Saturday, January 22, 2011

ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവര്‍‌ത്തനങ്ങള്‍‌

ഈ ഫോട്ടോക്ലബ്ബിലെ അംഗങ്ങളുടെ ശ്രദ്ധയ്ക്കായി പ്രധാനപ്പെട്ട ഒന്നുരണ്ടു കാര്യങ്ങൾ അറിയിക്കട്ടെ.

ഫോട്ടോക്ലബ് എന്ന പേരിൽ ഈ ഗ്രൂപ്പ് ബ്ലോഗ് ആരംഭിച്ചത് 2010 ജൂൺ 1 നാണ്, അതായത് ഏഴുമാസങ്ങൾക്ക് മുമ്പ്. അന്നുമുതൽ ഇന്നുവരെ ഈ ബ്ലോഗിൽ ഫോളോവർ ആയി ചേർന്നിട്ടുള്ള ആളുകളുടെ - അവരാണ് ഈ ബ്ലോഗിലെ മെംബർമാരും - എണ്ണം മുന്നൂറ്റിനാൽ‌പ്പതോളം വരും. ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ആശയം ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുക എന്നതുമാത്രമായിരുന്നില്ല - മലയാളം ബ്ലോഗിംഗ് വേദിയിൽ ഫോട്ടോബ്ലോഗുകൾ ഉള്ള എല്ലാവരേയും ഒരു സ്ഥലത്ത് ഒന്നിച്ചു കൂട്ടി ഒരു ഡിസ്കഷൻ ഫോറം പോലെ ഒരു സ്ഥലം - അതായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതായത് ഇതിലെ അംഗങ്ങൾ പരസ്പരം കൂട്ടായ ചർച്ചകളിൽക്കൂടി പുതിയ കാര്യങ്ങൾ പഠിക്കുകയും അങ്ങനെ അവരവരുടെ കഴിവുകൾ കൂടുതൽ മെച്ചമാക്കുകയും, വ്യത്യസ്ഥമേഖലകളിൽ അറിവുള്ളവർ അത് മറ്റുള്ളവർക്കു കൂടി പ്രയോജനകരമാകുന്ന തരത്തിൽ പങ്കുവയ്ക്കുകയും ചെയ്യും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ദൌർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങൾ ഒന്നുരണ്ടുപേരുടെ മാത്രം ബ്ലോഗ്  എന്ന  രീതിയിലാണ് വായനക്കാരിൽ ഭൂരിഭാഗവും ഇതിനെ കാണുന്നത് എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ  ഇപ്പോൾ തോന്നുന്നത്.

ഇത് വെറുതേ പറയുന്നതല്ല. അംഗങ്ങൾക്ക് പരസ്പരം ഇന്ററാക്റ്റ് ചെയ്യുവാൻ ഉതകുന്ന പല പംക്തികളും തുടങ്ങിയെങ്കിലും അവയിൽ ഓരോന്നിന്റെയും നിലവിലെ അവസ്ഥ ഒന്നു നോക്കിയാൽ ഇത് മനസ്സിലാകാവുന്നതേയുള്ളൂ. “ഫോട്ടോഷോപ്പ് ടിപ്സ്” എന്ന പേരിൽ ഒരു വിഭാഗം ആദ്യം തന്നെ തുടങ്ങിയിരുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള പോസ്റ്റ് പ്രോസസിംഗിനെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. അത് ആദ്യം കൈകാര്യം ചെയ്തിരുന്ന നൌഷാദിന് പെട്ടന്ന് ജോലി മാറേണ്ടിവന്നതിനാലും പുതിയ ജോലിയിൽ തിരക്കായതിനാലും അത് യഥാസമയം തുടരുവാനായില്ല. അതേ തുടർന്ന് ഫോട്ടോഷോപ്പ് വിദഗ്ദ്ധരായ, നമ്മളോടൊപ്പമുള്ള പലരേയും ഞങ്ങൾ സമീപിച്ചു.  “ശരി ചെയ്യാം, ചെയ്യാം“ എന്നു അവരെല്ലാവരും പറഞ്ഞതല്ലാതെ കാര്യങ്ങൾ എങ്ങുമെത്തിയില്ല.  

കമ്പോസിംഗ് ടെക്നിക്കുകൾ എന്ന വിഭാഗം പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ വായിച്ചറിവുള്ള കാര്യങ്ങൾ അവിടെ അവതരിപ്പിക്കുക മാത്രമായിരുന്നില്ല ഉദ്ദേശം,  വായനക്കാർ അതുപോലെയുള്ള ചിത്രങ്ങളുമായി വന്ന് കൂടുതൽ ചർച്ചകൾ തുടരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അതുപോലെ നിങ്ങൾക്കറിയാവുന്ന കമ്പോസിംഗ് ടെക്നിക്കുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കും എന്നും പ്രതീക്ഷിച്ചു.   പക്ഷേ അതും അത്ര ഫലം കണ്ടില്ല. 

അതിനുശേഷമാണ് “ആഴ്ചക്കുറിപ്പുകൾ“ എന്ന പംക്തി തുടങ്ങിയത്. ഫോട്ടോബ്ലോഗുകളിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഒരു റിവ്യൂ ടീം ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്ത് അവയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പറയുവാനാണ് അത് ആരംഭിച്ചത്. കമന്റുകളീൽ കൂടി മറ്റുള്ള അംഗങ്ങൾക്കും ആ ഫോട്ടോകളെ വിലയിരുത്തുവാനുള്ള അവസരം അതുവഴി ഉണ്ടായിരുന്നു. പക്ഷേ വളരെ ചുരുക്കം അംഗങ്ങളൊഴികെ ആരും തന്നെ ആ പംക്തിയിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ക്രിട്ടിക് കമന്റുകൾ പറയാൻ അറിയില്ലാത്തതിനാലാണ് ഒന്നും മിണ്ടാത്തത് എന്ന് ചിലരൊക്കെ പറഞ്ഞു. പക്ഷേ അതുതന്നെയാണോ കാര്യം? 

“കഥപറയുന്ന ചിത്രങ്ങൾ” എന്നപേരിൽ പുതിയ പംക്തി തുടങ്ങുമ്പോൾ അതെങ്കിലും മുടങ്ങീപ്പോകാതെ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കാനാവുമല്ലോ എന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഓരോ ഫോട്ടോഗ്രാഫറും എടുക്കുന്ന ഓരോ നല്ലചിത്രത്തിനും പിന്നിൽ ഒരു കഥയുള്ളതിനാൽ ആരെങ്കിലുമൊക്കെ എഴുതും എന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്താണ് എന്നതിന്റെ തെളിവാണ് പുണ്യാളൻ എഴുതിയ ആദ്യ പോസ്റ്റിനു ശേഷം നാളിതുവരെ ഒരാളും ഒരു കഥയും അയച്ചുതന്നില്ല എന്നത്! ദോഷം പറയരുതല്ലോ, സൂമിംഗ് ഇൻ എന്ന പേരിൽ ആരംഭിച്ച ഇന്റർവ്യൂവിനു പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിച്ചത്. 

