Tuesday, December 7, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 20

നവംബർ 21 ഞായർ മുതൽ നവംബർ 27 ശനി വരെയുള്ള ഫോട്ടോ ബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. അപ്രതീക്ഷിതമായ ചില തിരക്കുകള്‍‌ കാരണം ആഴ്ചക്കുറിപ്പുകള്‍‌ വൈകുന്നതില്‍‌‌ ഖേദിക്കുന്നു.

വായനക്കാരുടെ  ഇഷ്ടചിത്രം:
പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക



Serial No : 01


ബ്ലോഗ്:Focus Magics
 ഫോട്ടോഗ്രാഫർ : Jimmy
  പ്രസിദ്ധീകരിച്ച തിയതി : November 21, 2010

സബ്ജക്റ്റും പശ്ചാത്തലവും തമ്മിലുള്ള കളര്‍‌ കോണ്ട്രാസ്റ്റ് , ഫോട്ടോഗ്രാഫര്‍‌ സ്വീകരിച്ച ആങ്കിള്‍‌ , മനോഹരമായ ആകാശം..ഇതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍ ആയി എടുത്ത് പറയേണ്ടത്. മരുഭൂമിയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിന്യങ്ങളും, ടയറിന്റെ പാടുകളും, കുറ്റിച്ചെടികളും ചിത്രത്തിനു തീരെ യോജിക്കുന്നില്ല, ഫോട്ടോഗ്രാഫര്‍‌ അല്പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നുകൂടി മനോഹരമാക്കാനാവുമായിരുന്ന ഒരു ചിത്രം.


Serial No : 02


 ഫോട്ടോഗ്രാഫർ : ആഷ
  പ്രസിദ്ധീകരിച്ച തിയതി : November 22, 2010

പ്രധാന സബ്ജക്റ്റിന്റെ ഭാവം, അതു കൃത്യമായി പകര്‍ത്തിയ ടൈമിങ്ങ്, നല്ല എക്പോഷര്‍ കണ്ട്രോള്‍‌ , മികച്ച ഡി.ഓ.എഫ് കണ്ട്രോളിലൂടെ അവരുടെ ചുറ്റുപാടുകളെ കൂടുതല്‍‌ ഡിസ്റ്റ്റാക്ഷനാകാതെ നിലനിറുത്തിയ രീതി എന്നിവ കൊണ്ട് ശ്രദ്ധേയമായ ചിത്രം.




Serial No : 03
ബ്ലോഗ്:Fade In
 ഫോട്ടോഗ്രാഫർ : Sunil Warrier
  പ്രസിദ്ധീകരിച്ച തിയതി : November 24, 2010

സമുദ്രതീരത്തെ ഉപേക്ഷിക്കപ്പെട്ട, തുരുമ്പുപിടിച്ച ജീപ്പിനുള്ളില്‍ നിന്നുള്ള ദൃശ്യം വൈഡ് ആങ്കിളിലൂടെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.ജീപ്പിനുള്ളിലെ കുറഞ്ഞ വെളിച്ചവും കടല്‍ക്കരയിലെ കൂടിയ വെളിച്ചവും ബാലന്‍സ് ചെയ്യുന്നതിനായി HDR Processing ചെയ്തെടുത്ത നല്ല ഒരു composite image. ഇതേ ഫോട്ടോഗ്രാഫറുടെ ഈ ഫോട്ടോയും ഈയാഴ്ച്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ക്രീനിങ്ങ് ടീം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്‌


Serial No : 04
ബ്ലോഗ്: Punya Bhoomi
 ഫോട്ടോഗ്രാഫർ :പുണ്യാളൻ
  പ്രസിദ്ധീകരിച്ച തിയതി : November 24, 2010

മനോഹരമായ ഒരു പുലര്‍‌കാല ദൃശ്യം അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു. കമ്പോസിഷനും എക്സ്പോഷറും വളരെ നന്നായിട്ടുണ്ട്. ദൃശ്യത്തിലെ മഞ്ഞും തണുപ്പും കാഴ്ചക്കാരനിലേയ്ക്ക് എത്തിക്കുന്നുണ്ട് ഈ ചിത്രം.



