ടം സംഭവിക്കുമൊയെന്നതിനാലാകാം. നേരെ ചൊവ്വെ പറഞ്ഞാൽ പടം പിടുത്തത്തിൽ പുലിയായ ഒരാൾ മത്സരത്തിലെ സെലക്ഷനിൽ നിന്നും പിൻ‌തള്ളപ്പെടുമൊയെന്ന ധാരണയാൽ അയക്കാതിരിക്കാം..! “

ഇതാണ് പുലികൾ പങ്കെടുക്കാത്തതിനു കാരണമെങ്കിൽ ഞങ്ങൾക്ക്  ഒന്നും പറയാനില്ല. ഓരോരുത്തരുടെയും ഇഷ്ടം പോലെ മത്സരത്തിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയട്ടെ.

ഏതായാലും ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും ഒരു വിഷയത്തെ ആസ്പദമാക്കി ഒരു മത്സരം നടത്തുവാൻ ആഗ്രഹിക്കുന്നു. മത്സരം എന്നതിനേക്കാൾ ഒരു വർക്ക്ഷോപ്പ് എന്ന് ഇതിനെ വിളിക്കാനാണ് ഞങ്ങൾക്ക് താല്പര്യം. ഈ മത്സരത്തിൽ താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. മുൻ‌കൂട്ടി അനൌൺസ് ചെയ്യുന്ന ഒരു ജഡ്ജ് എല്ലാ ചിത്രങ്ങളും അവലോകനം ചെയ്യുകയും ഓരോ ചിത്രങ്ങളെപ്പറ്റിയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. വായനക്കാർക്കും അഭിപ്രായങ്ങൾ പറയുകയും വോട്ട് ചെയ്യുകയും ചെയ്യാം. ഈ പംക്തി കോർഡിനേറ്റ് ചെയ്യുന്നത് ബിക്കി ആയിരിക്കും. ഇതേപ്പറ്റിയുള്ള വിശദവിവരങ്ങൾ പുറകാലെ പ്രതീക്ഷിക്കാം. 


പോസ്റ്റ് പ്രോസസിംഗ് / ഫോട്ടോഷോപ്പ്:

പോസ്റ്റ് പ്രോസസിംഗ് സഹായി ആണ് എങ്ങുമെത്താതെ കിടക്കുന്ന ഒരു വിഭാഗം. ഫോട്ടോഷോപ്പ് ടിപ്സ് ഏറ്റെടുത്തുനടത്താം എന്ന് ഇതിൽ വൈദഗ്ദ്ധ്യമുള്ള ആരും ഇതുവരെ പറഞ്ഞതുമില്ല മുന്നോട്ട് വന്നിട്ടുമില്ല. എങ്കിലും ഈ വിഭാഗത്തെപ്പറ്റി ഒന്നുരണ്ടു കമന്റുകൾ ലഭിച്ചു. Buzz ൽ നിവിൻ ഇങ്ങനെ എഴുതി. 

“ഫോട്ടോഷോപ്പ് ടിപ്സ് പരിപാടി നിന്നതോടെ അതിനകത്ത് കയറുന്നതേ നിര്‍ത്തി. കുറെക്കാലം അതിനുവേണ്ടി നോക്കി ഇരുന്നെങ്കിലൂം ആരംഭശൂരത്വം ആണെന്നു തോന്നിയതു കൊണ്ട് ആ പരിസരത്തോട്ട് വന്നിട്ടില്ല. പിന്നെ വല്ലപ്പോഴും ഫോട്ടോസ് കാണാന്‍ കയറാറുണ്ട്. ഈ ബ്ലോഗ് വഴി ഒരുപാട് ഫോട്ടോ ബ്ലോഗുകള്‍ കാണാനും നല്ല ഒരുപാട് ചിത്രങ്ങള്‍ കാണാനും കഴിഞ്ഞിട്ടുണ്ട്. ഒരുപാടു പദ്ധതികള്‍ തുടങ്ങി വയ്ക്കാതെ തുടങ്ങിയത് ഭംഗിയായി കൊണ്ട് പോകുന്നതിലാണു വിജയം !!“