ഓരോ മാസവും ഒരു വിഷയം നൽകി അതിനെ അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫി മത്സരം നടത്താം എന്ന ആശയത്തിന്റെ ആരംഭമായാണ് 2010 ലെ വർഷാന്ത്യ ഫോട്ടോമത്സരം എന്ന പേരിൽ ഒരെണ്ണം അനൌൺസ് ചെയ്തത്. അതിന്റെ പ്രതികരണവും വളരെ നിരാശാജനകമായിരുന്നു എന്ന് രണ്ടുദിവസം മുമ്പ് നമ്മൾ കണ്ടതാണ്. മൂന്നൂറിലേറെ ആളുകൾ അംഗങ്ങളായുള്ള ക്ലബിൽ ലഭിച്ചത് വെറും പത്തിൽ താഴെ എൻ‌ട്രീകൾ. പുതിയ ചിത്രങ്ങൾ ഒന്നും അയച്ചു തരുവാനല്ല ആവശ്യപ്പെട്ടിരുന്നത് എന്നോർക്കുക, പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ ലിങ്കുകൾ മാത്രം അയച്ചു തന്നാൽ മതിയായിരുന്നു. എന്നാൽ അതിനുപോലും ഭൂരിഭാഗത്തിനും താല്പര്യമുണ്ടായില്ല എന്നത് വളരെ നിരാശയുളവാക്കുന്നു. ലഭിച്ച ചിത്രങ്ങളുടെ വോട്ടിങ്ങിലും ഈ നിഷ്ക്രിയത പ്രകടമായിരുന്നു. നൂറിൽ പരം ആളുകൾ മാത്രമാണ് ഒരു വോട്ട് രേഖപ്പെടുത്താൻ പോലും തയ്യാറായത്.

തുറന്നു പറയട്ടെ, ഈ രീതിയിൽ നിഷ്ക്രിയരായ ഒരു കൂട്ടം അംഗങ്ങളുമായി ഇങ്ങനെയൊരു ഗ്രൂപ്പ് ബ്ലോഗ് തുടർന്നുപോകാൻ ബുദ്ധിമുട്ടുണ്ട്. ഇന്റർനെറ്റിനുമുന്നിൽ ഒരുപാടു സമയം ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഐ.ടി / ഗ്രാഫിക്സ് / ഫോട്ടോഗ്രാഫി മുതലായ മേഖലയികളിലൊന്നുമല്ല  ഞങ്ങൾ രണ്ടുപേരും ചെയ്യുന്നത്. ജോലിസമയത്തിനു ശേഷം കിട്ടുന്ന സമയവും ചുരുക്കം തന്നെ.  ബ്ലോഗിൽ ചെലവഴിക്കാൻ ധാരാളം സമയമുള്ളവർ എന്നു ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്ന ചിലരെയൊക്കെ ഞങ്ങൾ ഈ ബ്ലോഗിന്റെ നടത്തിപ്പിലുള്ള സഹായത്തിനായി സമീപിക്കുകയുണ്ടായി.    ചിലരൊക്കെ  നിസ്സാരകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. എങ്കിലും ഞങ്ങളുടെ  അഭ്യത്ഥനമാനിച്ച് ബിന്ദു കെ.പി., ബിക്കി എന്നീ സുഹൃത്തുക്കൾ  സഹായഹസ്തവുമായി മുമ്പോട്ട് വന്നു. അവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. അവരുടെ സഹായസഹരണങ്ങളിലാണ് ആഴ്ചക്കുറിപ്പുകളും വർഷാന്ത്യഫോട്ടോമത്സരവും  കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മുമ്പോട്ട് പോയത്. ഇവരെപ്പോലെ ഏതെങ്കിലുമൊക്കെ പംക്തികൾക്കായി സമയം ചെലവഴിക്കാൻ സാധിക്കുന്നവർ സ്വയമേവ മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുടെ ഇടയിൽ  ഫോട്ടോഗ്രാഫിയെപ്പറ്റി നല്ല പ്രായോഗിക അറിവും, വായിച്ചുള്ള അറിവും എഴുതാനുള്ള കഴിവും ഒക്കെ ഒത്തിണങ്ങിയവർ പലരും ഉണ്ട്. പക്ഷേ പലർക്കും എഴുതാൻ മടിയാണ്, മുമ്പോട്ട് വന്നാൽ ആൾക്കാരുടെ കൈയ്യിൽ നിന്ന് ആവശ്യമില്ലാതെ പഴികേൾക്കുമോ എന്ന പേടിയും. പക്ഷേ ഈ ചിന്തകളുടെയൊന്നും കാര്യമില്ല, ഷെയർ ചെയ്യാനുള്ള മനസ്സാണു വേണ്ടത്. കൊടുക്കുന്തോറും ഏറിവരുന്ന ധനമാണ് അറിവ് എന്നാണല്ലോ പറയാറ്. 

ഈ ഫോട്ടോക്ലബ്ബിൽ എല്ലാ അംഗങ്ങൾക്കും പ്രയോജനകരമാവുന്ന തരത്തിലും എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലും എന്തൊക്കെ പദ്ധതികൾ ഇനി ആവാം എന്ന കാര്യത്തിൽ എല്ലാവരും അഭിപ്രായങ്ങൾ പറയുവാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ തുടങ്ങിയ പംക്തികൾ ഇനി തുടരണോ വേണ്ടയോ എന്നും പറയുക. ഏതായാലും ആഴ്ചക്കുറിപ്പുകൾ തൽക്കാലത്തേക്ക് നിർത്തുവാൻ ഞങ്ങൾ തീരുമാനിച്ചു. ഫോട്ടോഗ്രാഫിയിൽ   പുതുമുഖങ്ങളായവർക്ക് ആവശ്യമായ പല ഐഡിയകളും ഉണ്ടാവും എന്നറിയാം. അവരും അത് ഇവിടെ കമന്റുകളായി എഴുതുവാൻ താല്പര്യപ്പെടുന്നു. അതുപോലെ ഏതെങ്കിലുമൊക്കെ പംക്തികൾ ഏറ്റെടുത്ത് നടത്തുവാൻ സമയവും താല്പര്യവുമുള്ളവർ അതും അറിയിച്ചാൽ വലിയ ഒരു ഉപകാരമായിരുന്നു.  

ഇനി അഥവാ ഭൂരിഭാഗത്തിനും ഇങ്ങനെഒരു ഗ്രൂപ്പ് ബ്ലോഗിനോട് താല്പര്യമില്ല എങ്കിൽ ഈ ബ്ലോഗിനെ ഒരു ഇൻ‌വൈറ്റഡ് ബ്ലോഗ് ആക്കി മാറ്റി, താല്പര്യമുള്ളവർക്കായി  information sharing എന്നരീതിയിൽ മാത്രം മുമ്പോട്ട് കൊണ്ടുപോകാം എന്നാണ് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. 