Serial No : 05
 ഫോട്ടോഗ്രാഫർ : വിനയൻ
  പ്രസിദ്ധീകരിച്ച തിയതി : November 24, 2010

നല്ല കമ്പോസിഷന്‍ , എക്സ്പോഷര്‍‌ . മാത്രമല്ല, ചിത്രത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്തുകവഴി ചിത്രത്തിനു "ജീവന്‍‌ " നല്‍കാനും കോട്ടയുടെ വലുപ്പത്തിനെ പറ്റി കാഴ്ച്ചക്കാരനെ മനസ്സിലാക്കി തരുന്നതിനും ഫോട്ടോഗ്രാഫര്‍‌ ശ്രദ്ധിച്ചിരിക്കുന്നു.



Serial No : 06

ബ്ലോഗ്: Gray Card
 ഫോട്ടോഗ്രാഫർ : Yousef Shali
  പ്രസിദ്ധീകരിച്ച തിയതി : November 26, 2010

സ്വീകരിച്ചിരിക്കുന്ന ലോ ആങ്കിള്‍ തന്നെയാണ്‌ ഒറ്റനോട്ടത്തില്‍‌ എടുത്ത്പറയേണ്ട പ്രത്യേകത. നല്ല എക്സ്പോഷറും കമ്പോസിഷനും നിറങ്ങളും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ഇതേ ഫോട്ടോഗ്രാഫറുടെ ഈ ഫോട്ടോയും ഈയാഴ്ച്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ക്രീനിങ്ങ് ടീം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്‌


 Serial No : 07
ബ്ലോഗ്: ഒറ്റമഴ
 ഫോട്ടോഗ്രാഫർ :സെറീന
  പ്രസിദ്ധീകരിച്ച തിയതി : November 26, 2010

ഈ ചിത്രത്തിന്‌ ഫോട്ടോഗ്രാഫര്‍‌ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് കൂടി ഉള്‍പ്പെടുത്തിയാലേ ഈ ചിത്രം പൂര്‍ണ്ണമാകൂ...

"ഇവിടെയുണ്ടിപ്പോഴും 
ചിറകടക്കങ്ങളുടെ കൂട്,
മേഘങ്ങളുടെ കണ്ണു പൊത്തി
മറ തന്ന ഇലച്ചില്ലകള്‍
പിന്നെ,
നമ്മള്‍ മാത്രം മടങ്ങി വരാതിരിക്കുന്നതെങ്ങനെ
മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍ 
നിരന്തരം പൂക്കുമ്പോള്‍ ?"

ഈ അടിക്കുറിപ്പ് കൂടി വായിക്കുന്ന കാഴ്ചക്കാരന്റെ മനസ്സിനെ തീര്‍ച്ചയായും സ്പര്‍ശിക്കുന്ന ചിത്രം.




Serial No :8
 ബ്ലോഗ്: Out of Focus
 ഫോട്ടോഗ്രാഫർ :പുണ്യാളൻ
  പ്രസിദ്ധീകരിച്ച തിയതി : November 27, 2010

ചിത്രത്തിലെ മനുഷ്യരുടെ നിസ്സഹായാവസ്ഥയും ജീവിതചുറ്റുപാടുകളും കാഴ്ചക്കാരനില്‍ എത്തിക്കുന്ന ചിത്രം. നല്ല എക്പോഷര്‍‌ , ടൈമിങ്ങ് , കമ്പോസിഷന്‍ . പശ്ചാത്തലത്തിലുള്ള ഇരുട്ടും ഈ ചിത്രം നന്നാക്കുന്നതിന്‌ സഹായകമായിട്ടുണ്ട്.



Serial No :9
 ബ്ലോഗ്: Untold Riddles
 ഫോട്ടോഗ്രാഫർ :Vimal
  പ്രസിദ്ധീകരിച്ച തിയതി : November 27, 2010

കമ്പോസിഷന്‍‌ , കളര്‍കോണ്ട്രാസ്റ്റ് എന്നിവകൊണ്ട് ശ്രദ്ധേയം , എങ്കിലും വെള്ളത്തുള്ളികളില്‍‌ പുറകിലുള്ള പൂവ് കൂടുതല്‍ വ്യക്തമായി പകര്‍ത്താനായിരുന്നു എങ്കില്‍ കൂടുതല്‍ മനോഹരമായേനെ.