നിവിൻ അല്പം പരിഹാസരൂപേണ പറഞ്ഞ അഭിപ്രായം ഞങ്ങൾ സ്വീകരിക്കുന്നു; പക്ഷേ ഒരു കാര്യംകൂടി ചോദിക്കാൻ ആഗ്രഹിക്കുന്നു. തുടങ്ങിവച്ച ഈ പംക്തി മുടങ്ങാതെ കൊണ്ടുപോകാൻ നിവിൻ സഹായിക്കാമോ?  നിവിന്റെ “വെറുതെ ഒരു ബ്ലോഗ്” എന്ന പേരിലുള്ള ഫോട്ടോബ്ലോഗ് നോക്കിയാൽ അതിൽ അനവധി ചിത്രങ്ങൾ    ഫോട്ടോഷോപ്പ് (അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രാഫിക്സ് സോഫ്റ്റ്വെയർ) ഉപയോഗിച്ച് താങ്കൾ വരച്ചിട്ടുണ്ട്.  താങ്കൾ ഈ രംഗത്ത് ഒരു പ്രൊഫഷനൽ ആണെന്നും  മനസ്സിലാകുന്നു.   ഈ പംക്തി നിവിൻ തന്നെ ഏറ്റെടുത്തു നടത്താമോ എന്നു ഈ അവസരത്തിൽ  ചോദിക്കാൻ ആഗ്രഹിക്കുന്നു. ഫോട്ടോഷോപ്പിന്റെ  അത്യന്തം വിശദമായ സാങ്കേതികാര്യങ്ങളൊന്നും പഠിപ്പിക്കേണ്ടതില്ല. ബേസിക് കാര്യങ്ങൾ മാത്രം മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്താൽ  മതിയാകും. തയ്യാറാണെങ്കിൽ അറിയിക്കുക. 

ഇതോടൊപ്പം ചാക്കോച്ചി എഴുതിയ കമന്റിനുള്ള മറുപടികൂടി പറയട്ടെ :  “പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള ഒരു സൗകര്യം ഒരുക്കിയാല്‍ വളരെ നല്ലത് ആയിരുന്നു എന്നാണ്. എല്ലാവര്ക്കും ഫോടോഷോപ്പോ അത് പോലെ ഉള്ള മറ്റു സോഫ്റ്റ്‌ വരുകളും ഉപയോഗിച്ച് ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിങ്ങിനു വിധേയമാക്കാന്‍ സാധിക്കാറില്ല. തീര്‍ച്ചയായും അങ്ങനെ ഉള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്തവയുമായി ഉള്ള താരതമ്യത്തില്‍ പിന്നോക്കം ആവുകയും ചെയ്യും“

ചാക്കോച്ചിയെപ്പോലെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ടാവും എന്നറിയാം. പോസ്റ്റ് പ്രോസസിംഗ് എന്നുപറഞ്ഞാൽ ഫോട്ടോഷോപ്പോ മറ്റു ഗ്രാഫിക്സ് സോഫ്റ്റ്‌വെയറൂകളോ ഉപയോഗിച്ച് ഒരു ചിത്രത്തെ മറ്റെന്തൊക്കെയോ ആക്കി മാറ്റുക എന്നല്ല ചാക്കോച്ചീ. ഡിജിറ്റൽ ഫോട്ടോഗ്രാഫുകളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമാണ് പോസ്റ്റ് പ്രോസസിംഗ്.  ഒരു ഡിജിറ്റൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഡീറ്റെയിത്സ് വെളിച്ചത്തുകൊണ്ടുവരുക, ആ ചിത്രത്തിനെ കൂടുതൽ മെച്ചമായി കാണിക്കുക തുടങ്ങീയ കാര്യങ്ങളാണ് ഇതുവഴി ഉദേശിക്കുന്നത്. പോസ്റ്റ് പ്രോസസിംഗ് ചെയ്താലും ഇല്ലെങ്കിലും ഒരു ചിത്രത്തിന്റെ മനോഹാരിതയുടെ 80% വും അതിന്റെ കമ്പോസിഷൻ, പെർസ്പെക്റ്റീവ്, സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റെ തുടങ്ങിയ കാര്യങ്ങളിലാണിരിക്കുന്നത് എന്നതുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 