ഫോട്ടോക്ലബ്ബ് എന്ന ഈ സംരഭത്തോട് താല്പര്യമുള്ള എല്ലാവരും ഇതിന്റെ ഭാവിപ്രവർത്തനങ്ങൾ എങ്ങനെയാവണം എന്നതിനെപ്പറ്റി ഒരു അഭിപ്രാ‍യം പറയും എന്ന പ്രതീക്ഷയോടെ 

Appu & Prasanth

40 comments:

അലി said...

എനിക്ക് വളരെ ഇഷ്ടപ്പെട്ട, ഏറെ പ്രയോജനകരമായ ഒന്നാണ് ഫോട്ടോക്ലബ്ബ്. ഇങ്ങനെയൊരു കുറിപ്പ് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. ഫോട്ടോഗ്രഫി പഠിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക് എല്ലാവിധ പിന്തുണകളും അറിയിക്കുന്നു. നിരാശരാകാതെ വിജയപ്രതീക്ഷകളുമായി നമുക്ക് മുന്നേറാം.


വിശദമായ അഭിപ്രായങ്ങളുമായി വീണ്ടും വരാം.

നൗഷാദ് അകമ്പാടം said...

പറഞ്ഞതത്രയും ശരി തന്നെ..തുടക്കത്തില്‍ കണ്ട ആവേശം
ഞാനടക്കം പലര്‍ക്കുമുണ്ടായില്ല..
പുറത്ത് നിന്ന് നോക്കി കാണാനല്ലാതെ സജീവമാകാനുള്ള ഒരു ചെറിയ ശ്രമം പോലും നടത്തിയതുമില്ല..

ഇത്തരം ശ്രമകരമായ ഒരു നല്ല സം‌രം‌ഭത്തിനു നിങ്ങള്‍ തുനിഞ്ഞിറങ്ങിയിട്ടും പ്രോല്‍സാഹജനകമായ ഒന്നും നല്‍കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
ഈ അവസരത്തില്‍
സജീവമാകുവാനുള്ള എന്റെ പിന്തുണ (സമയപരിഥിക്കകത്തുനിന്നെങ്കിലും)
ഞാന്‍ അറിയിക്കുന്നു.
ഇത് തുടരാനുള്ള സന്മന്‍സ്സിനായി അപേക്ഷിക്കുകയും ചെയ്യുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നിരാശരാകാതെ മുന്നോട്ടു പോകണമെന്നാണ് എനിക്കു തോന്നുന്നത്.

ഭായി said...

തുടർന്നും ഇത് മുന്നോട്ട് കൊണ്ട് പോകണമെന്ന് താല്പര്യപ്പെടുന്നു. നല്ല നല്ല ചിത്രങൾ കാണാനും അതിനെ അറിവുള്ളവർ വിലയിരുത്തുന്നത് അറിയാനും ആഗ്രഹമുണ്ട്.
ഇപ്പോൾ നടത്തിയ ഈ മത്സരത്തിലെ എണ്ട്രികൾ കണ്ട് ഈ ഞാൻ പോലും ഞെട്ടിപ്പോയി. തെറ്റിദ്ധരിക്കരുത്!!, ഇത്രയും ഫോട്ടോ പുലികൾ ഉള്ളപ്പോൾ ചിത്രങളുടെ എണ്ണം വളരെ കുറഞതുകൊണ്ടാണ് ഞെട്ടിയത്.
ഇത് തുടർന്നുകൊണ്ട് പോകാൻ എല്ലാവിധ ആശംസകളും നേരുന്നു.

സാജിദ് കെ.എ said...

സ്ഥിരമായി ഇവിടം സന്ദര്‍ശിക്കാറുണ്ട്. തുടരണമെന്നാണ് അഭിപ്രായം. ഫോട്ടോഷോപ്പ് ടിപ്‌സും കമ്പോസിംഗ് ട്രിക്‌സുമൊക്കെ വളരെ ഉപകാരപ്രദമായവയാണ്. അവയും തുടരണം..

mini//മിനി said...

ഒരു ഫോട്ടോഗ്രാഫർ ആവാതെ ഫോട്ടോയെടുക്കുന്ന ഞാൻ സ്ഥിരമായി ഫോട്ടോക്ലബ്ബും ഫോട്ടോ ബ്ലോഗുകളും സന്ദർശ്ശിച്ചിട്ടാണ് പലതും പഠിക്കാൻ കഴിഞ്ഞത്.
മത്സരത്തിന് ഫോട്ടോ അയച്ചെങ്കിലും ശരിക്ക് സെലക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നതിൽ ഇപ്പോൾ സങ്കടം തോന്നുന്നു. മറ്റുള്ളവർ അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും എന്റെ ഫോട്ടോബ്ലോഗ് (മിനി ചിത്രശാല) തുടരും. വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത് എന്ന് ഇപ്പോൾ ഞാൻ പറയുന്നു. ഭാവിയിൽ നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു.

Pied Piper said...

വന്‍ പുലികളുടെ നിഴല്‍ ബ്ലോഗിലുടനീളം പരന്നു കിടക്കുന്നു...
സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ വല്ലാതെ ആഘോഷിക്കുന്നപോലെ..

ഫോടോ മല്‍സരത്തിന് ചിത്രമയക്കാതിരുന്നത്
ഒരുതരം ഇന്‍ഫീരിയോറിട്ടി കോമ്പ്ളക്സ് കാരണമാണ്..

ടണ്‍കണക്കിന്ന് ലെന്‍സുകളുമായി ലോകം മുഴുവന്‍ പറന്ന് നടന്ന്
ചിത്രമെടുക്കുന്ന വന്‍പുലികള്‍ക്കിടയില്‍ ഒരു എസ് എല്‍ ആര്‍ ക്യാമറപോലും
സ്വന്തമായില്ലാത്ത ഞാനെന്തിനു മല്‍സരിക്കണം എന്നു തോന്നി

എന്‍റേത് CanonSX20is എന്ന ക്യാമറയാണ്...

ഈ ബ്ലോഗ് എന്നും മുടങ്ങാതെ തുറന്നുനോക്കുന്നവനാണ്
ഈയുള്ളവന്‍ ..

ഉധ്യമം തുടരുക എല്ലാ ഭാവുകങ്ങളും..

Jijo Kurian said...

I am new to this group blog; and not a photograher. I am interested in photography, therefore I wanted to learn something of it. This blog I found really helpful. Now it is disheartening to hear about the future of the blog. Personally not being talented in the field I do not know how I can help to carry on this undertaking. However, earnestly wish if only it would be kept going on.

punyalan.net said...

ഫോട്ടോ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തില്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാന്‍ സഹകരിച്ചിട്ടുണ്ട്. അപ്പുവിന്റെ ഈ പോസ്റ്റ്‌ തികച്ചും ആശങ്കജനകമാണ് എന്നെ പോലെയുള്ള ഒരു ഫോടോഗ്രഫെര്‍ക്ക്. മത്സരത്തില്‍ പങ്കെടുക്കാതിരുന്നത് ജീവിതത്തില്‍ ഇന്ന് വരെ ഒരു ഫോട്ടോഗ്രഫി മത്സരത്തിലും പങ്കെടുത്തിട്ടില്ല അത് കൊണ്ട് വോട്ട് മാത്രം ചെയ്തു. ഫോട്ടോഗ്രഫി എന്‍റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ബ്ലോഗില്ലോടെ നല്ല കുറെ കൂട്ടുകാരെ കിട്ടി. ഇനിയും ഈ ക്ലബ്ബിന്റെ തുടര്‍ നടത്തിപ്പിനായി എല്ലാ വിധത്തിലും സഹകരിക്കാന്‍ തയ്യാറാണ്. ക്ലബിലെ എല്ലാ അംഗങ്ങളും ഇതിന്റെ വളര്‍ച്ചക്ക് സമയം കണ്ടെത്തണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

അപ്പുവിനോട് : ഒക്കെ ശരിയാകും ഇഷ്ടാ. വഴിക്ക് ഇട്ടിട്ടു പോകല്ലേ...