സ്ക്രീനിംഗ് ടീം അവസാന റൌണ്ടില്‍ പരിഗണിച്ച മറ്റു ചില ചിത്രങ്ങള്‍ : ഈ ചിത്രങ്ങളൊന്നുംതന്നെ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങളേക്കാൾ മോശമായതുകൊണ്ടല്ല ഫൈനൽ സെലക്ഷനിൽ എത്താതിരുന്നത്. സ്ക്രിനിംഗ് ടീമിലെ അംഗങ്ങൾ ഈ ചിത്രങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിൽ ഏകകണ്ഠമായ ഒരു അഭിപ്രായത്തിൽ എത്താൻ കഴിയാതെ ഇരുന്നതിനാൽ മാത്രമാണ് അവ ഫൈനൽ ലിസ്റ്റിൽ പ്രവേശിക്കാതിരുന്നത് എന്ന് പ്രത്യേകം പറയട്ടെ.


അതാതു ചിത്രങ്ങളുടെ നമ്പറിൽ‌ ക്ലിക്ക് ചെയ്താൽ ആ ബ്ലോഗുകളിലേക്ക് പോകാം.






















Viewer's Choice - Week No 19

Oct 24 മുതല്‍‌ Oct 30വരെയുള്ള ആഴ്ചയിലെ (Week - 19) വായനക്കാരുടെ ഇഷ്ടചിത്രം.




ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ കമന്റായി ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം  ഉൾപ്പടെ  ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ അവയെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിനു  എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

24 comments:

TOMS / thattakam.com said...

എല്ലാം ഒന്നിനൊന്നു മെച്ചം ഏതു തെരഞ്ഞെടുക്കും ഇനത്തില്‍ ഒരു ചെറിയ കണ്‍ഫ്യൂഷന്‍ . എന്നാലും 4,5 കൂടുതല്‍ ഇഷ്ടമായി.

Renjith said...

ഇതിനിടയ്ക്കുള്ള രണ്ടാഴ്ച വിട്ടുപോയതാണോ ?

Haree said...

Serial #1
സുന്ദരമായ മേഘങ്ങള്‍, ചുവപ്പു കാറും, നല്ലൊരു ഫ്രയിമും. സ്കാനിംഗ് ടീമിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.

Serial #2
ആഷ ഇപ്പോള്‍ പൂക്കളെയും ചിത്രശലഭങ്ങളേയും വിട്ട് ആള്‍ക്കാരിലേക്കായെന്നു തോന്നുന്നല്ലോ ശ്രദ്ധ. നല്ല ടൈമിംഗ്, മികച്ച എക്സ്പോഷര്‍.

Serial #3
ഒരുപക്ഷെ, മലയാളം ഫോട്ടോബ്ലോഗുകളില്‍ വന്നിട്ടുള്ള HDR ചിത്രങ്ങളില്‍ വളരെ മികച്ച ഒന്ന്. HDR-ന്‌ യോജിച്ച സബ്‍ജക്ടിനെ തിരിച്ചറിഞ്ഞതില്‍, പോസ്റ്റ്-പ്രൊസസിംഗില്‍ ഒക്കെ മികവ് പ്രകടം.

Serial #4
നീലകൊണ്ടൊരു മായാജാലം. വേറിട്ടൊരു സില്ലൌട്ടായി വേണമെങ്കിലും ഇതിനെ കണക്കാക്കാം.

Serial #5
പ്രത്യേകിച്ചൊന്നും ഇല്ലെങ്കില്‍ പോലും ഉണ്ടെന്നു തോന്നിക്കുന്ന ഒരു ചിത്രം. കടലും ആകാശവും ചേര്‍ന്നുപോവുന്നത് ചിത്രത്തിനു മറ്റൊരു ഭാവം നല്‍കുന്നുണ്ട്. ഒരല്‍പം ആകാശം കുറയ്ക്കാമായിരുന്നില്ലേ എന്നുമാത്രമൊരു സംശയം.

Serial #6
ഇതൊരു പോസ് ചെയ്യിച്ചെടുത്ത ഫോട്ടോയാണ്‌ എന്നു കരുതിയാല്‍, നിഴലുകള്‍ ചിത്രത്തിനു ഗുണമാവുന്ന തരത്തില്‍ ഉപയോഗിക്കുവാന്‍ ഫോട്ടോഗ്രാഫര്‍ ശ്രദ്ധ നല്‍കിയിട്ടില്ലെന്നു തോന്നുന്നു. പ്രത്യേകതകളില്ലാത്ത ഒരു ചിത്രം.