ഡിജിറ്റൽ പ്രോസസിംഗ് വർക്ക് ഫ്ലോ:

ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒരു ഡിജിറ്റൽ ചിത്രം എഡിറ്റ് ചെയ്ത് എടുക്കുന്നവർക്ക് പലരീതിയിലുള്ള work-flow ഉണ്ടായിരിക്കും. ആ സ്റ്റെപ്പുകൾ മറ്റുള്ളവർക്കുകൂടി പ്രയോജനകരമാവുന്ന രീതിയിൽ പടിപടിയായി വിവരിക്കുന്ന ഒരു പംക്തി തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരേ ചിത്രത്തിന്റെ ഒട്ടും എഡിറ്റ് ചെയ്യാത്ത ഒറിജിനൽ വിവിധ ഫോട്ടോഷോപ്പ് വിദഗ്ദ്ധരെക്കൊണ്ട് എഡിറ്റ് ചെയ്യിച്ച് അതിന്റെ റിസൽട്ടുകൾ വിവരണങ്ങളോടെ കാണിക്കുക എന്നതാണ് ഞങ്ങളുടെ മനസിലുണ്ടായിരുന്ന പദ്ധതി. പക്ഷേ ഇതു നടത്തുവാനും ഫോട്ടോഷോപ്പ് ഉപയോഗിക്കുവാൻ അറിയുന്ന ഒരുകൂട്ടം ആളുകൾ മുന്നോട്ട് വന്നാൽ മാത്രമേ സാധിക്കൂ.


Behind the frames / പരിചയപ്പെടൽ:

ശ്രീലാൽ പറഞ്ഞ അഭിപ്രായങ്ങളിൽ രണ്ടെണ്ണം നമുക്ക് നടത്തുവാൻ പറ്റുന്നതാണ്. ഫോട്ടോക്ലബ്ബിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി - ഒരു പൊതുവായ ചോദ്യാവലിക്ക് എല്ലാവരും ഉത്തരം എഴുതിത്തന്നാൽ മാത്രം മതിയാവും. ശ്രീലാൽ ഇതിനു മുൻ‌കൈ എടുക്കും എന്നുകരുതട്ടെ? ഒപ്പം “Zooming in” എന്ന ഇന്റർവ്യൂ പരിപാടി ഞങ്ങൾ തന്നെ തുടർന്നും നടത്തിക്കൊള്ളാം എന്നുകൂടി അറിയിക്കുന്നു.  "Behind the frames" എന്ന പംക്തി തുടരണമെങ്കിൽ നിങ്ങൾ ഓരോരുത്തരും സഹകരിച്ചെങ്കിലേ പറ്റുകയുള്ളൂ. നല്ല ചിത്രങ്ങൾ അല്പം പരിശ്രമം എടുത്തുതന്നെ ഷൂട്ട് ചെയ്തവ, എന്തൊക്കെ നിങ്ങൾ ചെയ്തു എങ്ങനെയാണ് അവസാനം കിട്ടിയ റിസൽട്ടിലേക്ക് എത്തിയത് തുടങ്ങിയ കാര്യങ്ങൾ എഴുതി അയച്ചൂ തരിക. എഴുതാൻ അറിയില്ല എന്ന കാരണംകൊണ്ട് എഴുതാതിരിക്കേണ്ടതില്ല. പബ്ലിഷ് ചെയ്യുന്നതിനുമുമ്പുള്ള ഫൈനൽ എഡിറ്റിംഗ് ഞങ്ങൾ ആരെങ്കിലും നടത്തിക്കൊള്ളാം. കഴിഞ്ഞ പോസ്റ്റിൽ സഹകരണം വാദ്ഗാനം ചെയ്തവരെല്ലാം ആദ്യപടി എന്നനിലയിൽ ഓരോ “കഥപറയുന്ന ചിത്രങ്ങൾ” ആർട്ടിക്കിളും ചിത്രവും അയച്ചു തരൂ..  !


Composition techniques:

കമ്പോസിഷൻ ടെക്നിക്കുകൾ, മറ്റു സിറ്റുവേഷൻ ടെക്നിക്സ് തുടങ്ങിയ പംക്തികൾ ഇനിയും തുടരാം. കഴിവുള്ളവർ ഒപ്പം സഹായിച്ചാൽ നന്നായിരിക്കും.