Photo Club said...

“സെലിബ്രിറ്റി / പുലീ‍സ് ചിത്രങ്ങൾ മാത്രം പരിഗണിക്കുന്നു” എന്ന ഒരു ചിന്ത ഇവിടെ പലരും പങ്കുവച്ചു എന്നതിനാൽ ഒരു ക്ലാരിഫിക്കേഷൻ ഇവിടെ പറഞ്ഞുകൊള്ളട്ടെ. “ആഴ്ചക്കുറിപ്പുകൾ”എന്ന പംക്തിയാണ് ഇവിടെ പരാമർശവിഷയമായിരിക്കുന്നത് എന്നറിയാം. ഒരു ആഴ്ചയിൽ പ്രസിദ്ധീകരിച്ച “ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ” എന്നതായിരുന്നുവല്ലോ ആ പംക്തി കൈകാര്യം ചെയ്തിരുന്ന വിഷയം. അതിൽ ഫൈനൽ റൌണ്ടിൽ വരുന്ന ചിത്രങ്ങൾ ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ചതാവാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. സ്വാഭാവികമായും അത്തരം ചിത്രങ്ങൾ പരിചയസമ്പന്നരായ, പെർഫക്ഷൻ ആഗ്രഹിക്കുന്നവരുടെ കൈകളിൽ നിന്നേ ഉണ്ടാവൂ (അവർ പുലികളാണോ സെലിബ്രിറ്റികളാണോ എന്നതല്ല പ്രശ്നം). അത്ര ശ്രദ്ധേയരല്ലാത്തവർ നല്ല ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളപ്പോൾ അവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏതെങ്കിലുമൊക്കെ സലക്റ്റ് ചെയ്ത് അവിടെ ക്രിട്ടിക് കമന്റുകൾ പറയുവാൻ ബുദ്ധിമുട്ടുണ്ട് - അങ്ങനെ പറയുന്നത് ആ ചിത്രങ്ങളുടെ ഉടമകൾക്ക് താല്പര്യമില്ലെങ്കിലോ? ഇതിനൊരു പരിഹാരം ക്യാപ്റ്റൻ ഹാഡോക് (ആഷ്‌ലി) പറഞ്ഞിരുന്നു രണ്ടു ദിവസം മുമ്പ്. ഫോട്ടോബ്ലോഗുകളിൽ ചിത്രം പ്രസിദ്ധീകരിക്കുന്നവർക്ക് ക്രിട്ടിക് കമന്റുകൾ ആവശ്യമെങ്കിൽ ആ ചിത്രങ്ങളുടെ ലിങ്കും ചേർത്ത് ഒരു മെയിൽ ഫോട്ടോക്ലബിനു അയക്കുക. ഓരോ ആഴ്ചയും അങ്ങനെ വരുന്ന റിക്വസ്റ്റുകൾ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ച് അറിവുള്ളവർ ക്രിട്ടിക് കമന്റുകൾ പറയുക. ഒപ്പം ഓരോ റിക്വസ്റ്റ് അയക്കുന്ന ആളും അതേ പോസ്റ്റിലെ മറ്റു രണ്ടു ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ പറയുക (പറയാൻ പഠിക്കുക). ഇതൊരു നല്ല ഐഡിയ ആണെന്നു തോന്നി. താല്പര്യമെങ്കിൽ ഇങ്ങനെ ചെയ്യാവുന്നതാണ്.

Renjith said...
This comment has been removed by the author.
Renjith said...

അപ്പുചേട്ടാ ,പ്രശാന്ത്‌
ഫോട്ടോക്ലബ് തുടങ്ങിയപ്പോള്‍ മുതല്‍ അതില്‍ വരുന്ന എല്ലാ പോസ്റ്റുകളും നോക്കാറുണ്ട് ,ആഴ്ചക്കുറിപ്പുകളില്‍ കമന്റ്‌ ഇട്ടിരുന്നില്ലന്കിലും ഇത് വരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകള്‍ക്കും വോട്ട് ചെയ്തിരുന്നു ,ക്രിട്ടിക് കമന്റുകള്‍ പറയാന്‍ അറിയില്ല ,അതിനാല്‍ എല്ലാ പോസ്റ്റുകള്‍ക്കും വന്നു കമന്റു ഇടാറില്ല. ഫോട്ടോഗ്രാഫി മത്സരതിനു അയക്കാതിരുന്നതിനു കാരണം ആത്മവിശ്വാസക്കുറവാണ്.കഴിഞ്ഞ വര്ഷം ഒരുപാട് നല്ല ചിത്രങ്ങള്‍ ഫോട്ടോ ബ്ലോഗുകളില്‍ വന്നിട്ടുണ്ടായിരുന്നല്ലോ . ഇനിയും ഫോട്ടോക്ലബ്ബിന്റെ പ്രവര്‍ത്തനം മുന്‍പോട്ടു പോകണം എന്നാണു ആഗ്രഹം. കമ്പോസിംഗ് ടെക്നിക്കുകൾ പോലെ വളരെ ഉപയോഗപ്രദമായ സംരംഭങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു
രഞ്ജിത്ത്

ശ്രദ്ധേയന്‍ | shradheyan said...

ഒരു ഫോട്ടോ ബ്ലോഗര്‍ അല്ലെങ്കിലും വളരെ താല്പര്യത്തോടെ ഇവിടം സന്ദര്‍ശിക്കാറുണ്ട്. മുമ്പ് കോഴിക്കോട് കോളജ് ഓഫ് ഫൈനാര്ട്സില്‍ നിന്നും കിട്ടിയ ഫോട്ടോഗ്രാഫി കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് ഫയലില്‍ ഉള്ളത് കൊണ്ട് അല്പം ഉത്തരവാദിത്വ ബോധവുമുണ്ട്.:)

മാതൃകാപരമായ ഉദ്യമമെന്ന നിലയില്‍ ഈ ബ്ലോഗ്‌ കൂടുതല്‍ പങ്കാളിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയട്ടെ. എന്‍ട്രികള്‍ അയച്ചും അഭിപ്രായങ്ങള്‍ പങ്കുവെച്ചും എല്ലാ താല്പര്യമുള്ള ബ്ലോഗേര്‍സും സഹകരിക്കുക. ആശംസകള്‍.

Naushu said...