Serial #7
അടിക്കുറിപ്പൊക്കെ കൊള്ളാം. എന്നാല്‍ സബ്ജക്ടിനെ നടുക്കു കൊണ്ടുവെച്ചത് കാര്യമായ ഭംഗിയൊന്നും ചിത്രത്തിനു നല്‍കുന്നതായി തോന്നുന്നില്ല. ഫ്രയിം ഇതിലും ഭംഗിയാക്കാമായിരുന്നു എന്നു തന്നെ കരുതുന്നു. ഒരല്‍പം ലെവല്‍ കറക്ഷനും, വിഗ്നെറ്റ് പോലെ എന്തെങ്കിലും ഇഫക്ട് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ജീവന്‍ ലഭിക്കുമായിരുന്നു ഈ ചിത്രത്തിന്‌.

Serial #8
അപ്പൂപ്പന്റെ തണുപ്പാണ്‌ ആദ്യം ഫീല്‍ ചെയ്യുന്നത്, പിന്നെ ആ സ്ത്രീയുടെ നിസ്സഹായതയും. തുറന്നുവെച്ച പാത്രത്തില്‍ ഒന്നുമില്ലെന്നു തോന്നുന്നു. പശ്ചാത്തലത്തിലെ നീലയും ഇരുളും മങ്ങിയ ചുവപ്പിഷ്ടിക പാകിയ തറയുമൊക്കെ ചിത്രത്തിന്റെ തീവ്രത കൂട്ടുന്നു. വിഗ്നൈറ്റ് ഇഫക്ടിന്റെ നല്ല ഉപയോഗവും ഇതില്‍ കാണാം. ലെവല്‍ കറക്ഷന്‍ കൂടി ചെയ്യാമായിരുന്നു എന്നു തോന്നി.

Serial #9
ഏറെ മികച്ചൊരു മാക്രോ എന്നു കരുതുവാനില്ലെങ്കിലും പശ്ചാത്തലത്തിലെ നീലയുടെ ഭംഗി ചിത്രത്തെ സുന്ദരമാക്കുന്നു. സ്കാനിംഗ് ടീം പറഞ്ഞത് മനസിലായില്ല. പശ്ചാത്തലത്തിലെ നീലപ്പൂവ് എങ്ങിനെ വ്യക്തമായി പകര്‍ത്തുവാന്‍ കഴിയും? അത്രയും DoF മാക്രോയില്‍ ലഭിക്കുമോ!!!

ഇതിലൊന്ന് ഇഷ്ടമുള്ളതായി പറയുക വിഷമം പിടിച്ചതു തന്നെ. എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം. Serial #3-ഉം #4-ഉം ഏറെ ഇഷ്ടമായി. HDR-നോട് കുറച്ച് കൂടുതല്‍ താത്പര്യമുള്ളതുകൊണ്ട് Serial #3-ന്‌ വോട്ടു ചെയ്യുന്നു. :)
--

പുള്ളിപ്പുലി said...

ഹരീ
Serial #9

മാക്രോയിൽ അത്രയും DoF കിട്ടില്ല. പൊതുവേ ഇങ്ങിനേയുള്ള ചിത്രങ്ങളിൽ വെള്ളത്തുള്ളിയിലേ പൂവിന്റെ Reflection നല്ല വ്യക്തതയുള്ളതായിരിക്കും. വിമൽ അങ്ങിനെയൊരു ചിത്രത്തിനായിരിക്കണം ശ്രമിച്ചിരിക്കുക പക്ഷേ ആ ശ്രമം പൂർണ്ണമായി നടന്നില്ല

പുള്ളിപ്പുലി said...

ഹരീ
Example

Click Here

ഈ ബ്ലോഗും ഹരിയുടേ കമന്റുകളും ശെരിക്കും ഫോട്ടോഗ്രാഫി പഠിക്കുന്നവർക്ക് വലിയ മുതൽക്കൂട്ടാണ്.

ഹരിക്കും ഈ ബ്ലോഗിന്റേ പിന്നിൽ പ്രവർത്തിക്കുന്നവർക്കും Hats Off

അപ്പു said...