അവസാനമായി പുലിപ്പേടിയും പുലികോമ്പ്ലക്സും മനസിൽ കൊണ്ടുനടക്കുന്നവരോട് - ഒരു ഫോട്ടോഗ്രാഫറൂം ജനിക്കുമ്പോഴേ ഒരു ഫോട്ടോഗ്രാഫി വിദഗ്ദ്ധനായി ജനിച്ചതല്ല. അവരുടെ കഴിവുകൾ പാരമ്പര്യമായി കിട്ടുന്നതുമല്ല. ഒരോരുത്തരും സ്ഥിരമായ പരിശ്രമം കൊണ്ട് നേടിയെടുക്കുന്നതാണ് ആ കഴിവുകൾ. അതുപോലെ നല്ല ചിത്രം എടുക്കാൻ SLR ക്യാമറതന്നെ വേണം എന്ന ചിന്തയും പൂർണ്ണമായും ശരിയല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് ലിമിറ്റേഷനുകൾ ഉണ്ട് എന്നതു സമ്മതിക്കുന്നു. പക്ഷേ കമ്പോസിഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ രണ്ടുവിഭാഗം ക്യാമറകളിലും ഒന്നുതന്നെ. അതുകൊണ്ട് പുലിപ്പേടി ഉപേക്ഷിക്കുക. ഉഷാറായി ചിത്രങ്ങൾ എടുക്കുക. ഒരുനാൾ നിങ്ങളും പുലിയായി മാറൂം. സംശയമില്ല. 

22 comments:

ഭായി said...

തുടർന്നും ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നു എന്നറിഞതിൽ അതിയായ സന്തോഷം!

Captain Haddock said...

ട്രാക്ക്‌..ട്രാക്ക്‌...

Sarin said...

അപ്പു മാഷെ ബ്ലോഗ്‌ വീണ്ടും മുന്നോട്ടു കൊണ്ട് പോകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.എല്ലാ സഹായസഹകരണങ്ങളും കഴിവിനനുസരിച്ച് വാഗ്ദാനം ചെയുന്നു. പിന്നെ ഒരു കാര്യം behind scene നെ കുറിച്ച് പറഞ്ഞല്ലോ ചില ഫോടോഗ്രഫുകള്‍ കഷ്ടപ്പെട്ട് എടുത്തു എന്നിരിക്കട്ടെ ചിലപോ അതിന്റെ റിസള്‍ട്ട്‌ നമ്മള്‍ വിചാരിച്ച പോലെ വന്നില്ല എങ്കില്‍ ? ഉദാഹരണത്തിന് പുണ്യാളന്‍ കുറെ കഷ്ടപെട്ടതും അതിനൊത്ത രിസല്ടും കിട്ടിയ ഫോട്ടോ ആയിരുന്നലോ ആദ്യത്തെ പംക്തിയില്‍ ഉണ്ടായിരുന്നത്.എല്ലാവര്ക്കും ആ ചിത്രം ഇഷ്ടമാവുകയും ചെയ്തു.പക്ഷെ അത് പോലെ ഒരു നല്ല ചിത്രമല്ല എങ്കില്‍ ? ഒരു നല്ല ചിത്രം ആണെങ്ങില്‍ എല്ലാവര്ക്കും അതിനെ പറ്റി മനസിലാക്കാനും ഉത്സാഹം ആയിരിക്കും അത് പോലെ തന്നെ ഉത്സാഹം ഉണ്ടാകുമോ നല്ലതെന്ന് മറ്റുള്ളവര്‍ക്ക് തോന്നാത്ത ചിത്രത്തിനും .

അപ്പു said...