തുടര്‍ന്നും മുന്നോട്ടു പോവനമെന്നാണ് എന്റെയും അഭിപ്രായം..

vahiju said...

you continue this blog... ALL THE BEST....

കണ്ണനുണ്ണി said...

നോക്കൂ, എവിടെ വന്ന ലേഖനങ്ങളില്‍ നിന്നും പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ നിന്നും വളരെയേറെ അറിവുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. പല ആങ്ങിലുകളും, ടെക്നിക്കുകളും പരീക്ഷിച്ചു മനസ്സിലാക്കാന്‍ പ്രേരണയായത് അവയാണ്. ഇവിടെ ഒരു പോസ്റ്റ്‌ വന്നു എന്ന് റീഡറില്‍ കണ്ടാല്‍ അപ്പൊ തന്നെ ഞാന്‍ നോക്കാറുണ്ട്... ഒരുപാട് പേര്‍ അങ്ങനെ ചെയ്യുന്നുണ്ടാവും. അത് കൊണ്ട് ഈ നല്ല സംരംഭം ഒരിക്കലും പാതി വഴിയില്‍ നിര്‍ത്തരുത്.

പിന്നെ ഫോടോകാലോ അഭിപ്രായങ്ങളോ അയക്കുവാണോ, പറയുവാനോ ശ്രമിക്കാത്തത്..അതിനു തക്ക രീതിയില്‍ ഈ രംഗത്ത് പ്രാവീണ്യം ഇതുവരെ കൈവരിച്ചിട്ടില്ല എന്ന തോന്നല് കൊണ്ടാണ്...
എന്തായാലും ആശങ്കകള്‍ ഒഴിഞ്ഞു എല്ലാം നല്ല രീതിയില്‍ മുന്‍പോട്ടു പോവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു

sids said...

കഴിയാവുന്ന രീതിയിലെല്ലാം സഹകരിക്കണമെന്ന് നിങ്ങളുടെ ഈ ഉദ്യമം കണ്ടപ്പോൾ മുതൽ മനസ്സിൽ കരുതിയതാണ്. പക്ഷെ ഒന്നിനും ഇതുവരെ കഴിഞ്ഞിട്ടില്ല...എല്ലാവർക്കും ഉപകാരപ്രദമായ ഈ സംരഭം കഴിയാവുന്നിടത്തോളം മുന്നോട്ടു കൊണ്ടുപോവണമെന്ന് അഭ്യർത്ഥിക്കുന്നു...

നന്ദു | naNdu | നന്ദു said...

ഇത്രയും ഉപകാരപ്രദമായ ഒരു സംരംഭം ഇനിയും മുന്നോട്ടു കൊണ്ടുപോകണം എന്നാണ് അഭ്യര്‍ത്ഥന.
മത്സരത്തിന് Entry അയയ്ക്കാതിരുന്നത് ആത്മവിശ്വാസം കുറവായതുകൊണ്ടാണ്. ഒരു പ്രോഫഷണല്‍ ഫോട്ടോഗ്രാഫറല്ലാത്ത എനിക്ക് സ്വന്തമായി ഒരു Camera കൈയിലില്ല. ആരുടെയെങ്കിലും ക്യാമറ തല്ക്കാലത്തേക്ക് കൈയില്‍ കിട്ടുമ്പോള്‍ എടുക്കുന്ന പടങ്ങളാണ് ഞാന്‍ പോസ്റ്റു ചെയ്യുന്നതൊക്കെ.
ഒരിക്കല്‍ ഒരാഴ്ചക്കുറിപ്പില്‍ ഞാനെടുത്ത പടം ഉള്‍പ്പെടുത്തിക്കണ്ട ശേഷം കഴിയുന്നതും നല്ല പടങ്ങള്‍ മാത്രമെടുക്കണം എന്നും നല്ലതു മാത്രം പോസ്റ്റു ചെയ്യണം എന്നും കരുതിയതായിരുന്നു.
ശ്രമങ്ങള്‍ നടത്തിനോക്കുന്ന എന്നെപ്പോലുള്ളവര്‍ക്കും, ബൂലോകത്തെ ഫോട്ടോ പുലികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ക്ലബ്ബ് ദയവായി അടച്ചു പൂട്ടരുത്.

Dipin Soman said...

വളരെ പ്രയോജനപ്രദമായ ഈ കൂട്ടുകെട്ട് മുന്നോട്ട് പോകണമെന്നാണ് എന്റെ അഭിപ്രായം.

പുണ്യാളന്‍ പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.
ഒക്കെ ശരിയാകും ഇഷ്ടാ. വഴിക്ക് ഇട്ടിട്ടു പോകല്ലേ... :)

Captain Haddock said...

അതേയ്....നമക്ക് ഇത് മുന്‍പോട് കൊണ്ട് പോയേ പറ്റൂ. അടചു പൂട്ടുക എന്നാ ഒരു ഓപ്ഷന്‍ ഒഴിച്ച്, ബാക്കി എല്ലാം നമക്ക് നോക്കാം.

പലരും ആ ഗോബിയില്‍ കൂടാതിരുന്നത്, ഇവിടെ വരുന്ന പടംസ് എല്ലാം കിടു നിലവാരത്തില്‍ ഉള്ളതാണ്, എന്നും ആവാം. നമ്മക്, നേരത്തേ പറഞ്ഞേ പോലെ, ഫോടോ എടുക്കുന്ന ആര്‍ക്കും, ഫീഡ് ബാക്ക് വേണേല്‍, ബ്ലോഗില്‍ ഫോടോ ഇട്ടിട്ടു, ഒരു മെയില്‍ അയക്കാന്‍ പറഞ്ഞാലോ ?

Captain Haddock said...

Pied Piper s : എന്റെ ക്യാമറയും അതേ സംഭവം തന്നെ. കോമ്പ്ളക്സ് തൂക്കി എടുത്തു ഗ്ലാസ്സില്‍ ഇട്ടു അടിച്ചു കലക്കി കോമ്പ്ലാന്‍ ആയി കുടിയ്ക്കൂ ;) എന്നിട്ട് പടംസ് ചറ പറാന്നു പോസ്റ്റ്‌ ചെയൂ.

KALANDAR MOHAMMED said...

ഇത് വായിച്ചപ്പോള്‍ വലിയ വിഷമമായി.ഇനിയും മുമ്പോട്ടു തന്നെ പോണം.എല്ലാ ഭാവുകങ്ങളും....

Pied Piper said...

ഉം...
ഒരുനാള്‍ ഞാനും പുലിയാകും ...

ഈ ഫോട്ടോ ബ്ലോഗും കൂട്ടുകാരായ എല്ലാ ഗഡികളും ഇവിടെ തന്നെ കാണണം...

:P

ത്രിശ്ശൂക്കാരന്‍ said...

ഇതില്‍ നിന്ന് പിന്മാറേണ്ട ആവശ്യമില്ല, ഇതൊരു നല്ല സംരഭമാണ്, അത് നന്നായിത്തന്നെ മുന്നോട്ട് പോകട്ടെ.

Manickethaar said...