പുള്ളിപ്പുലിക്ക് നന്ദി.. അതു തന്നെയാണ് സ്ക്രീനിംഗ് ടീം ഉദേശിച്ചത്.

നന്ദു | naNdu | നന്ദു said...

വളരെ നല്ല സെലക്ഷന്‍.
എല്ലാം മികച്ചവ തന്നെ.
എങ്കിലും #4 കൂടുതല്‍ ഇഷ്ടമായി.
ഞാന്‍ കമന്റെഴുതി പോസ്റ്റ് ചെയ്യും മുമ്പേ കറന്റ് പോയി. തിരിച്ചു വന്നപ്പോള്‍ ദേ, പറയാനുദ്ദേശിച്ചത് പുള്ളിപ്പുലി പറഞ്ഞിരിക്കുന്നു. ഹരിയുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി. പുള്ളിപ്പുലിക്കും, സ്‌ക്രീനിംഗ് ടീമിനും!

(ഇതെന്താ, ഈ പോള്‍ ഗാഡ്‌ജെറ്റ് വര്‍ക്കു ചെയ്യുന്നില്ലേ?)

നന്ദു | naNdu | നന്ദു said...

ക്ഷമിക്കണം.. പോളിംഗ് ബൂത്ത് തുറന്നു.

vimal said...

@പുള്ളിപ്പുലി ,അപ്പു ,നന്ദു and Haree

NO!,it was not my intention to take a pictures shown as example by Pulli puli :)

I dont like that kind of photograph much
because

1.Its too much artificial,it lacks the abstract quality
2.Almost everyone can do that follow these steps

a.Should have min 1:2 macro lens
b.Take the picture of the same subject with different DOF
c.Do a Focus stacking using some software
[means,combine pictures with various DOF to one.Use a software like combinez5 ]

You can see the tutorial here
http://www.flickr.com/groups/macroviewers/discuss/72157594313729574/

Focus stacking tutorial here
http://www.flickr.com/groups/macroviewers/discuss/163367/

Im not a big fan of very sharp macro shots[a close up of the head portion of a dragon fly is not my interest].It may look perfect but still it lacks something[dont know how to explain that :(].I more like shots which are blurry/dreamy/Imperfect/abstract and a perfect color combination...so thats it :)

Thanks a lot for featuring and comments :)

kareemhamza said...

Thank u for the selection as picture of the week (19)

Regards

KAreem Hamza

kareemhamza said...

Nice selection. loved the 4th one much....My hearty congrats to the admin of this site. Great effort dear friends...

Rgs

Kareem Hamza

അലി said...

നല്ല വിലയിരുത്തലുകളും ചര്‍ച്ചകളും കൊണ്ട് ഫോട്ടോ ക്ലബ് കൂടുതല്‍ നന്നാവുന്നു.
ആശംസകള്‍!

punyalan.net said...

i do support vimals view point and respect the right for the photographer to decide how he wants the photo to be. conventional outlook to have sharp objects are diffrent perspectives from each photographer.

happy to see lots of valuable inputs in photoclub.

i think photoclub missed out this photo during the selection.

http://www.shijusbasheer.com/2010/11/blog-post_21.html

Anonymous said...

ചർച്ചകൾ ഗംഭീരം!!!! അപ്പോ എനിക്കൊരു സംശയം

ചിത്രം നമ്പർ ഏഴ് :

എങ്ങിനേയാണ് ഈ ചിത്രം ഈ ലിസ്റ്റിൽ വന്നത്. സ്ക്രീനിംഗ് ടീം എന്താണ് ഈ ചിത്രത്തിൽ കണ്ടത് !!!!

ഒരു അടിക്കുറിപ്പ് കൊണ്ട് മാത്രം ചിത്രം ഉൾപ്പെടുത്തിയത് ന്യായീകരിക്കാനാകുമോ?

ഈ ബ്ലോഗ് ചിത്രങ്ങൾക്ക് വേണ്ടിയുള്ളതല്ലേ?

അങ്ങിനെയെങ്കിൽ സ്ക്രീനിംഗ് ടീം ചിത്രങ്ങളേയല്ലേ വിലയിരുത്തേണ്ടത്.

ചിത്രങ്ങൾക്കൊപ്പം പുട്ടിന് പീരപോലേ വരുന്ന അടിക്കുറിപ്പുകളും വിലയിരുത്തേണ്ടതുണ്ടോ?