സരിൻ :-) ഇതിൽ ഇത്രവലിയ കൺഫ്യൂഷനൊക്കെ വേണോ? behind the scene പംക്തിയിൽ വരുന്ന ചിത്രങ്ങൾക്കു പിന്നിൽ “കഷ്ടപ്പാട്” വേണം എന്ന ചിന്ത ആദ്യം കളയൂ. നല്ല ചിത്രങ്ങളുടെ പിന്നിലെ എഫർട്ട്, അതിന്റെ പിന്നിലെ സാങ്കേതികവശങ്ങൾ, ഒപ്പം അതിന്റെ സിറ്റുവേഷൻ ഇത്രയും വിശദമാക്കിയാൽതന്നെ ഒരു പാരഗ്രാഫ് ആയില്ലേ? മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് പിന്നീട് നോക്കാം. എത്രയോ മോശം സിനിമാ ഗാനങ്ങൾ നല്ല രംഗചിത്രീകരണം മൂലം ഹിറ്റാകുന്നു.... അതുപോലെ വിവരണം കേട്ട് ആൾക്കാർ ഇഷ്ടപ്പെട്ടാലോ! ശ്രമിച്ചു നോക്കൂ.

Sarin said...

okey

ആഷ | Asha said...

1. ഒരു ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യം സാങ്കേതികവശങ്ങൾ ഇല്ലെങ്കിലും ഓകെയാണോ?
2. ടേബിൾ ടോപ്പ് ഫോട്ടോഗ്രഫിയാണെങ്കിൽ അതിന്റെ സെറ്റപ്പും എങ്ങനെ എടുത്തു എന്നതും?

ഈ രണ്ടെണ്ണത്തിൽ ഏതാണെങ്കിലും മതിയോ?

അപ്പു said...

ആഷാജി എഴുതൂ. എന്തുതന്നെയായാലും സമ്മതം :-)

Manjithkaini said...

സ്വന്തം ചിത്രങ്ങൾ മത്സരങ്ങൾക്കയക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബോറു പരിപാടിയാണ്. നല്ല ചിത്രങ്ങൾ നോമിനേറ്റു ചെയ്യുകയാണ് അതിലുമെളുപ്പം. ഇനിയുമുള്ള മത്സരങ്ങള്‍ അങ്ങനെയായെങ്കില്‍ എന്നാശിക്കുന്നു.

ബ്ലോഗിനു പുറത്തേക്കുള്ള ആക്റ്റിവിറ്റികളായിരിക്കും കൂടുതല്‍ പ്രയോജനപ്രദം. നാട്ടില്ഉം ഗള്‍ഫ് രാജ്യങ്ങളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നതുപോലെ. ഭൂമിശാസ്ത്രപരമായ പരിമിതികളുണ്ടെങ്കിലും ശ്രമിക്കാവുന്നതാണ്‌.

Abdulla Jasim Ibrahim said...

HAPPY TO HEAR SOME GOOD NEWS From You PEOPLE.............

Anonymous said...

Appu.
What is your mail ID?

krish | കൃഷ് said...

അപ്പൊ സംഗതികൾ ഒന്നുംകൂടി ഉഷാറായി വരുന്നുണ്ടെന്നറിഞതിൽ സന്തോഷം.

ശ്രീലാല്‍ said...

ഉഷാര്‍ .. ഉഷാര്‍ ..:)

അംഗങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാര്‍ .
ഇതിന്റെ ഒരു രൂപരേഖ, ചോദ്യാവലിയുടെ ഒരു ഇനിഷ്യല്‍ വേര്‍ഷന്‍ ഇവ
ക്ലബ്ബ് അണിയറ പ്രവര്‍ത്തകരെ (അപ്പു , പ്രശാന്ത് , ബിക്കി and ബിന്ദു കെ.പി ) ഒരു ഗ്രൂപ്പ് മെയിലില്‍ അറിയിച്ച് ചര്‍ച്ച ചെയ്യാം എന്നു കരുതുന്നു.
മറ്റെന്തെങ്കിലും ഞാന്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ പറയൂ..

അലി said...

മാഷേ...
തലയെണ്ണലിൽ വിദ്യാർത്ഥികൾ തികയാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സർക്കാർ പള്ളിക്കൂടത്തിന്റെ അവസ്ഥയിലായിരുന്നു ഈ ബ്ലോഗ്. കുറച്ചുപേർക്ക് വേണ്ടിയെങ്കിലും ഇതു തുടരാൻ തീരുമാനിച്ചതിനു നന്ദി.