എനിക്ക് വളരെ ഇഷ്ടപ്പെട്ട, ഏറെ പ്രയോജനകരമായ ഒന്നാണ് ഫോട്ടോക്ലബ്ബ്.6 അല്ലെങ്കിൽ 7 മാസം പരിചയം മാത്രമെ ഉള്ള്‌,i am a beginner, എന്റെ എല്ല സഹായം ഉണ്ടാവും.
ആശംസകള്‍.

kareemhamza said...

ഈ സംരംഭം നിർത്തരുത് എന്ന് തന്നെയാണ് എന്റെയും അപേക്ഷ. പല ആളുകൾക്കും ഇത് ഉപകാരപ്പെടുന്നുണ്ടെന്ന കാര്യം മറക്കരുത്, അത് എലിക്കായാലും പുലിക്കായാലും ശരി. ഞാൻ എപ്പോഴും ശ്രദ്ധിചിട്ടുള്ള ഒരു കാര്യം സഥിരം പുലികളെയാൺ, പേരു പറയാൻ ആഗ്രഹിക്കുന്നില്ല, അവരുടെ ചിത്രങ്ങൾ എല്ലാ ആഴ്ചക്കുറിപ്പിലും വരാരുണ്ട്. പക്ഷെ ഇതു വരെ മറ്റു കാര്യങ്ങളിൽ അവരുടെ സഹകരണം കണ്ടിട്ടില്ല. അവരും എന്നെ പൊലെ സ്വന്തം പടം ആഴ്ചക്കുറിപ്പിൽ കണ്ട് ആസ്വദിക്കുന്നവരാൺ. ഇനിയെങ്കിലും അവരോട് സഹകരിക്കൻ അഭ്യർതിക്കുന്നു. പലപ്പോഴും എനിക്ക് പൊസ്റ്റ് ചെയ്യുന്ന്തിൽ പ്രശ്നം ഉണ്ടാകാറുണ്ട്. എന്നാലും പൂർണമായിട്ടും സഹകരിക്കാൻ ശ്രമിക്കും. ഞാൻ പറഞ്ഞവരിൽ പലരും മുകളിൽ കമന്റ് പൊലും ചെയ്തിട്ടില്ല. എല്ലാവരും ഒരു പൊലെ സഹകരിച്ചാൽ മാത്രമെ ഈ നല്ല സംരംഭം വിജയിക്കുകയുള്ളൂ.


എല്ലാ ആശംസകളും നേരുന്നൂ.

Sarin said...

ഫോട്ടോഗ്രഫി മത്സരം നടത്തിയപോള്‍ അതില്‍ എന്ത് കൊണ്ട് പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല എന്നാ കാര്യം ഞാന്‍ ഗൂഗിള്‍ ബസില്‍ പറഞ്ഞിരുന്നല്ലോ . ഏതു സംരംഭവും വിജയിക്കണം എങ്കില്‍ തീര്‍ച്ചയായും എല്ലാവരുടെയും സഹകരണം ആവശ്യമാണ്‌.എല്ലാവര്ക്കും( ഈ ഞാന്‍ അടക്കം) പറയാന്‍ എളുപ്പം ആണ് എന്ത് സഹായം വേണേലും ചെയാം എന്ന് ബട്ട്‌ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കും എന്നതിലാണ് കാര്യം.ഞാന്‍ എന്റെ എല്ലാ വിധ സഹായസഹകരന്നങ്ങളും ഓഫര്‍ ചെയ്തുകൊള്ളുന്നു. ഏതു രീതിയില്‍ ഉള്ള സഹായം ആണ് വേണ്ടത്തെന്നു പറഞ്ഞാല്‍ ഈയുള്ളവന്റെ കഴിവിനനുസരിച്ച് ചെയ്തു തരാം. നല്ലോരുധ്യമം ഇങ്ങനെ പാതി വഴിയില്‍ നിന്നുപോകതിരിക്കാന്‍ നമുക്ക് ആല്മാര്തമായി പരിശ്രമിക്കാം.

ചാക്കോച്ചി said...

എന്നെ പോലെ ഉള്ള അനേകര്‍ക്ക്‌ വളരെ പ്രയോജനപ്രദം ആയ ഒരു സംരംഭം ആയിരുന്നു ഇതു.
ഒരിക്കലും ഇതു നിര്‍ത്തരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.
മറ്റു പലരും പറഞ്ഞത് പോലെ കോമ്പ്ലെക്സ് തന്നെ ആയിരുന്നു ചിത്രങ്ങള്‍ അയക്കാതെ മാറി നിന്നതിന്റെ പ്രധാന കാരണം.
ആദ്യ വിലയിരുത്തലില്‍ തന്നെ ഇവിടെ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുടെ ഏഴയലത്ത് വരില്ല എന്റെ ചിത്രങ്ങള്‍ എന്ന തിരിച്ചറിവ്.
ഇത്രയും നാള്‍ പുലര്‍ത്തിയ നിഷ്ക്രിയതക്ക് ഒരു മാപ്പപേക്ഷ കൂടി ആണ് ഈ കമെന്റ്.
പിന്നെ ഒരു അഭിപ്രായം പറയാന്‍ ഉള്ളത് എന്താന്ന് വെച്ചാല്‍, പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള ഒരു സൗകര്യം ഒരുക്കിയാല്‍ വളരെ നല്ലത് ആയിരുന്നു എന്നാണ്.
എല്ലാവര്ക്കും ഫോടോഷോപ്പോ അത് പോലെ ഉള്ള മറ്റു സോഫ്റ്റ്‌ വരുകളും ഉപയോഗിച്ച് ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിങ്ങിനു വിധേയമാക്കാന്‍ സാധിക്കാറില്ല. തീര്‍ച്ചയായും അങ്ങനെ ഉള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്തവയുമായി ഉള്ള താരതമ്യത്തില്‍ പിന്നോക്കം ആവുകയും ചെയ്യും.
മുന്‍പ് ക്യാപ്റ്റന്‍ സൂചിപിച്ച തരത്തില്‍ ഉള്ള ക്രിടിക് കമെന്റുകള്‍ക്കു (അത് എത്ര മൂര്‍ച്ച ഉള്ളത് ആണെങ്കില്‍ കൂടി) വേണ്ടി എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനു enikku ഒരു virodhavum ella ennum വളരെ santhoshathode parayatte.
(Transilteration is not working)
Once again i kindly request you to , pls don't proceed with closing down of this project

രഞ്ജിത് വിശ്വം I ranji said...