അപ്പു said...

അനോനിമസേ, കാക്ക ചിത്രത്തിന്റെ അടിക്കുറിപ്പ് സ്ക്രീനിംഗ് ടീം പരിഗണിച്ചതിനുശേഷം ഈ ചിത്രം ഉൾപ്പെടുത്തി എന്ന് ദയവായി മനസ്സിലാക്കരുതേ.... അങ്ങനെയല്ല സംഭവം. ആ ചിത്രത്തിൽ ഒരു ലൈഫ് സിറ്റുവേഷനും, ആ സിറ്റുവേഷനുപിന്നിൽ ഒരു “കഥയും” ഉണ്ട് എന്നതാണ് സ്ക്രീനിംഗ് ടീമിലെ ഭൂരിപക്ഷം അംഗങ്ങൾ കണ്ട പോസിറ്റീവ് വശം. കൂടുതൽ വിശദീകരിക്കാതെ തന്നെ അറിയാമല്ലോ, വെട്ടിമാറ്റാൻ തയ്യാറക്കി, ചില്ലകളൊക്കെ മുറിച്ചു മാറ്റിയിരിക്കുന്ന ഒരു മരം, അതിന്റെ ജീവിതം അവസാനിക്കാറായിരിക്കുന്നു. എങ്കിലും കൂട്ടിനു ഞങ്ങളുണ്ട് എന്ന മട്ടിൽ അവിടെ വന്നിരിക്കുന്ന രണ്ടു കാക്കകൾ. അവിടെയുള്ള ശൂന്യതാബോധത്തിനു ആക്കം കൂട്ടുന്ന തരത്തിൽ ഫ്രെയിമിലെ സ്പേസിംഗ് സഹായിക്കുകയും ചെയ്യുന്നു. ഈ ചിത്രത്തിൽ റൂൾ ഓഫ് തേഡ്സ് കൊണ്ടുവന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുമില്ല.. ഇത്രയും എന്റെ അഭിപ്രായം. ചർച്ചകൾ തുടരട്ടെ... ആകട്ടെ, ഈ ചിത്രത്തിനെപ്പറ്റി ഈ അനോനി സുഹൃത്തിന്റെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്....

@പുണ്യാളൻ: ഷിജു ബഷീറിന്റെ ഈ ചിത്രം സ്ക്രീനിംഗ് ടീമിന്റെ ഇവാലുവേഷനിൽ വിട്ടുപോയതിൽ ഖേദിക്കുന്നു.

Anonymous said...

കാക്ക ചിത്രം ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ചിത്രമാണെന്നാണെന്റെ അഭിപ്രായം.

അവസാന റൌണ്ടില്‍ പരിഗണിച്ച ചിത്രങ്ങളിൽ കാക്ക ചിത്രത്തേക്കാൾ നല്ലതുണ്ടായിരുന്നല്ലോ

ഉദാ: നമ്പർ 17 , 10, 12

പിന്നെ പുണ്യാളൻ ഇട്ട ലിങ്കിലേ ചിത്രം

ഈ ചിത്രങ്ങളൊക്കെ മാറ്റി കാക്കചിത്രം എന്തോ എനിക്കങ്ങ് ദഹിച്ചില്ല.

തിരക്കുകൾക്കിടയിലും ഒരു അനോനിമസിന്റെ കമന്റിന് മറുപടി തന്ന അപ്പുവിന് എന്റെ നല്ല നമസ്കാരം :)

Anonymous said...

അവസാന റൌണ്ടില്‍ പരിഗണിച്ച ചിത്രങ്ങളിൽ പരിഗണിച്ച ഹരിയുടേ ചിത്രം കാണുന്നില്ലല്ലോ?

Haree said...

:) 'വെള്ളത്തുള്ളികളില്‍ പുറകിലുള്ള പൂവിനെ...' എന്നതു വായിച്ചു വന്നപ്പോള്‍ / മനസിലാക്കിയപ്പോള്‍ 'വെള്ളത്തുള്ളികള്‍ക്ക് പുറകിലുള്ള...' എന്നായിപ്പോയി! അതാണ്‌ പറ്റിയത്... വിമല്‍ പറഞ്ഞതുപോലെ അപൂര്‍ണമായതിന്‌ ഒരു പ്രത്യേക ഭംഗിയുണ്ട്.