മെംബർമാരുടെയും ഫോളോവേഴ്സിന്റെയും എണ്ണം കാര്യമാക്കേണ്ട. ആക്ടീവായി മുപ്പതുപേരെ കിട്ടിയാൽ അതുമതി. തുടങ്ങിയ പംക്തികളൊന്നും മുടക്കേണ്ട. ആഴ്ചക്കുറിപ്പുകളിൽ നിന്നും പുണ്യാളന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ല. ആരുടേതായാലും മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുക. കമ്പോസിംഗ് ടെക്നിക്കുകളും സൌഹൃദ മത്സരങ്ങളും തുടരുക.

ആശംസകൾ!

ഞാന്‍:ഗന്ധര്‍വന്‍ said...

പുതുമകളോടെ മുന്നേറാന്‍ ആശംസകള്‍. ഞാന്‍ ഒരു ദീയെസ്സെലാര്‍ വാങ്ങിയത് തന്നെ ഈ ബ്ലോഗിന്റെ വിജയം ആണ് ;))
ആശംസകള്‍!!

ഞാന്‍:ഗന്ധര്‍വന്‍ said...

ട്രാക്ക്‌...

aneesh3dworld said...

നല്ല സംരംഭം.. നല്ല കമന്റ്സ് ....
അഭിനന്ദനങ്ങള്‍

വെറുതെ ഒരു ബ്ലോഗ് said...
This comment has been removed by the author.
നിവിന്‍ said...

പ്രിയപ്പെട്ട അപ്പു ചേട്ടാ,

ആദ്യം തന്നെ പറയട്ടെ ഞാന്‍ പരിഹസിച്ചല്ല ആ കമന്റ് ഇട്ടത്. ഞാന്‍ വളരെ പ്രതീക്ഷയോടെ നോക്കിക്കണ്ട പോസ്റ്റുകള്‍ ആയിരുന്നു അത്. അതു കൊണ്ട് തന്നെ അത് നിന്നു പോയതില്‍ അല്പം വിഷമം തോന്നിയിരുന്നു. ആ പംക്തി കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഇല്ല. പക്ഷേ ജോലിയുടെ ഭാഗമായ ചില പ്രൊജക്ടുകളില്‍ എന്റെ റോള്‍ മാര്‍ച്ച് പകുതിയോടെ മാത്രമേ കഴിയുകയുള്ളു. എനിക്ക് സമ്മതമാണു ഉറപ്പ് പറയാന്‍ എനിക്ക് മാര്‍ച്ച് വരെ സമയം വേണം. ഏറ്റെടുത്താല്‍ തുടര്‍ന്ന് പോകണം എന്ന് അതിയായ ആഗ്രഹം ഉള്ളത് കൊണ്ടാണു. :)

സ്നേഹത്തോടെ നിവിന്‍

അപ്പു said...

നിവിൻ, സന്മനസ്സിനു നന്ദി :-) തീർച്ചയായും മാർച്ച് വരെ ഞങ്ങൾ കാത്തിരിക്കുന്നു. അതിനിടെ ഫോട്ടോഷോപ്പ് പാഠങ്ങൾ (ചിത്രം എഡിറ്റിഗ് മാത്രം) ഒരു തുടർ സീരീസായി നടത്തുവാൻ മധു പേരടി എന്ന ബ്ലോഗർ സമ്മതം അറിയിച്ചിട്ടുണ്ട്. ആദ്യ അദ്ധ്യായങ്ങൾ എഴുതി തരികയും ചെയ്തു. അതു ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

Sree said...

ee club il cheraan oru mail ayachittu reply onnum illa.. :(
enthaa cheyyendathu??

അപ്പു said...

ഈ ബ്ലോഗിലെ ഫോളോവേഴ്സ് ആണ് ഇതിലെ മെംബർമാർ ശ്രീയേ.... ഫോളോവർ ഗാഡ്ജറ്റിൽ ചേരൂ. അത്രതന്നെ.

Sree said...

athrey ullu..? athu nom pande chythirikkunnu..
thanks appu..
aiswaryamaayittu oru blog thudangi..
http://varnappakittu.blogspot.com/

gurukkanmaarude anugraham undaakanam..
Sorry if i am posting this in the wrong place