പ്രിയ അപ്പു പ്രശാന്ത്.. ബ്ലോഗ് വായന വളരെ കുറവായ ഇക്കാലത്തും മുടങ്ങാതെ വന്നു വായിക്കുന്ന ബ്ലോഗാണിത്.. എല്ലാ ആഴ്ച്ചയും വന്നു അപ്ഡേറ്റ് നോക്കാറുണ്ട്. ചിത്രങ്ങള്‍ കാണാറുണ്ട്.. അവയില്‍ നിന്നും പഠിച്ചത് പരീക്ഷിച്ചു നോക്കാറുമുണ്ട്. ഓരോ ആഴ്ച്ചയും വരുന്ന ചിത്രങ്ങളൊക്കെ കണ്ട് അന്തംവിട്ട് നോക്കിനില്ക്കാനല്ലാതെ വിലയിരുത്തി അഭിപ്രായം പറയാനൊന്നും ഈയുള്ളവന്‍ ആളല്ല എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടാണ് അഭിപ്രായം പറയാഞ്ഞത്. ഓരോ പുതിയ പടം എടുക്കുമ്പോഴും അത് ഈ പ്രാവശ്യം ഫോട്ടോ ബ്ലോഗ് ആഴ്ച്ചക്കുറിപ്പുകളി വരുത്തണം എന്ന വാശിയോടെയാണ് എടുക്കാറ്.. പക്ഷേ അതിലേക്കൊക്കെ എത്തുവാന്‍ ഇനീം ഏറെ ദൂരമുണ്ട്..
പറഞ്ഞു വന്നതെന്താന്നു വെച്ചാല്‍.. ഇത് നിര്ത്തിക്കളയരുത്.. എന്നെപ്പോലെയുള്ള തുടക്കക്കാര്‍ക്കൊക്കെ ഇതൊരു വലിയ പാഠശാലയാണ്.. തുടരുക

jayarajmurukkumpuzha said...

aashamsakal.......

ലിനു said...

അപ്പുമാഷേ, ഇത് നിറുത്തല്ലേ,....
ഇവിടുത്തെ ഈ ജോലിത്തിരക്കുകള്‍ക്കിടയിലും മുടങ്ങാതെ ഫോറ്റൊക്ലബ്ബിന്റെ എല്ലാ പോസ്റ്റുകളും വിശദമായി തന്നെ നോക്കാറുണ്ട്,...
വളരെ ഉപകാര പ്രധമായ ഈ ഒരു സംരംഭം തുടര്‍ന്നു തന്നെ പോകണം,....
ഇനിയും വരാനിരിക്കുന്ന ഒരു പാടു പേര്‍ക്ക് ഇതൊരു വലിയ പാഠശാലയാണ്,
ഇപ്പോഴുള്ളവര്‍ക്ക് ഇടക്കൊന്നു പൊടി തട്ടി നോക്കാനുള്ള ഒരു അമൂല്യ ഗ്രന്ഥവും,....
ബഹറിനിലെ ഞങ്ങളുടെ ഫോട്ടോഗ്രഫി ക്ലബ്ബിന്റെ എല്ലാ പിന്തുണയും എന്നും ഒപ്പമുണ്ടാകും,.....

Kazcha said...

Please do not stop this blog... it is a very helpful tool for the beginners as well as experienced hands... i am offering all my support..within my limits...

മോഹനം said...

തുടരണം,ഞാനും സ്ഥിരമായി നോക്കാറുള്ള ഒരു ബ്ലോഗാണ് ഇത്, മാത്രമല്ല ഇതിലെ അഗ്രിഗേറ്റര്‍ മറ്റുള്ള ഫോട്ടോബ്ലോഗുകളിലേക്ക് ഒരു നല്ല വഴികാറ്റിയുമാകുന്നുണ്ട്.

മത്സരത്തിന് അയക്കാതിരുന്നത് പുലികളുടെ ഇടയില്‍ വെറുതേ എന്തിനാന്നു കരുതിത്തന്നെയാ,

എല്ലാവരുടേയും കോമ്പ്ലക്സ് മാറ്റാനായി മാസംതോറും നടത്തൂ, ആദ്യമൊക്കെ ആളു കുറവാണെങ്കിലും പിന്നെപ്പിന്നെ ആളു കൂടിക്കോളും.

പരിമിതമായ സൌകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് എന്റെ മാക്സിമം സപ്പോര്‍ട്ടും നല്‍കും എന്ന് അറിയിച്ച്കൊള്ളുന്നു.

punyalan.net said...

“ആഴ്ചക്കുറിപ്പുകൾ”എന്ന പംക്തി തുടരണം. വായനക്കാര്‍ക്ക്‌ ഫോട്ടോഗ്രാഫിയെ കുറിച്ച് നല്ല അറിവ് തരുന്ന ഒരു പംക്തി തെന്നെയണിത്. ഇനി പ്രസിദ്ധീകരിക്കുന്ന ആഴ്ചക്കുറിപ്പുകളില്‍ എന്‍റെ ഫോട്ടോകള്‍ പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു.

ശ്രീലാല്‍ said...

ഫോട്ടോ ക്ലബ്ബ് ഇതുപോലെ തന്നെ തുടര്‍ന്ന് പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഴ്ചക്കുറിപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഒരു ഒരു പോസ്റ്റായി മാത്രമേ വായനക്കാര്‍ കാണുന്നുള്ളൂ എന്നാണ് തോന്നുന്നത്. സ്ക്രീനിംഗ് ടീം വളരെ കൃത്യമായി വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനാല്‍ പലപ്പൊഴും ‘സ്ക്രീനിംഗ് ടീമിനോട് യോജിക്കുന്നു’ എന്ന ഒരു കമന്റാണ് മനസ്സില്‍ വരാറുള്ളത്. അതുകൊണ്ട് തന്നെ അവിടെ പ്രത്യേകിച്ച് ചര്‍ച്ചകള്‍ക്ക് പലപ്പൊഴും സാധ്യത കുറവാണ് എന്ന് തോന്നാറുണ്ട്. ഈ പംക്തിയില്‍ കുറച്ചുകൂടി വിമര്‍ശ്ശനാത്മകമായ അവലോകനം സ്ക്രീനിംഗ് ടീം നടത്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട് വളരെ സോഫ്ടായി ചിത്രങ്ങളെ സമീപിക്കേണ്ടതില്ല എന്ന ഒരു തോന്നല്‍ .

കമ്പോസിംഗ് ടെക്നിക് - വളരെ താല്പര്യത്തോടെ വായിച്ചിരുന്ന ഒരു പംക്തിയായിരുന്നു. അതിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ കഴിവുള്ള ഒരുപാട് മെമ്പര്‍മാരുണ്ടെങ്കിലും അത് കാണാഞ്ഞതില്‍ സങ്കടമുണ്ട്.
Behind the frames - പ്ലാന്‍ഡ്/ഇന്‍ഡോര്‍ ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേര്‍സിന് ഒരു പാട് കാര്യങ്ങള്‍ പങ്കുവെക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നു. ചില ഫോട്ടോകള്‍ക്ക് ഉപയോഗിച്ച ക്യാമറ സെറ്റിംഗ്സുകള്‍ , ലൈറ്റ് സെറ്റപ്പ് , ഫോട്ടോ ഷൂട്ടിന് നേരിട്ട മറ്റു വെല്ലുവിളികള്‍ ഇവയൊക്കെ പങ്കുവെക്കുന്നത് ഉപകാരപ്രദമായിരിക്കും. ഫോട്ടോഗ്രാഫേര്‍സിനെ തിരഞ്ഞുപിടിച്ച് ഇതില്‍ പങ്കെടുപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഫോട്ടോകളുടെ വിവിധ തലങ്ങള്‍ സൂക്ഷ്മതയോടെ കാണുക മാത്രമല്ല, നല്ല എഴുത്തുപരിചയവും ഉള്ളവര്‍ക്ക് മാത്രം പറ്റുന്ന ഒന്നാണ് Zooming In - പംക്തിയിലേക്ക് ഒരു അഭിമുഖം തയ്യാറാക്കല്‍ എന്ന് ശ്രമിച്ച് പരാജയപ്പെട്ട അനുഭവത്തില്‍ ഞാന്‍ പറയും. വിശദമായ ഇന്റര്‍വ്യൂവിനു പകരം ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം പറയാന്‍ പറ്റുന്ന രീതിയില്‍ , ഫോട്ടോഗ്രാഫറെ/മെമ്പര്‍മാരെ പരിചയപ്പെടുത്തുന്ന ഒരു പംക്തി ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ. ഒരുപാട് മെമ്പര്‍മാരെ വെളിച്ചത്തേക്ക് കൊണ്ടുവരുവാനും അത് ഉപകരിക്കും. ഒരേ ചോദ്യങ്ങള്‍ തന്നെ എല്ലാവരോടും ചോദിക്കുന്ന രീതി. ഉദാഹരണമായി, ഉപയോഗിക്കുന്ന ക്യാമറ/ലെന്‍സുകള്‍ ഏവ ? ഫോട്ടോഗ്രാഫിയില്‍ ഇഷ്ടമേഖലകള്‍ , ഇഷ്ടപ്പെട്ട ഫോട്ടോകള്‍ ,ഫോട്ടോഗ്രാഫര്‍മാര്‍ ,ഫോളോ ചെയ്യുന്ന ഫോട്ടോഗ്രാഫി റിലേറ്റഡ് വെബ്സൈറ്റുകള്‍ അങ്ങനെ പലതും. (ചര്‍ച്ച ചെയ്താല്‍ വന്‍ ചോദ്യാവലി തന്നെ കിട്ടും) ഫോട്ടോക്ലബ്ബ് മെമ്പേര്‍സിന് പരസ്പരം പരിചയപ്പെടുന്നതിനും മൊത്തത്തില്‍ ഒന്ന് ഉഷാറാക്കാനും ഇത് ഉപകരിക്കും എന്ന് തോന്നുന്നു. സാധാരണ ബ്ലോഗുകള്‍ ഫോളോ ചെയ്യുന്നത് പോലെ താല്പര്യം കൊണ്ട് ഫോളോ ചെയ്യുന്ന മെമ്പേര്‍സിനും ഫോട്ടോഗ്രാഫേര്‍സായിട്ടുള്ള മെമ്പേര്‍സിനും എല്ലാവര്‍ക്കും പരിചയപ്പെടാനുള്ള ഒരു പംക്തി - അതാണ് ഞാന്‍ ഉദ്ദേശിച്ചത്. കൂടുതല്‍ ചോദ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കമന്റുവഴിയും ആകാം.

ബ്ലോഗ് അംഗങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നും ഈ ബ്ലോഗ് ഉഷാറായി തുടരാനുള്ള സാഹചര്യം ഉണ്ടാവണമെന്നും സ്നേഹപൂര്‍വ്വംഅഭ്യര്‍ത്ഥിക്കുന്നു. എല്ലാ സഹകരണവും എന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് ഉറപ്പുതരുന്നു.

ABDULLA JASIM IBRAHIM said...

Vivaramillayma Kond Mathramanu Sajeevamayi pankedukkathath But Iam Studying A Lot From This Blog And Am A Frequent Visitor............So Go On...........

sUniL said...

ഫോട്ടോക്ലബ്ബുമായി ബന്ധപ്പെട്ട് പ്രശാന്തും അപ്പുവും ഉപയോഗിച്ചിട്ടുള്ള പ്രയത്നവും സമയവും നേരിട്ടറിയാം. പലപ്പോഴും ജോലിത്തിരക്കുമൂലം അത്രക്കൊന്നും സമയം ഉപയോഗിക്കാൻ കഴിയാറില്ലെങ്കിലും സാധിക്കുന്ന രീതിയിൽ ഇന്നുവരെ ഇതുമായി സഹകരിച്ചിരുന്നു, ഇനിയും തീർച്ചയായും അതുണ്ടാകും.

പുള്ളിപ്പുലി said...

എന്തായി ഇവിടേ !!!

അപ്പോഴേ പോസ്റ്റ് മുഴുവനും വായിച്ചു കമന്റുകളും ഈ ബ്ലോഗ് നിർത്തിയ എന്റെ തനിക്കൊണം നിങ്ങളറിയും. പറഞ്ഞില്ലാന്ന് വേണ്ട ഹാ (സ്ത്യായിട്ട് ഞാൻ കരയും)

നിങ്ങടേ കഷ്ടപ്പാടുകൾ എല്ലാവർക്കുമറിയാം നമ്മൾ ഇത് തുടങ്ങുന്ന സമയത്ത് കൂടിയപ്പോ ഒരു കാര്യം പറഞ്ഞിരുന്നു. “ഈ ബ്ലോഗിലൂടേ ഫോട്ടോഗ്രാഫിയേ കുറിച്ച് നമ്മൾ കൂടുതൽ അറിയുന്നതോടൊപ്പം ഫോട്ടോഗ്രാഫിയേ കൂടുതൽ ആളുകളിലേക്കെത്തിക്കാനും“ നമ്മുടേ ലക്ഷ്യമായിരുന്നു.

ഇന്ന് വരേയുള്ള ഇതിന്റെ പ്രവർത്തനങ്ങളിൽ ആ ലക്ഷ്യം സാധൂകരിക്കാൻ ഒരു പരിധി വരേ സാധിച്ചിട്ടുണ്ട് എന്നാണെന്റെ വിശ്വാസം.

പിന്നേ പുണ്യാളാ നിങ്ങടേ പടങ്ങൾ പരിഗണിക്കണ്ടാന്ന് ഇനി പറഞ്ഞാലുണ്ടല്ലോ അറിയാല്ലോ എന്നെ ഹാ ;)

ഇതിലുള്ളാ എല്ലാ പംക്തികളും തുടരണം എന്നാണെന്റെ ആഗ്രഹം.

That's all, Your Honour!

ദൈവമേ!!! ഈ കമന്റ് വായിക്കുന്ന എല്ലാർക്കും മനസ്സിലാകണേ ഈ വലിയ സംരഭത്തിന്റെ ആദ്യ കൂട്ടായ്മയിൽ ഞാനുമുണ്ടായിരുന്നൂന്ന് (അഹങ്കാരം)

saju said...

വളരെ ഉപകാരപ്രദമായിരുന്നു ഈ ബ്ലോഗ്‌ ദയവായി പിന്നോക്കം പോകരുത് നിങ്ങളുടെ നല്ലമനസ്സിനു പ്രണാമം

saju said...

വളരെ ഇഷ്ടമായ ഒരു ബ്ലോഗ്‌ ആണിത് ദയവായി പിന്നോക്കം പോകരുത് നിങ്ങളുടെ നല്ല മന്സസ്സിനു ഫലം ഉണ്ടാകും തീര്‍ച്ച