കാക്കച്ചിത്രത്തെക്കുറിച്ച്; പോസ്റ്റ് പ്രൊസസിംഗ് എന്നത് ചിത്രങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ഒരു സാധ്യതയാണ്‌, അതുപയോഗിക്കുന്നതില്‍ തെറ്റൊന്നും കാണുന്നുമില്ല. (പരിധിവിട്ടാല്‍ അതൊരു ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് മാത്രമാവും, ഫോട്ടോഗ്രഫിയാവില്ല എന്നുമുണ്ട്.) അങ്ങിനെയൊരു സാധ്യതയുള്ളപ്പോള്‍ ആ കാക്കയുടെ ചിത്രം ഇതിലും നന്നാക്കാമായിരുന്നു / ജീവസ്സുറ്റതാക്കാമായിരുന്നു. റൂള്‍ ഓഫ് തേഡ് പിന്തുടരണം എന്നൊന്നുമില്ല. അപ്പു പറഞ്ഞതുപോലെ ചില്ലകള്‍ വെട്ടിമാറ്റിയ മരത്തിന്റെ സ്പേസിംഗാണ്‌ ഉദ്ദേശിച്ചതെങ്കില്‍; ചില്ലകള്‍ ഉണ്ടായിരുന്നെങ്കില്‍ ചിത്രമെങ്ങിനെ എടുക്കുമായിരുന്നു എന്നു ചിന്തിച്ച് ഫ്രയിം സെറ്റ് ചെയ്യണമായിരുന്നു. അങ്ങിനെയെങ്കില്‍ അപ്പു പറഞ്ഞ രീതിയില്‍ ചിന്തിക്കാം. അപ്പോള്‍ സബ്ജക്ടെന്നത് കാക്ക മാറി മരമാവുകയും ചെയ്യുമായിരുന്നു. മറ്റൊന്നുള്ളത്; ഇവിടെ കാക്കയേക്കാള്‍, പശ്ചാത്തലമാവുന്ന ആകാശമാണ്‌ കൂടുതല്‍ കാണുന്നത്, അപ്പോള്‍ കാക്കയിലേക്ക് കണ്ണുകളെ എത്തിക്കുവാന്‍ വിഗ്നെറ്റ് പോലെ എന്തെങ്കിലും ചിത്രത്തില്‍ ചേര്‍ക്കാമായിരുന്നു.

ഓഫ്: ഞാന്‍ ഫ്ലിക്കറില്‍ ചേര്‍ക്കുന്ന ചിത്രങ്ങളാണ്‌ ബ്ലോഗില്‍ ഉപയോഗിക്കുന്നത്. ഫ്ലിക്കര്‍ ബ്ലോക്ക് ചെയ്തിട്ടുള്ള ഇടങ്ങളില്‍ ആ ചിത്രം കിട്ടില്ലായിരിക്കാം.

Haree said...

ഞാനിവിടെയിട്ട ഒരു കമന്റ് കാണാനില്ലല്ലോ! സ്പാമില്‍ പോയോ!!!

ശ്രീലാല്‍ said...

പുണ്യാളൻ - വിനയൻ - വിമല്‍ - സെറീന ഇവരാണ് ഇത്തവണ എന്റെ ഹീറോസ് :)

Serial No :9(Vimal) - വിമലിന്റെ മിക്ക ചിത്രങ്ങളുടേതുപോലെ ഇതും വ്യത്യസ്ഥമായ ഒരു ഫീല്‍ തരുന്ന ചിത്രമാണ്. നീല പൂക്കളുടെ (?) ബാക്ഗ്രൌണ്ടാണ് ചിത്രത്തിന്റെ ജീവന്‍ .

Serial No : 04(പുണ്യാളൻ) - ഒരു പെയിന്റിംഗ് പോലെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു. തീരത്തെ പാറകളും ആ സ്റ്റെപ്പിനി തോണിയും ഇല്ലായിരുന്നെങ്കില്‍ ഒന്നുകൂടി ഉഷാറായേനെ. എന്തോ, തോണിയല്ല എനിക്ക് ആ ചിത്രത്തിലെ നായകന്‍ - തീരത്തെ മരങ്ങളാണ്.

Serial No : 05(വിനയൻ) - വളരെ വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം - വിനയനെപ്പോലെ തന്നെ സുന്ദരന്‍ ഫ്രെയിം :), നല്ല എക്സ്പോഷര്‍ , ബേക്കല്‍ കോട്ട ഫോട്ടോകളില്‍ കാണാത്ത ഒന്ന്. വിനയന്‍ ആഗ്രഹിച്ച പോലെ സീനിന് ചേര്‍ന്ന എലെമെന്റ്സ് ഒത്തു വരികയും ചെയ്തു - മഴ, കുട & ആളുകള്‍ :)

Serial No : 07(സെറീന) - ക്യാമറ കൊണ്ട് കവിതയെഴുതുന്നു. ഇത് കവിതയോ ചിത്രമോ എന്ന സംശയമാവും അനോണിയെ ചിന്തിപ്പിച്ചത് . (കവിത്രം - എങ്ങനുണ്ട്.. എങ്ങനുണ്ട്..? :) )

Anonymous said...

"കവിത്രം" ശ്രീലാലേ നീ അത് പള്ളിപോയി പറഞ്ഞാമതി :) ചിത്രങ്ങള്‍ക്കുള്ള ബ്ലോഗില്‍ ചിത്രങ്ങള്‍ പോരേ കവിത്രങ്ങള്‍ വേണോ?

Anonymous said...

അനോണി ഒന്നാം സുഹൃത്തേ ! കുറച്ചു കവിത്രം കൂടെ ആയാലും മല ഒന്നും ഇടിഞ്ഞു വീഴില്ല ! മോങ്ങാനിരുന്ന അനോനിടെ തലയില്‍ തേങ്ങാ വീണതാണോ ഇവിടെ പ്രശ്നം . അപ്പു കാര്യങ്ങള്‍ വിശദമായി പറഞ്ഞില്ലേ ?എന്നിട്ടും എന്താ ഈ മുറുമുറുപ്പ് . അടങ്ങിഷ്ടാ ! ഫോട്ടോ ക്ലബ്‌ സംരംഭം നമുക്കെല്ലാം ഒരു മുതല്കൂട്ടല്ലേ ? അത് നല്ല രീതിയില്‍ നടക്കട്ടെ !
സ്നേഹത്തോടെ അനോണി രണ്ടാം സുഹൃത്ത്

Anonymous said...

അനോണി രണ്ടാം സുഹൃത്തേ ഇവിടേ ആർക്കും ഒരു മുറുമുറുപ്പുമില്ല :) ഞാൻ ഒരു സംശയം ചോദിച്ചു അതിന് വൃത്തിയുള്ള ഒരു ഉത്തരം അപ്പു തന്നു. കൂട്ടത്തിൽ ഒരു ചോദ്യവും ചോദിച്ചു അതിന് ഞാൻ മറുപടിയെഴുതി.

ശ്രീലാലിന്റേ പക്ഷം “Serial No : 07(സെറീന) - ക്യാമറ കൊണ്ട് കവിതയെഴുതുന്നു. ഇത് കവിതയോ ചിത്രമോ എന്ന സംശയമാവും അനോണിയെ ചിന്തിപ്പിച്ചത് . (കവിത്രം - എങ്ങനുണ്ട്.. എങ്ങനുണ്ട്..? :) )“ എന്ന് അറിയിച്ചപ്പോ അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് മാത്രം.

അനോണി രണ്ടാം സുഹൃത്തേ എന്തായാലും ഞാൻ അടങ്ങി. ഇത് നല്ല രീതിയിൽ നടക്കട്ടേ. നല്ല രീതിയിൽ തന്നെയാണ് ഇത് നടക്കുന്നതും. അഭിപ്രായങ്ങൾക്ക് സഹിഷ്ണൂതയോടേ തന്നെയാണ് ഇതിന്റെ പിന്നണിയിലുള്ളവർ മറുപടി പറയുന്നതും. അപ്പോ ഈ ചർച്ചക്ക് വിരാമം. പുതിയ സൌഹൃദ മത്സരത്തിനുള്ള പോട്ടം പിടിക്കാൻ നോക്കട്ട് ;)

Yousef Shali said...

@ഹരീ.. ഇതൊരു പോസ് ചെയ്യിച്ചെടുത്ത ചിത്രമായിരുന്നെങ്കില്‍ നിഴലുകള്‍ എങ്ങിനെ ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കാമായിരുന്നു എന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു.